ഏഴര ലക്ഷത്തിലേറെ സന്ദർശകർ, 14 ലക്ഷത്തിന്റെ ഒറ്റപ്പരുന്ത്; റിയാദ് ഫാൽക്കൺ മേളക്ക് ഉജ്ജ്വല സമാപനം

2027ലെ അടുത്ത പതിപ്പിനായുള്ള മുന്നൊരുക്കങ്ങൾ നാഷണൽ ഫാൽക്കൺ സെന്റർ ആരംഭിച്ചു

Update: 2026-10-11 12:41 GMT

റിയാദ്: പത്തു ദിവസം നീണ്ടുനിന്ന വിസ്മയക്കാഴ്ചകൾക്ക് വിരാമമിട്ട് സൗദി അന്താരാഷ്ട്ര ഫാൽക്കൺ ആൻഡ് ഹണ്ടിങ് എക്‌സിബിഷന് ഉജ്ജ്വല സമാപനം. റിയാദിന് വടക്കുള്ള മൽഹമിലെ എക്‌സിബിഷൻ ആൻഡ് കൺവെൻഷൻ സെന്ററിൽ നടന്ന മേള കാണാൻ 7.64 ലക്ഷത്തിലധികം ആളുകളാണ് എത്തിയത്. 'എല്ലാവർക്കുമുള്ള ഒരിടം' എന്ന പ്രമേയത്തിൽ നാഷണൽ ഫാൽക്കൺ സെന്റർ സംഘടിപ്പിച്ച മേളയിൽ 47 രാജ്യങ്ങളിൽ നിന്നായി 1,446ലധികം പ്രദർശകരും 44 സർക്കാർ ഏജൻസികളും പങ്കെടുത്തു. പാരമ്പര്യ പൈതൃകവും സാഹസിക വിനോദങ്ങളും ഒത്തുചേർന്ന മേള പക്ഷിപ്രേമികൾക്കും സന്ദർശകർക്കും വേറിട്ട അനുഭവമാണ് സമ്മാനിച്ചത്.

Advertising
Advertising

രണ്ടു ലക്ഷം ചതുരശ്ര മീറ്റർ വിസ്തൃതിയിൽ ഒരുക്കിയ പവലിയനുകൾ സന്ദർശകരെ ഏറെ ആകർഷിച്ചു. ഫാൽക്കൺ പക്ഷികളുടെ 'അൽ മൽവാഹ്' റേസിൽ ആറു ദിവസങ്ങളിലായി 7.23 ലക്ഷം റിയാലിന്റെ സമ്മാനങ്ങളാണ് വിജയികൾക്ക് നൽകിയത്. ഒപ്പം നടന്ന മംഗോളിയൻ ഫാൽക്കൺ ലേലത്തിൽ 14 ലക്ഷം റിയാലിന് ഒരു പരുന്ത് വിറ്റുപോയി സർവകാല റെക്കോർഡിട്ടു. ലേലത്തിലെ ആകെ വ്യാപാരം ഏഴ് കോടി റിയാൽ കടന്നു. വേട്ടയാടൽ ഉപകരണങ്ങൾ, സഫാരി, കുതിര-ഒട്ടക സവാരി, ആയുധ പ്രദർശനം, പരമ്പരാഗത കരകൗശല വസ്തുക്കൾ എന്നിവയെല്ലാം പ്രദർശനത്തിന് മിഴിവേകി.

ഈ വർഷത്തെ മേള വൻ വിജയമായതോടെ 2027ലെ അടുത്ത പതിപ്പിനായുള്ള മുന്നൊരുക്കങ്ങൾ നാഷണൽ ഫാൽക്കൺ സെന്റർ ആരംഭിച്ചു കഴിഞ്ഞു. തദ്ദേശീയമായി പിടികൂടുന്ന പരുന്തുകൾക്കായുള്ള ലേലം നവംബർ 30 വരെ കേന്ദ്രത്തിൽ തുടരും. ഇതിനുപുറമെ, സ്വദേശികളും വിദേശികളുമായ പ്രമുഖ പക്ഷി വളർത്തുകാരെ അണിനിരത്തി നവംബർ 17 മുതൽ 30 വരെ നടക്കുന്ന കിങ് അബ്ദുൽ അസീസ് ഫാൽക്കൺ ഫെസ്റ്റിവലിനായുള്ള ഒരുക്കങ്ങളും വേഗത്തിൽ പുരോഗമിക്കുകയാണ്.

Tags:    

Writer - തമീം സിപി

Web Journalist

Editor - തമീം സിപി

Web Journalist

By - Gulf Desk

contributor

Similar News