റിയാദ് വിമാനത്താവള ആക്രമണം; പരിക്കേറ്റവരെ സന്ദർശിച്ച് സൗദി ആരോഗ്യ മന്ത്രി
വിവിധ ആശുപത്രികളിലായി 309 പേരാണ് ചികിത്സയിലുള്ളത്
റിയാദ്: കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെയുണ്ടായ ഹൂതി ആക്രമണത്തിൽ പരിക്കേറ്റവരെ സന്ദർശിച്ച് സൗദി ആരോഗ്യ മന്ത്രി ഫഹദ് അൽ ജലാജിൽ. ആശുപത്രിയിലെത്തിയ മന്ത്രി പരിക്കേറ്റവർക്ക് ലഭ്യമാകുന്ന ചികിത്സാ സൗകര്യങ്ങൾ നേരിട്ട് വിലയിരുത്തി. ഗുരുതരമായി പരിക്കേറ്റ രോഗികളുടെയടക്കം നിലവിലെ ആരോഗ്യസ്ഥിതിയും അവർക്ക് നൽകുന്ന വിദഗ്ധ ചികിത്സയും സംബന്ധിച്ച് മെഡിക്കൽ സംഘം മന്ത്രിക്ക് വിശദീരിച്ചു നൽകി. രാജ്യത്തെ ഭരണനേതൃത്വത്തിന്റെ പ്രത്യേക മാർഗനിർദേശപ്രകാരം, ഇവർക്ക് പൂർണ സുഖം പ്രാപിക്കുന്നത് വരെ സാധ്യമായ എല്ലാ മികച്ച പരിചരണവും ഉറപ്പാക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ഇന്നലെ ഉച്ചയോടെ വിമാനത്താവളത്തിന് നേരെയുണ്ടായ ആക്രമണത്തിൽ 12 പേർ കൊല്ലപ്പെടുകയും 309 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ അറിയിച്ചിരുന്നു. കൊല്ലപ്പെട്ടവരിൽ 4 സൗദി പൗരന്മാരും 8 വിദേശികളുമാണ് ഉൾപ്പെടുന്നത്. വിദേശികളിൽ അമേരിക്ക, ഈജിപ്ത്, ജോർദാൻ, സിറിയ, ഫലസ്തീൻ, സുഡാൻ എന്നീ രാജ്യങ്ങളിൽ നിന്നുള്ള ഓരെ പൗരന്മാരും രണ്ട് ബംഗ്ലാദേശ് പൗരൻമാരും ഉൾപ്പെടുന്നു. വിവിധ ആശുപത്രികളിലായി ചികിത്സയിൽ കഴിയുന്നവരുടെ അടിയന്തര ആവശ്യങ്ങൾ നിറവേറ്റുന്നതിനും ആരോഗ്യ സേവനങ്ങൾ കാര്യക്ഷമമായി നൽകുന്നതിനുമാണ് മന്ത്രി നേരിട്ടെത്തിയത്. ആക്രമണത്തിൽ വിമാനത്താവളത്തിനുണ്ടായ ഭൗതിക നാശനഷ്ടങ്ങൾ സംബന്ധിച്ച വിലയിരുത്തൽ പുരോഗമിക്കുകയാണെന്നും അധികൃതർ അറിയിച്ചു.