റിയാദ് വിമാനത്താവള ആക്രമണം: ഉംറയ്ക്കെത്തിയ ബംഗ്ലാദേശി അധ്യാപകന് ദാരുണാന്ത്യം
ഈ ആക്രമണത്തിൽ ഇദ്ദേഹത്തിന്റെ സംഘത്തിലെ ഒമ്പത് പേർക്ക് പരിക്കേറ്റിട്ടുണ്ട്
റിയാദ്: റിയാദ് കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിലുണ്ടായ ഹൂതി ആക്രമണത്തിൽ ഉംറ നിർവഹിക്കാനെത്തിയ ബംഗ്ലാദേശി അധ്യാപകന് ദാരുണാന്ത്യം. ധാക്കയ്ക്കടുത്ത ജാമിയ അറബിയ ദാറുൽ ഉലൂം മദ്രസയിലെ ഡെപ്യൂട്ടി ഡയറക്ടറായ 35കാരൻ ഹാഫിസ് മുഫ്തി മുഹമ്മദ് നസ്റുല്ലയാണ് കൊല്ലപ്പെട്ടത്. വിമാനത്താവളത്തിൽ വെച്ചേറ്റ പരിക്കുകളെ തുടർന്നായിരുന്നു അന്ത്യം.
രണ്ടാഴ്ചത്തെ ഉംറ യാത്രയ്ക്കായി അധ്യാപകരും വിദ്യാർഥികളും ഉൾപ്പെടെ സ്ഥാപനത്തിലെ 45 അംഗ സംഘത്തോടൊപ്പമാണ് അദ്ദേഹം സൗദിയിലെത്തിയത്. മക്കയിലേക്കുള്ള കണക്ടിങ് വിമാനത്തിനായി വിമാനത്താവളത്തിൽ കാത്തുനിൽക്കുമ്പോഴായിരുന്നു ആക്രമണം ഉണ്ടായത്. ഈ ആക്രമണത്തിൽ ഇദ്ദേഹത്തിന്റെ സംഘത്തിലെ ഒമ്പത് പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇതിൽ പലരുടെയും നില ഗുരുതരമാണെന്നാണ് വിവരം. ഭാര്യയും ഏഴും അഞ്ചും രണ്ടും വയസ്സുള്ള മൂന്ന് മക്കളുമടങ്ങുന്നതാണ് അദ്ദേഹത്തിന്റെ കുടുംബം. പുണ്യഭൂമിയിലെത്തി ഉംറ നിർവഹിക്കാനുള്ള യാത്രയ്ക്കിടെ സംഭവിച്ച ഈ ദാരുണ ദുരന്തത്തിന്റെ നടുക്കത്തിലാണ് സ്ഥാപനത്തിലെ വിദ്യാർഥികളും സഹപ്രവർത്തകരും.
അതേസമയം, റിയാദ് വിമാനത്താവളത്തിന് നേരെയുണ്ടായ ആക്രമണത്തെ ബംഗ്ലാദേശ് വിദേശകാര്യ മന്ത്രാലയം ശക്തമായി അപലപിച്ചു. പരിക്കേറ്റവർക്ക് ആവശ്യമായ ചികിത്സയും ദുരിതബാധിതരായ കുടുംബങ്ങൾക്ക് ആവശ്യമായ സഹായങ്ങളും ഉറപ്പാക്കാൻ റിയാദിലെ ബംഗ്ലാദേശ് എംബസി അടിയന്തര നടപടികൾ സ്വീകരിച്ചുവരികയാണ്.