വിദ്യാഭ്യാസ രംഗത്തെ കൃത്രിമബുദ്ധി: സൗദിയുടെ 'എഐ സാൻഡ്ബോക്സ്' പദ്ധതി ലോകരാജ്യങ്ങൾക്ക് പിന്തുടരാവുന്ന മാതൃകയെന്ന് ലോകബാങ്ക്
സുരക്ഷിതമായ അന്തരീക്ഷത്തിൽ എഐ സാങ്കേതികവിദ്യകൾ പരീക്ഷിച്ച് വിജയിപ്പിക്കാൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഗവേഷകർക്കും ഇതിലൂടെ സാധിക്കുന്നുണ്ട്.
റിയാദ്: വിദ്യാഭ്യാസ രംഗത്ത് കൃത്രിമബുദ്ധി വിജയകരമായി നടപ്പിലാക്കിയ സൗദി അറേബ്യയുടെ മാതൃക ലോകരാജ്യങ്ങൾക്ക് പിന്തുടരാവുന്ന ഒന്നാണെന്ന് പ്രശംസിച്ച് ലോകബാങ്ക്. നാഷണൽ സെന്റർ ഫോർ ഇ-ലേണിങിന്റെ നേതൃത്വത്തിൽ സൗദി നടപ്പിലാക്കിയ 'എഐ സാൻഡ്ബോക്സ്' എന്ന പദ്ധതിയെക്കുറിച്ചുള്ള പ്രത്യേക പഠനത്തിലാണ് ലോകബാങ്ക് ഇക്കാര്യം വ്യക്തമാക്കിയത്. കേവലം സാങ്കേതികവിദ്യ പരീക്ഷിക്കുന്നതിനപ്പുറം, ഡിജിറ്റൽ വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം ഉയർത്താനും ഭാവി തലമുറയുടെ തൊഴിൽക്ഷമത വർധിപ്പിക്കാനും സഹായിക്കുന്ന സമഗ്രമായ ഒരു സംവിധാനമാണ് രാജ്യം ഒരുക്കിയിരിക്കുന്നത്. സുരക്ഷിതമായ അന്തരീക്ഷത്തിൽ എഐ സാങ്കേതികവിദ്യകൾ പരീക്ഷിച്ച് വിജയിപ്പിക്കാൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഗവേഷകർക്കും ഇതിലൂടെ സാധിക്കുന്നുണ്ട്.
വിദ്യാഭ്യാസ മന്ത്രാലയം, സൗദി ഡാറ്റ ആൻഡ് എഐ അതോറിറ്റി , നിക്ഷേപ മന്ത്രാലയം തുടങ്ങി വിവിധ സർക്കാർ സ്ഥാപനങ്ങളുടെ ഏകോപനത്തോടെയാണ് ഈ പദ്ധതി സൗദിയിൽ മുന്നോട്ട് പോകുന്നത്. വിജ്ഞാന ഉൽപാദനത്തിനും പുതിയ പങ്കാളിത്തങ്ങൾക്കും വഴിയൊരുക്കുന്ന ഈ സൗദി മാതൃക ഉത്തരവാദിത്തമുള്ള സാങ്കേതികവിദ്യാ മുന്നേറ്റത്തിന് മികച്ച ഉദാഹരണമാണ്. കൃത്രിമബുദ്ധി വിദ്യാഭ്യാസത്തിൽ എങ്ങനെ സുരക്ഷിതമായി ഉപയോഗിക്കാം എന്ന കാര്യത്തിൽ പ്രാദേശിക തലത്തിലും അന്തർദ്ദേശീയ തലത്തിലും ഒരു മാതൃകാ റഫറൻസായി മാറാൻ സൗദി അറേബ്യക്ക് സാധിച്ചിട്ടുണ്ടെന്നും ഭാവിയിലെ ഡിജിറ്റൽ വിദ്യാഭ്യാസ മുന്നേറ്റങ്ങൾക്ക് ഈ പദ്ധതി ശക്തമായ അടിത്തറ പാകിയതായും ലോകബാങ്ക് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.