വർക്ക് പെർമിറ്റ് ഇല്ലാതെ 5 തൊഴിലാളികൾ പിടിയിലായി; ദുബൈയിൽ സലൂൺ അടച്ചുപൂട്ടി
ഉടമക്ക് 50,000 ദിർഹം പിഴ
ദുബൈ: വർക്ക് പെർമിറ്റ് ഇല്ലാതെ 5 തൊഴിലാളികൾ പിടിയിലായതിനെ തുടർന്ന് ദുബൈയിൽ സലൂൺ അടച്ചുപൂട്ടി. വനിതാ സലൂണാണ് പൂട്ടിയത്. അഞ്ച് വനിതാ തൊഴിലാളികൾ ഔദ്യോഗിക വർക്ക് പെർമിറ്റ് ഇല്ലാതെ പ്രവർത്തിക്കുന്നുണ്ടെന്ന് പരിശോധനയിൽ അധികൃതർ കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. തൊഴിൽ, താമസ ലംഘനങ്ങളും കണ്ടെത്തി. തന്റെ സ്‌പോൺസർഷിപ്പിന് കീഴിലല്ലാത്ത തൊഴിലാളികളെ ജോലിക്കെടുത്തതിന് ഉടമക്ക് 50,000 ദിർഹം പിഴ ചുമത്തി. പെർമിറ്റില്ലാതെ ജോലി ചെയ്തതിന് എല്ലാ തൊഴിലാളികൾക്കും കോടതി പിഴ ചുമത്തി. രണ്ട് അധിക താമസക്കാർക്ക് ഒരു മാസം തടവോ നിയമവിരുദ്ധ താമസത്തിന് ബദൽ പിഴയോ വിധിച്ചു, അവരെ നാടുകടത്താനും ഉത്തരവിട്ടു.
സലൂൺ ഉടമ മറ്റൊരു സ്ഥാപനവുമായി ബന്ധപ്പെട്ട വർക്ക് പെർമിറ്റിൽ താമസിച്ചിരുന്നുവെങ്കിലും ഒന്നര വർഷമായി സ്വതന്ത്രമായി സലൂൺ നടത്തിവരികയാണെന്ന് അന്വേഷണത്തിൽ കണ്ടെത്തി. സ്‌പോൺസർഷിപ്പുകൾ കൈമാറുകയോ ആവശ്യമായ വർക്ക് പെർമിറ്റുകൾ നേടുകയോ ചെയ്യാതെയാണ് അഞ്ച് തൊഴിലാളികളെ ഇവർ ജോലിക്കെടുത്തതതെന്നും തിരിച്ചറിഞ്ഞു.
അഞ്ച് തൊഴിലാളികളും സന്ദർശന വിസയിലാണ് യുഎഇയിൽ എത്തിയതെന്ന് അന്വേഷണത്തിൽ കണ്ടെത്തി. രണ്ടുപേർ വിസ പുതുക്കാതെയോ പിഴ അടയ്ക്കാതെയോ താമസിക്കുകയായിരുന്നു. ബാക്കി മൂന്ന് പേർ സന്ദർശന വിസകളുമായി നിയമവിരുദ്ധമായി ജോലി ചെയ്യുകയായിരുന്നു.