അൽ ഐൻ പുസ്തകോത്സവത്തിന് ഇന്ന് തുടക്കം
അൽ ഐൻ സ്‌ക്വയർ - ഹസ്സ ബിൻ സായിദ് സ്റ്റേഡിയത്തിൽ നവംബർ 30 വരെയാണ് പരിപാടി
അൽ ഐൻ: 16ാമത് അൽ ഐൻ പുസ്തകോത്സവത്തിന് ഇന്ന് തുടക്കം. നവംബർ 30 വരെയാണ് പരിപാടി. അബൂദബി അറബിക് ലാംഗ്വേജ് സെന്ററി (ALC)ന്റെ ആഭിമുഖ്യത്തിൽ അൽ ഐൻ സ്‌ക്വയർ - ഹസ്സ ബിൻ സായിദ് സ്റ്റേഡിയത്തിലാണ് പുസ്തകോത്സവം. അൽ ഐൻ ഭരണാധികാരിയുടെ പ്രതിനിധിയായ ശൈഖ് ഹസ്സ ബിൻ സായിദ് അൽ നഹ്‌യാൻ രക്ഷാകർതൃത്വം വഹിക്കും. സാഹിത്യം, കവിത, സർഗാത്മകത എന്നീ രംഗങ്ങളിലെ പരിപാടികൾ ഫെസ്റ്റിവലിൽ നടക്കും.
ഹസ്സ ബിൻ സായിദ് സ്റ്റേഡിയത്തിലെ പ്രധാന വേദിക്ക് പുറമേ, ഖസർ അൽ മുവൈജി, വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയുൾപ്പെടെ അൽ ഐനിലുടനീളമുള്ള പ്രമുഖ സാംസ്‌കാരിക കേന്ദ്രങ്ങളിലും പരിപാടികൾ നടക്കും.
ഈ വർഷത്തെ ഏറ്റവും പ്രധാനപരിപാടികളിലൊന്ന് അൽ ഐൻ സ്‌ക്വയറിലെ ഫ്ളേവർഫുൾ നൈറ്റ്സാണ്. അൽ ഐൻ സ്പോർട്സ് ആൻഡ് കൾച്ചറൽ ക്ലബ്ബുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന 'ഓൺ ദി പാത്ത് ഓഫ് നോളജ്, വി ഗാതർ' പരിപാടിയും സുപ്രധാനമാണ്.
'പോയട്രി നൈറ്റ്സ്: ദി സംഗ് വേഡ്' നാലാം പതിപ്പ് ഖസർ അൽ മുവൈജിയിൽ നടക്കും. എട്ട് ദിവസം വൈകുന്നേരങ്ങളിൽ നടക്കുന്ന പരിപാടിയിൽ പ്രമുഖ ഇമാറാത്തി, ഗൾഫ് കവികൾ പങ്കെടുക്കും. സാഹിത്യ-വിജ്ഞാന സെഷനുകൾ, സാംസ്‌കാരിക സംവാദങ്ങൾ, പ്രകടനങ്ങൾ, പൈതൃക പരിപാടികൾ, കുട്ടികളുടെ പരിപാടികൾ എന്നിങ്ങനെ 200-ലധികം പരിപാടികൾ പുസ്തകോത്സവത്തിന്റെ ഭാഗമായി നടക്കും.
ഈ വർഷം പ്രസാധകരുടെ എണ്ണത്തിൽ 10 ശതമാനം വർധനവ് ഉണ്ടായിട്ടുണ്ട്. 220 പേരാണ് പങ്കെടുക്കുന്നത്. ഇവരിൽ 18 ശതമാനം പേർ ആദ്യമായി പങ്കെടുക്കുന്നവരാണ്.