എഐ അക്കാദമി, ഡിജിഒ ആപ്പടക്കം പ്രഖ്യാപനങ്ങൾ: ആറാം വാർഷികം ആഘോഷിച്ച് ഡെൽറ്റ ഇന്റർനാഷണൽ
ഗൾഫ് രാജ്യങ്ങളിലേക്ക് വ്യാപനവും ഡെൽറ്റയുടെ പദ്ധതിയിൽ ഉൾപ്പെടുന്നു
ദുബെ: യുഎഇയിലെ ആദ്യ ട്രേഡിംഗ് അക്കാദമിയായ ഡെൽറ്റ ഇന്റർനാഷണൽ മാനേജ്‌മെന്റ് ഡെവലപ്‌മെന്റ് ട്രെയിനിങ്ങിന്റെ ആറാം വാർഷികം ജൂൺ 28ന് ദുബെ ദേര ക്രീക്കിലുള്ള റാഡിസൺ ബ്ലൂ ഹോട്ടലിൽ ആഘോഷങ്ങളോടും ചരിത്രപ്രധാനമായ പ്രഖ്യാപനങ്ങളോടും കൂടി ആഘോഷിച്ചു. സ്ഥാപകരായ സഫീർ, സഫ്‌വാൻ, മുഹ്‌സിൻ എന്നിവരുടെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ എഐ (AI) അക്കാദമി, ഡി ലീഗൽ (D Legal), ഡിജിഒ (DGO) ആപ്പ് എന്നിവയുടെ ഔദ്യോഗിക ലോഞ്ചും ബഹ്‌റൈൻ, സൗദി അറേബ്യ, ഒമാൻ, ഖത്തർ എന്നീ ഗൾഫ് രാജ്യങ്ങളിലേക്കുള്ള വ്യാപനവും പ്രഖ്യാപിച്ചു.
വൈകിട്ട് 5 മണി മുതൽ 9 മണി വരെ നീണ്ട ചടങ്ങ് ചീഫ് ഗസ്റ്റ് അവാർഡ് സെറിമണിയോടെ ആരംഭിച്ചു. ഡെൽറ്റയുടെ യാത്ര വിവരിക്കുന്ന പ്രത്യേക വീഡിയോ പ്രദർശനം, സ്ഥാപകരുടെ പ്രസംഗം, ചീഫ് മെന്റർ പാനൽ ചർച്ച, വിദ്യാർഥികളുടെ ഗ്രാജ്വേഷൻ സെറിമണി, എക്‌സലൻസ് അവാർഡ്, ഡെൽറ്റ കിംഗ് ആൻഡ് ക്വീൻ റാംപ് വാക്ക് എന്നിവ ചടങ്ങിന്റെ ഭാഗമായി അരങ്ങേറി. പ്രതിവർഷം 5,000 വിദ്യാർഥികൾക്ക് പ്രവേശനം നൽകുന്ന ഇംഗ്ലീഷ് അക്കാദമിയുടെ നേട്ടങ്ങളും ഈ അവസരത്തിൽ ആഘോഷിക്കപ്പെട്ടു.
ഗൾഫ് രാജ്യങ്ങളിലേക്കുള്ള ഡെൽറ്റയുടെ ഫിസിക്കൽ വ്യാപനം സ്ഥാപകൻ മുഹ്‌സിൻ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. എഐ അക്കാദമിയുടെയും ഡിജിഒ ആപ്പിന്റെയും ലോഞ്ച് സ്ഥാപകൻ സഫ്‌വാൻ നിർവഹിച്ചപ്പോൾ ഡി ലീഗലിന്റെ ഔദ്യോഗിക ലോഞ്ച് സഫീർ നിർവഹിച്ചു.
ഡെൽറ്റ ഇന്റർനാഷണൽ മാനേജ്‌മെന്റ് ഡെവലപ്‌മെന്റ് ട്രെയിനിങ്
യുഎഇയിൽ ആദ്യമായി സ്ഥാപിതമായ ട്രേഡിംഗ് അക്കാദമിയാണ് ഡെൽറ്റ ഇന്റർനാഷണൽ മാനേജ്‌മെന്റ് ഡെവലപ്‌മെന്റ് ട്രെയിനിങ്. ആറ് വർഷത്തെ പ്രവർത്തനത്തിലൂടെ ദുബായിലെ ഏറ്റവും വലിയ ട്രേഡിംഗ് ഹബ് എന്ന സ്ഥാനം കരസ്ഥമാക്കിയ ഡെൽറ്റ, ദുബായ്‌സ് ബെസ്റ്റ് ട്രേഡിംഗ് അക്കാദമി, ബെസ്റ്റ് ഫോറക്‌സ് അക്കാദമി ഓഫ് ദ ഇയർ, ബെസ്റ്റ് ബ്ലോക്ക്‌ചെയിൻ ആൻഡ് ക്രിപ്‌റ്റോ എഡ്യൂക്കേറ്റേഴ്‌സ് എന്നീ അവാർഡുകൾ സ്വന്തമാക്കിയിരുന്നു. 63 ദേശക്കാരായ ട്രേഡർമാരെ ഒരേ സമയം ഒരേ ഹാളിൽ ഒന്നിപ്പിച്ച് ഗിന്നസ് വേൾഡ് റെക്കോർഡും ഡെൽറ്റ സ്വന്തമാക്കിയിട്ടുണ്ട്. ക്രിപ്‌റ്റോ, എഐ, ഫോറക്‌സ് തുടങ്ങിയ മേഖലകളിൽ മികച്ച സാങ്കേതിക വിദ്യാഭ്യാസം പ്രദാനം ചെയ്യുന്ന ഡെൽറ്റ ഇപ്പോൾ ഗൾഫ് മേഖലയൊട്ടാകെ വ്യാപിക്കുകയാണ്.