ദുബൈയിൽ വ്യാജൻ വിൽക്കുന്നവർ ജാഗ്രതൈ​; കാത്തിരിക്കുന്നത്​ വൻ ശിക്ഷ

10 ലക്ഷം ദിർഹം പിഴയും 2 വർഷം തടവും ശിക്ഷ

Update: 2026-07-07 07:20 GMT

ദുബൈ: വ്യാജ ഉൽപന്നങ്ങൾ വിൽക്കുന്നവരും പ്രചരിപ്പിക്കുന്നവരും സ്​റ്റോക്ക്​ ചെയ്യുന്നവരും സൂക്ഷിക്കുക. കാത്തിരിക്കുന്നത്​ വൻ പി​ഴയും ജയിൽ വാസവും. പത്ത്​ ലക്ഷം ദി​ർഹം വരെ പിഴയും രണ്ട്​ വ​ർഷം വരെ തടവും ശിക്ഷ ലഭിക്കാൻ സാധ്യതയുണ്ട്​. യുഎഇ ​ഫെഡറൽ നിയമ പ്രകാരമാണ്​ ഓൺലൈനിലും നേരിട്ടും വ്യാജ, ഡ്യൂപ്ലിക്കേറ്റ്​ ഉൽപന്നങ്ങൾ വിൽക്കുന്നവർക്കും പ്രചരിപ്പിക്കുന്നവർക്കും സ്​റ്റോക്ക്​ ചെയ്യുന്നവർക്കും കടുത്ത ശിക്ഷ നൽകുക.

ഉപഭോക്​താക്കളുടെ സുരക്ഷയും അവകാശങ്ങളും ഉറപ്പാക്കുന്നതിനൊപ്പം ശരിയായ വിപണി ക്രമീകരണങ്ങൾക്കുമായാണ്​ അധികൃതർ കർശന നടപടി സ്വീകരിക്കുന്നത്​. വ്യാജ ഉൽപന്നങ്ങൾ ഓൺലൈൻ വഴിയോ ഷോപ്പിൽ നിന്നോ ലഭിക്കുന്നവർ അധികൃതരെ അറിയിക്കണമെന്നും നിർദേശമുണ്ട്​. വ്യാജ, ഡ്യൂപ്ലിക്കേറ്റ്​ ഉൽപന്നങ്ങൾ ഒഴിവാക്കുന്നതിന്​ വിശ്വാസ്യതയുള്ള സ്ഥാപനങ്ങളിൽ നിന്നും വേരിഫൈ ചെയ്ത ഓൺലൈൻ പ്ലാറ്റ്ഫോമുകളിൽ നിന്നും മാത്രം ഉൽപന്നങ്ങൾ വാങ്ങാൻ ശ്രദ്ധിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്​. സോഷ്യൽ മീഡിയയിലെയും ഓൺലൈനിലെയും ലൈസൻസില്ലാത്ത വ്യാപാരികളിൽ നിന്ന്​ ഉൽപന്നങ്ങൾ വാങ്ങുന്നതിൽ നിന്ന്​ വിട്ടുനിൽക്കണം. യുഎഇ നിയമപ്രകാരം വ്യാജ--ഡ്യൂപ്ലിക്കേറ്റ്​ ഉൽപന്നങ്ങളുടെ ഇറക്കുമതി, ഉൽപാദനം, വിൽപന, സ്​റ്റോർ ചെയ്യൽ, പ്രചാരണം, ചരക്കുനീക്കം എന്നിവയെല്ലാം ക്രിമിനൽ കുറ്റമാണ്​.

ഇത്തരത്തിലുള്ള വാണിജ്യ തട്ടിപ്പുകൾ പൊതുജനാരോഗ്യത്തിനും സുരക്ഷക്കും വലിയ രീതിയിൽ ഭീഷണി ഉയർത്തും. ഉപഭോക്​താക്കൾ തട്ടിപ്പിന്​ ഇരയാകുന്നതിനൊപ്പം ഭക്ഷ്യ വസ്തുക്കൾ, മരുന്നുകൾ, സൗന്ദര്യവർധക ഉൽപന്നങ്ങൾ എന്നിവയുടെ വ്യാജന്‍റെ ഉപയോഗം വലിയ പ്രശ്നങ്ങളും സൃഷ്ടിക്കും.

Tags:    

Writer - എൻ. കെ ഷാദിയ

contributor

Editor - എൻ. കെ ഷാദിയ

contributor

By - Web Desk

contributor

Similar News