മാലിന്യം കുറക്കാൻ സർക്കിൾ ദുബൈ പദ്ധതിയുമായി ദുബൈ മുനിസിപ്പാലിറ്റി

ഓരോ വ്യക്തിയുടെയും പ്രതിദിന മാലിന്യം 2.2 കിലോയിൽ നിന്ന് 1.76 ആക്കി കുറക്കുക ലക്ഷ്യം

Update: 2025-10-27 14:19 GMT
Editor : Mufeeda | By : Web Desk

ദുബൈ: മാലിന്യം കുറക്കുന്നതിന് ​സർക്കിൾ ദുബൈ പദ്ധതിയുമായി ദുബൈ മുനിസിപ്പാലിറ്റി. നിലവിൽ പ്രതിദിനം ഓരോ വ്യക്തിയും 2.2 കിലോ മാലിന്യമാണ് പുറന്തള്ളുന്നത്. ഇത് 1.76 കിലോ ആക്കി കുറക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.

ലോകത്ത് ഏറ്റവും കൂടുതൽ മാലിന്യം ഉൽപാദിപ്പിക്കുന്ന നഗരങ്ങളിലൊന്നാണ് ദുബൈ. പ്രതിദിനം ഏകദേശം 13,000 ടൺ മാലിന്യമാണ് ഇവിടെ നിന്ന് ശേഖരിക്കപ്പെടുന്നത്. സർക്കിൾ ദുബൈ വഴി, മാലിന്യ ഉൽപാദനം കുറക്കുകയും പുനരുപയോഗ നിരക്ക് വർധിപ്പിക്കുകയും ചെയ്യുമെന്ന് അധികൃതർ വ്യക്തമാക്കി.

പദ്ധതിയുടെ ഭാഗമായി, പൊതു-പാർപ്പിട മേഖലകളിൽ കൂടുതൽ സ്മാർട്ട് പുനരുപയോഗ ബിന്നുകൾ സ്ഥാപിക്കും. മാലിന്യം ഉറവിടത്തിൽ തന്നെ വേർതിരിക്കുന്നത് പ്രോത്സാഹിപ്പിക്കാൻ സ്ഥാപനങ്ങൾക്ക് ശേഖരണ കണ്ടെയ്നറുകൾ വിതരണം ചെയ്യും.

Advertising
Advertising

ദുബൈ ഇന്റഗ്രേറ്റഡ് വേസ്റ്റ് മാനേജ്മെന്റ് സ്ട്രാറ്റജി 2041-ന്റെ ഭാഗമാണ് ഈ പദ്ധതിയെന്ന് മുനിസിപ്പാലിറ്റി വേസ്റ്റ് സ്ട്രാറ്റജി ആൻഡ് പ്രോജക്ട്സ് ഡിപ്പാർട്ട്മെന്റ് ഡയറക്ടർ മുഹമ്മദ് അൽറഈസ് അറിയിച്ചു. 2041-ഓടെ മാലിന്യം 18 ശതമാനം കുറക്കുകയും ഖരമാലിന്യം 100 ശതമാനം ലാൻഡ്ഫില്ലുകളിൽ നിന്ന് വഴിതിരിച്ചുവിടുമെന്നും അദ്ദേഹം വിശദീകരിച്ചു.

പദ്ധതിയുടെ ലക്ഷ്യങ്ങൾ കൈവരിക്കാൻ ദുബൈ ഹോൾഡിങ്, ഇമാർ തുടങ്ങിയ പ്രമുഖ സ്ഥാപനങ്ങളുടെ പിന്തുണയോടെ വിദ്യാഭ്യാസം, വാണിജ്യം, റിയൽ എസ്റ്റേറ്റ് തുടങ്ങിയ ഒമ്പത് പ്രധാന മേഖലകളുമായി ദുബൈ മുനിസിപ്പാലിറ്റി സഹകരണം ശക്തമാക്കും. ലക്ഷ്യങ്ങൾ കൈവരിക്കാൻ സാമൂഹിക പങ്കാളിത്തം നിർണായകമാണെന്നും അൽറഈസ് കൂട്ടിച്ചേർത്തു. ‌

Tags:    

Writer - Mufeeda

contributor

Editor - Mufeeda

contributor

By - Web Desk

contributor

Similar News