ദുബൈയെ ലോകത്തിലെ ഏറ്റവും മികച്ച നഗരമാക്കും; പദ്ധതികൾക്കും നയങ്ങൾക്കും അംഗീകാരം
ദുബൈ എക്‌സിക്യൂട്ടീവ് കൗൺസിൽ യോഗത്തിലായിരുന്നു അംഗീകാരം
ദുബൈയെ ലോകത്തിലെ ഏറ്റവും മികച്ച നഗരമാക്കാനുള്ള പദ്ധതികൾക്കും നയങ്ങൾക്കും അംഗീകാരം നൽകി ദുബൈ കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ദുബൈ എക്‌സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് ആൽ മക്തൂം. ദുബൈയെ ലോകത്തിലെ ഏറ്റവും മനോഹരവും നന്നായി ജീവിക്കാൻ കഴിയുന്നതും ആരോഗ്യകരവുമായ നഗരങ്ങളിലൊന്നാക്കി മാറ്റാൻ സഹായിക്കുന്ന പദ്ധതികൾക്കും നയങ്ങൾക്കും കഴിഞ്ഞ ദിവസമാണ് അംഗീകാരം നൽകിയത്. യുഎഇ വാർഷിക ഗവൺമെന്റ് മീറ്റിംഗ്‌സ് 2025 ന്റെ ഭാഗമായി നടന്ന ദുബൈ എക്‌സിക്യൂട്ടീവ് കൗൺസിൽ യോഗത്തിലായിരുന്നു അംഗീകാരം.
പൊതു പാർക്കുകളും പച്ചപ്പ് നയവും, ഏവിയേഷൻ ടാലന്റ് 33 ഇനീഷ്യേറ്റീവ്, താങ്ങാനാവുന്ന നിരക്കുള്ള സ്‌കൂളുകൾ വികസിപ്പിക്കാനും പ്രോത്സാഹിപ്പിക്കാനുമുള്ള നയം, സ്‌പോർട്‌സ് സെക്ടർ സ്ട്രാറ്റജിക് പ്ലാൻ 2033, സാമ്പത്തിക പുനഃസംഘടന, രോഗം നേരത്തെ കണ്ടെത്താനുള്ള ആരോഗ്യ സേവനങ്ങളുടെ വിപുലീകരണം തുടങ്ങിയ രംഗങ്ങളിലെ പദ്ധതികളാണ് അംഗീകരിച്ചത്. എക്‌സിക്യൂട്ടീവ് കൗൺസിൽ യോഗത്തിൽ ശൈഖ് ഹംദാൻ അധ്യക്ഷത വഹിച്ചു.
പബ്ലിക് പാർക്കുകൾക്കും ഹരിതവൽക്കരണ നയത്തിനുമായി 1830 കോടി ദിർഹത്തിന്റെ ബജറ്റ് എക്‌സിക്യൂട്ടീവ് കൗൺസിൽ അംഗീകരിച്ചു. 310 പുതിയ പാർക്കുകൾ, 322 പാർക്കുകളുടെ നവീകരണം, 120 പുതിയ ഓപ്പൺ സ്‌പേസുകൾ, 14 സാങ്കേതിക പദ്ധതികൾ എന്നിവയുൾപ്പെടെ 800-ലധികം പദ്ധതികൾ ഈ നയത്തിൽ ഉൾപ്പെടുന്നു.
2040 ആകുമ്പോഴേക്കും ദുബൈയിലെ വാർഷിക പാർക്ക് സന്ദർശനങ്ങൾ 9.5 കോടിയായി ഉയർത്തുക, മരങ്ങളുടെ എണ്ണം മൂന്നിരട്ടിയാക്കുക, ഒരാൾക്ക് 11 ചതുരശ്ര മീറ്റർ എന്ന കണക്കിൽ 187 ചതുരശ്ര കിലോമീറ്റർ പച്ചപ്പുണ്ടാക്കുക, ജലസേചനത്തിനായി 100% പുനരുപയോഗം ചെയ്ത വെള്ളം ഉപയോഗിക്കുക എന്നിവയാണ് പദ്ധതികളുടെ ലക്ഷ്യം. ദുബൈയിലെ 80% നിവാസികൾക്കും ആരോഗ്യകരമായ ജീവിതം ഉറപ്പാക്കാൻ സമീപത്ത് പാർക്കുകൾ ലഭ്യമാക്കാനും പദ്ധതി ലക്ഷ്യമിടുന്നു.
ലോകത്തിന്റെ വ്യോമയാന തലസ്ഥാനമെന്ന നിലയിൽ ദുബൈയുടെ സ്ഥാനം ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയുള്ളതാണ് ഏവിയേഷൻ ടാലന്റ് 33 ഇനീഷേറ്റീവ്. ആൽ മക്തൂം അന്താരാഷ്ട്ര വിമാനത്താവളം ഉൾപ്പെടെ ദുബൈയിലെ വിമാനത്താവളങ്ങളിൽ ലോകോത്തര പ്രവർത്തനങ്ങൾക്ക് വഴിയൊരുക്കുകയാണ് സംരംഭത്തിന്റെ ലക്ഷ്യം. നേതൃപദവികളിൽ എമിറേറ്റൈസേഷൻ, 15,000-ത്തിലധികം തൊഴിലവസരങ്ങൾ, 4,000-ത്തിലധികം പരിശീലന, നൈപുണ്യ വികസന അവസരങ്ങൾ, വ്യോമയാന കമ്പനികളുമായി 30-ലധികം തന്ത്രപരമായ പങ്കാളിത്തങ്ങൾ എന്നിവ പ്രധാന ലക്ഷ്യങ്ങളാണ്.
താങ്ങാനാവുന്ന നിരക്കും ഉയർന്ന നിലവാരവുമുള്ള സ്‌കൂളുകൾ വികസിപ്പിക്കാനുള്ള നയത്തിന് എക്‌സിക്യൂട്ടീവ് കൗൺസിൽ അംഗീകാരം നൽകി. വിദ്യാഭ്യാസ നിലവാരത്തിൽ ലോകത്തിലെ മികച്ച പത്ത് നഗരങ്ങളിൽ ഇടം നേടുകയാണ് ലക്ഷ്യം. ദുബൈ എഡ്യുക്കേഷൻ സ്ട്രാറ്റജി 2033 ന് അനുസൃതമായാണ് നടപടി.
2033 ഓടെ താങ്ങാനാവുന്ന നിരക്കുള്ള ഏകദേശം 60 പുതിയ സ്‌കൂളുകൾ കൊണ്ടുവരിക, ഏകദേശം 1,20,000 പുതിയ സീറ്റുകൾ കൂട്ടിച്ചേർക്കുക എന്നതാണ് നയത്തിന്റെ ലക്ഷ്യം. പുതിയ സ്വകാര്യ സ്‌കൂളുകൾ സ്ഥാപിക്കാൻ നിക്ഷേപകരെ പ്രോത്സാഹിപ്പിക്കാനായി ഗവൺമെൻറ് ഫീസ് കുറയ്ക്കുന്നത് ഉൾപ്പെടെയുള്ള പ്രോത്സാഹനങ്ങളും ഇതിൽ ഉൾപ്പെടുന്നു.
ദുബൈയെ ലോകത്തിലെ മുൻനിര കായിക കേന്ദ്രമാക്കാൻ ലക്ഷ്യമിട്ടുള്ള സ്‌പോർട്‌സ് സെക്ടർ സ്ട്രാറ്റജിക് പ്ലാൻ 2033 നും കൗൺസിൽ അംഗീകാരം നൽകി. ദുബൈ സ്‌പോർട്‌സ് കൗൺസിലാണ് പ്ലാൻ വികസിപ്പിച്ചത്.
സാമ്പത്തിക പുനഃസംഘടന, പാപ്പരത്ത കോടതി പദ്ധതിക്കും കൗൺസിൽ അംഗീകാരം നൽകി. സാമ്പത്തിക പുനഃസംഘടന, പാപ്പരത്ത അപേക്ഷകൾ, കേസുകൾ എന്നിവയിൽ വൈദഗ്ധ്യം നേടിയെടുക്കുകയും വേഗത്തിലുള്ള നീതി ഉറപ്പാക്കുകയുമാണ് ലക്ഷ്യം. ലോകത്തിലെ ഏറ്റവും മികച്ച സാമ്പത്തിക കേന്ദ്രങ്ങളിൽ ഒന്നായി ദുബൈയെ മാറ്റുകയും ലക്ഷ്യമാണ്.