‘ദുബൈ ലോകത്തിന്‍റെ വീട്​’, സമൂഹത്തിന്​ ശൈഖ് മുഹമ്മദിന്‍റെ ഏഴ് ജീവിതപാഠങ്ങൾ

ഉത്തരവാദിത്തം, തുല്യ, മികവ്​, വിനയം, പ്രതീക്ഷ, നൻമ, വിശ്വസ്​ഥത എന്നീ പാഠങ്ങളാണ്​ പുതിയ പുസ്തകത്തിലൂടെ പങ്കുവെക്കുന്നത്​

Update: 2026-10-04 07:24 GMT
Editor : Rafeeq MM | By : Gulf Desk

ദുബൈ: ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള മനുഷ്യർക്ക്​ സ്വന്തം വീട്​ തന്നെയായി മാറിയ നഗരമാണ്​ ദുബൈയെന്ന്​ യുഎഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം. ദുബൈ ലോകത്തിന്‍റെ വീടാണ്, മനുഷ്യരുടെ വീടാണ്, ജീവിതത്തിന്‍റെ വീടാണ്... ശൈഖ്​ മുഹമ്മദ്​ തന്‍റെ രചനയിലൂടെ ഓർമിപ്പിക്കുന്നു.ദുബൈ കൈവരിച്ച നേട്ടങ്ങൾക്കപ്പുറം ഇനിയും ഏറെ ചെയ്യാനുണ്ടെന്നും ദീർഘമായൊരു യാത്ര ബാക്കിയുണ്ടെന്നും അദ്ദേഹം ഓർമിപ്പിക്കുന്നു. മനോഹരമായ നഗരവും സൗഹാർദപരമായ സമൂഹവുമായി ദുബൈ മാറിയിരിക്കുന്നു. ലോകത്തിന് മാതൃകയാകുന്ന അനുഭവമാണിതെന്നും അദ്ദേഹം വ്യക്​തമാക്കി.

Advertising
Advertising

ദുബൈയുടെ വളർച്ചയും സമൂഹത്തിന്‍റെ മൂല്യങ്ങളും മുന്നോട്ടുള്ള യാത്രയും പ്രതിപാദിക്കുന്ന തന്‍റെ പുതിയ പുസ്തകത്തിൽ നഗരവാസികൾക്കായി അദ്ദേഹം പങ്കുവെക്കുന്നത് ഏഴ് ജീവിതപാഠങ്ങളാണ്. പുതിയ പുസ്തകമായ ‘ദി ലെറ്റേഴ്സി’ലാണ്​ ശൈഖ് മുഹമ്മദ് ദുബൈയെക്കുറിച്ചുള്ള കാഴ്ചപ്പാടുകൾ പങ്കുവെക്കുന്നത്. ലെസൻസ്​ ഫ്രം ലൈഫ്​ എന്ന പരണമ്പരയിലെ രണ്ടാമത്തെ പുസ്തകവുമാണിത്​. ഉത്തരവാദിത്തം, തുല്യ, മികവ്​, വിനയം, പ്രതീക്ഷ, നൻമ, വിശ്വസ്​ഥത എന്നീ പാഠങ്ങളാണ്​ പുതിയ പുസ്തകത്തിലൂടെ പങ്കുവെക്കുന്നത്​.ദുബൈയുടെ വളർച്ചയുടെ വലുപ്പം അറിയു​മ്പോൾ തന്നെ ഒന്നുമില്ലായ്മയിൽ നിന്നുള്ള തുടക്കങ്ങൾ മറക്കരുതെന്നും ശൈഖ്​ മുഹമ്മദ്​ ഓർമപ്പെടുന്നു. എല്ലാം അറിയാമെന്ന ധാരണ പാടില്ലെന്നും തുടർച്ചയായി പഠിക്കണമെന്നും അദ്ദേഹം പറയുന്നു. ഉത്തരവാദിത്തം, തുല്യ, മികവ്​, വിനയം, പ്രതീക്ഷ, നൻമ, വിശ്വസ്​ഥത എന്നീ പാഠങ്ങളാണ്​ പുതിയ പുസ്തകത്തിലൂടെ പങ്കുവെക്കുന്നത്.

പ്രതിസന്ധികളെ അവസരങ്ങളായും പ്രതിസന്ധികളിലെ അനുഭവങ്ങളെ സർഗാത്മകതയുടെ പരീക്ഷണങ്ങളായും കാണണമെന്ന് എല്ലാവരും ഉത്തരവാദികൾ ആണെന്ന ആശയത്തിലൂടെ ശൈഖ് മുഹമ്മദ് പറയുന്നു. ജീവനക്കാരും നേതാക്കളും മാതാപിതാക്കളും വ്യാപാരികളും അധ്യാപകരും ഡോക്ടർമാരും സർക്കാറും ഉൾപ്പെടെ എല്ലാവർക്കും സമൂഹത്തോട് ഉത്തരവാദിത്തമുണ്ട്.

സമതുലിതവും അന്തസ്സുള്ളതുമായ സമൂഹം കെട്ടിപ്പടുക്കുന്നതിൽ വ്യക്തിയുടെ ഉത്തരവാദിത്തത്തിന് വലിയ പങ്കുണ്ടെന്നും അദ്ദേഹം ഓർമിപ്പിക്കുന്നു. നാഗരികതയുടെ അടിസ്ഥാനം മനുഷ്യരോടുള്ള ബഹുമാനമാണ്​. മതം, മൂല്യങ്ങൾ, സംസ്കാരം, സമയം, വികാരങ്ങൾ, ജീവിതം എന്നിവയെ ബഹുമാനിക്കണം. സ്ത്രീകൾ, വയോധികർ, തൊഴിലാളികൾ, വ്യത്യസ്ത അഭിപ്രായങ്ങളുള്ളവർ എന്നിവരോട് നീതിയോടെയും അന്തസ്സോടെയും പെരുമാറണം. വലിയ കെട്ടിടങ്ങളിലും മികച്ച അടിസ്ഥാനസൗകര്യങ്ങളിലു​മല്ല ഒരു നഗരത്തിന്‍റെ മഹത്വം അളക്കേണ്ടത്. മനുഷ്യാന്തസ്സിനെ എത്രമാത്രം ബഹുമാനിക്കുന്നു എന്നതാണ് ഒരു നഗരത്തിന്‍റെ യഥാർഥ നിലവാരം- ശൈഖ്​ മുഹമ്മദ്​ ഓർമപ്പെടുത്തുന്നു.

നഗരത്തിന്‍റെ വൃത്തിയും സൗന്ദര്യവും മുതൽ സേവനങ്ങളുടെയും സൗകര്യങ്ങളുടെയും നിലവാരം വരെ എല്ലാ കാര്യങ്ങളിലും മികവ് പുലർത്തണം. വിമാനത്താവള ജീവനക്കാരും റോഡ് തൊഴിലാളികളും എൻജിനീയർമാരും കമ്പനികളും സേവനദാതാക്കളുമാണ് ലോകത്തിന് ദുബൈയുടെ മുഖം കാണിച്ചുകൊടുക്കുന്നതെന്ന് ശൈഖ് മുഹമ്മദ് ചൂണ്ടിക്കാട്ടുന്നു.ഓരോ ജോലിയിലും പൂർണമായ അർപ്പണബോധം കൊണ്ടുവരികയാണ് മികവ്. ദിവസേന ചെയ്യുന്ന ചെറിയ ചെറിയ മികച്ച പ്രവൃത്തികളാണ് പിന്നീട് വലിയ നേട്ടങ്ങളായി മാറുന്നത്.വ്യക്തിയുടെ വളർച്ചക്കും സമൂഹത്തിന്‍റെ പുരോഗതിക്കും വിനയം അനിവാര്യമാണ്​. മറ്റുള്ളവരോട് വിനയം പുലർത്തുന്നത് അവരുടെ ബഹുമാനം നേടാൻ സഹായിക്കും. നേട്ടങ്ങൾക്ക് മുന്നിലും വിനയം നിലനിർത്തുന്നത് കൂടുതൽ ഉയരങ്ങൾ ലക്ഷ്യമിടാൻ പ്രേരിപ്പിക്കും. വിനയമാണ് നാഗരികതയും പരിഷ്കാരവുമെന്ന്​ ഓർമ​പ്പെടുത്തുന്നുണ്ട്​ ശൈഖ്​ മുഹമ്മദ്​.

ഭാവി കൂടുതൽ മനോഹരവും മികച്ചതുമാകുമെന്ന വിശ്വാസമാണ് ശുഭാപ്തിവിശ്വാസത്തിന്‍റെ അടിസ്ഥാനം. നേട്ടങ്ങൾ കൈവരിക്കുന്നതിന് മുമ്പുതന്നെ അവയെ മനസ്സിൽ കാണാനും നാം സൃഷ്ടിക്കാൻ ആഗ്രഹിക്കുന്ന ഭാവിയെ വ്യക്തമായി തിരിച്ചറിയാനും ശുഭാപ്തിവിശ്വാസം സഹായിക്കും. യുഎഇ സമൂഹം സ്വാഭാവികമായും ശുഭാപ്തിവിശ്വാസമുള്ളതും സ്വന്തം കഴിവുകളിൽ വിശ്വാസമുള്ളതുമാണെന്നും അദ്ദേഹം പറയുന്നു.മറ്റുള്ളവരെ സഹായിക്കുകയും ഉദാരമായി നൽകുകയും നന്മ ചെയ്യുകയും ചെയ്യുന്നത് സമൂഹത്തിന്‍റെ സ്ഥിരമായ മൂല്യങ്ങളാകണം.നന്മ എന്നത് വലിയ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ മാത്രം ഒതുങ്ങുന്നില്ല. നല്ല വാക്ക്, പുഞ്ചിരി, വഴിയറിയാത്ത ഒരാൾക്ക് വഴി പറഞ്ഞുകൊടുക്കൽ, യുവാക്കളെ പ്രോത്സാഹിപ്പിക്കൽ—ഇതെല്ലാം നന്മയുടെ ഭാഗമാണ്.

തങ്ങളെ ചേർത്തുപിടിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്ന രാജ്യത്തോട് വിശ്വസ്തത പുലർത്തേണ്ടത് ഓരോരുത്തരുടെയും ഉത്തരവാദിത്തമാണെന്ന് ശൈഖ് മുഹമ്മദ് ഓർമിപ്പിക്കുന്നുണ്ട്​. ഭരണഘടനയും നിയമങ്ങളും ബഹുമാനിക്കുക, രാജ്യത്തിന്‍റെ നേട്ടങ്ങൾ സംരക്ഷിക്കുക, ദേശീയപതാകയെ ആദരിക്കുക, സത്യസന്ധത, നീതി, ആത്മാർഥത, അഖണ്ഡത, ബഹുമാനം, മികവ്, ഉത്തരവാദിത്തം തുടങ്ങിയ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുക—ഇവയെല്ലാം രാജ്യസ്നേഹത്തിന്‍റെ ഭാഗമാണ്.

രാജ്യം വെറുമൊരു ഭൂമിശാസ്ത്രപരമായ അതിർത്തിയോ ചിഹ്നങ്ങളോ അല്ല. മനുഷ്യരുടെ ഉള്ളിൽ തുടിക്കുന്ന ഹൃദയവും ശരീരത്തിലൂടെ ഒഴുകുന്ന ആത്മാവുമാണ് അതെന്നും അദ്ദേഹം പറയുന്നു. ദുബൈയിൽ ജീവിക്കുന്ന ഓരോരുത്തർക്കും ഈ നഗരം സ്വന്തം വീടാണെന്ന് തോന്നണമെന്നാണ് ശൈഖ് മുഹമ്മദിന്‍റെ ആഗ്രഹം.

Writer - Rafeeq MM

contributor

Editor - Rafeeq MM

contributor

By - Gulf Desk

contributor

Similar News