ഇത്തിഹാദ് റെയിലിന് ആൽ മക്തൂം വിമാനത്താവളത്തിൽ സ്റ്റോപ്പ് അനുവദിച്ചേക്കും
സ്റ്റേഷനിൽ തന്നെ ചെക്ക് ഇൻ സൗകര്യമൊരുക്കാനും സാധ്യത
ദുബൈ: യുഎഇയുടെ ദേശീയ റെയിൽവേ പദ്ധതിയായ ഇത്തിഹാദ് റെയിലിന് ദുബൈ വേൾഡ് സെൻട്രലിലെ പുതിയ ആൽ മക്തൂം അന്താരാഷ്ട്ര വിമാനത്താവളത്തിൽ സ്റ്റോപ്പ് അനുവദിച്ചേക്കും. യാത്രക്കാർക്ക് ട്രെയിൻ സ്റ്റേഷനുകളിൽ നിന്ന് തന്നെ ചെക്ക് ഇൻ ചെയ്യാനുള്ള സൗകര്യമൊരുക്കാനും സാധ്യതയുണ്ട്. ഒരു അഭിമുഖത്തിൽ ദുബൈ എയർപോർട്ട്സ് സിഇഒ പോൾ ഗ്രിഫിത്ത്സാണ് ഇക്കാര്യം പറഞ്ഞത്.
ഇത്തിഹാദ് റെയിൽ 2026 ൽ പാസഞ്ചർ ട്രെയിൻ സർവീസ് ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ. 2030 ഓടെ സർവീസ് പ്രതിവർഷം ഏകദേശം 3.65 കോടി യാത്രക്കാർക്ക് സൗകര്യമൊരുക്കുമെന്നാണ് പ്രതീക്ഷ.
അബൂദബി, ദുബൈ, ഷാർജ, റാസൽ ഖൈമ, ഫുജൈറ, അൽ ഐൻ, റുവൈസ്, അൽ മിർഫ, അൽ ദൈദ്, സൗദി അതിർത്തിയിലുള്ള ഗുവൈഫത്ത്, ഒമാൻ, ഹഫീത് റെയിൽ പദ്ധതി വഴി സോഹാർ എന്നീ പ്രധാന നഗരങ്ങളെ റെയിൽ ബന്ധിപ്പിക്കും.
അബൂദബിയെ ദുബൈയുമായി ബന്ധിപ്പിച്ച് പുതിയ അതിവേഗ വൈദ്യുതീകരിച്ച ലൈൻ വരും. റീം ഐലൻറ്, യാസ് ഐലൻറ്, സാദിയാത്ത് ഐലൻറ്, ആൽ മക്തൂം വിമാനത്താവളത്തിന് സമീപമുള്ള സായിദ് വിമാനത്താവളം, ദുബൈ ക്രീക്കിനടുത്തുള്ള ജദ്ദാഫ് എന്നിവിടങ്ങളിലായി ലൈനിൽ ആറ് സ്റ്റേഷനുകളുണ്ടാകും. അബൂദബിക്കും ദുബൈയിക്കും ഇടയിൽ വെറും 30 മിനിറ്റിനുള്ളിൽ യാത്ര ചെയ്യാൻ ഈ അതിവേഗ ട്രെയിൻ സഹായിക്കും. മണിക്കൂറിൽ 350 കിലോമീറ്റർ വേഗതയിലായിരിക്കും സഞ്ചാരം.
ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ എല്ലാ പ്രവർത്തനങ്ങളും ആൽ മക്തൂം അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് മാറ്റുമെന്ന് ദുബൈ ഭരണകൂടം 2024 ഏപ്രിലിൽ പ്രഖ്യാപിച്ചിരുന്നു. ആൽ മക്തൂം അന്താരാഷ്ട്ര വിമാനത്താവളത്തിലെ പുതിയ പാസഞ്ചർ ടെർമിനൽ പ്രതിവർഷം യാത്രക്കാരുടെ ശേഷി 26 കോടിയായി വർധിപ്പിക്കും. 128 ബില്യൺ ദിർഹമാണ് ഇതിനായി നിക്ഷേപിക്കുന്നത്. 10 വർഷത്തിനുള്ളിൽ ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പ്രവർത്തനങ്ങൾ പൂർണമായി ഇങ്ങോട്ട് മാറ്റും.