ദുബൈയിൽ മൊബൈൽ ഡെന്റൽ ക്ലിനിക് ആരംഭിച്ചു
വിദ്യാലയങ്ങൾ അടക്കമുള്ള സ്ഥലങ്ങളിൽ നേരിട്ടെത്തി ദന്തരോഗ സേവനം നൽകുന്ന സംരംഭമാണിത്
ദുബൈ: നവീനസാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തിയുള്ള മൊബൈൽ ഡെന്റൽ ക്ലിനിക് ദുബൈയിൽ പ്രവർത്തനമാരംഭിച്ചു. വിദ്യാലയങ്ങൾ അടക്കമുള്ള സ്ഥലങ്ങളിൽ നേരിട്ടെത്തി ദന്തരോഗ സേവനം നൽകുന്ന സംരംഭമാണിത്. ദന്തരോഗവുമായി ബന്ധപ്പെട്ട സേവനങ്ങൾ നൽകുന്ന എയ്റ്റ് ഹൺഡ്രഡ് ടീത്ത് മൊബൈൽ ക്ലിനിക്കിനാണ് ദുബൈയിൽ തുടക്കമായത്. ദുബൈയിലെ ആദ്യ വാണിജ്യ മൊബൈൽ ഡെന്റൽ ക്ലിനിക്കാണ് ഇതെന്ന് സംരംഭകർ പറയുന്നു. മലബാർ ഡെന്റൽ ക്ലിനികിന്റെ മേൽനോട്ടത്തിലാണ് സംരംഭം. ദന്ത ചികിത്സാ സംബന്ധമായ എല്ലാ സംവിധാനങ്ങളും ക്ലിനിക്കിൽ ഒരുക്കിയിട്ടുണ്ട്.
സ്‌കൂളുകൾ, വീടുകൾ, നഴ്‌സറികൾ, സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ നേരിട്ടെത്തി ഡെന്റൽ സേവനം നൽകുകയാണ് സംരംഭം കൊണ്ട് ലക്ഷ്യമിടുന്നത്. ദുബൈ ഇന്ത്യൻ ഹൈസ്‌കൂൾ ഗ്രൂപ്പ് സിഇഒ പുനിത് എംകെ വാസു പദ്ധതി ഉദ്ഘാടനം ചെയ്തു. പദ്ധതി ഡയറക്ടർ ഡോ. എംഎ ബാബു, ലുവയ് സമീർ അൽ ദഹ്‌ലാൻ എന്നിവർ സംസാരിച്ചു.