ദുബൈയിലെ അഞ്ച് പൊതുപാർക്കുകളിലെ പാർക്കിങ് നിയന്ത്രണം പാർക്കിൻ കമ്പനിക്ക് കൈമാറി
ദുബൈ നഗരസഭയും പാർക്കിൻ കമ്പനി അധികൃതരും ധാരണാപത്രം ഒപ്പിട്ടു
ദുബൈ: ദുബൈയിലെ കൂടുതൽ പാർക്കിങ് മേഖലകളുടെ നിയന്ത്രണം പാർക്കിൻ കമ്പനിക്ക് കൈമാറുന്നു. ഇതുസംബന്ധിച്ച് ദുബൈ നഗരസഭയും പാർക്കിൻ കമ്പനി അധികൃതരും ധാരണാപത്രം ഒപ്പിട്ടു.
ഇപ്പോൾ ദുബൈ മുനിസിപ്പാലിറ്റിയുടെ നിയന്ത്രണത്തിലുള്ള സബീൽ പാർക്ക്, മുഷ്രിഫ് നാഷനൽ പാർക്ക്, മംസാർപാർക്ക്, അൽ ഖോർ പാർക്ക്, അൽ സഫ പാർക്ക് എന്നിവിടങ്ങളിലെ പെയ്ഡ് പാർക്കിങ് നിയന്ത്രണം ഇനി മുതൽ പാർക്കിൻ കമ്പനിക്കായിരിക്കും. ഖുർആനിക് പാർക്കി, ചിൽഡ്രൻസ് സിറ്റി തുടങ്ങി മുനിസിപ്പാലിറ്റിയുടെ മറ്റു പാർക്കുകളുടെ നിയന്ത്രണവും താമസിയാതെ കമ്പനിക്ക് കൈമാറുമെന്ന് സൂചനയുണ്ട്. പാർക്കിങ് മേഖലകളുടെ വികസനം കൂടി ലക്ഷ്യമിട്ടാണ് ഈ കൈമാറ്റമെന്ന് നഗരസഭ അധികൃതർ പറഞ്ഞു. കൂടുതൽ ബഹുനില പാർക്കിങ് കേന്ദ്രങ്ങൾ, സ്വകാര്യ പാർക്കിങ് മേഖലകളിലെ സൗകര്യവികസനം എന്നിവക്കും പാർക്കിൻ കമ്പനിയുമായി ധാരണയായിട്ടുണ്ട്.