യു.എ.ഇ ഫെഡറൽ മന്ത്രിസഭ പുനസംഘടിപ്പിച്ചു
പ്രധാനപ്പെട്ട പദവികളിലെല്ലാം പുനസംഘാടനം നടത്തിയിട്ടുണ്ട്
യു.എ.ഇ ഫെഡറൽ മന്ത്രിസഭ പുനസംഘടിപ്പിക്കുന്നതിന്റെ ഭാഗമായി പുതിയ മന്ത്രിമാരെയും ഉന്നത ഉദ്യോഗസ്ഥരെയും നിയമിച്ചതായി പ്രഖ്യാപനം. യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദാണ് ട്വിറ്ററിലൂടെ പുതിയ പ്രഖ്യാപനം നടത്തിയത്.
പുതിയ മന്ത്രിമാരുടെ നിയമനങ്ങളും വിശദ വിവരങ്ങളും സോഷ്യൽ മീഡിയ വഴി പുറത്തുവിട്ടിട്ടുണ്ട്. നേരത്തെ യുവജനകാര്യ സഹമന്ത്രിയായിരുന്ന ഷമ്മ അൽ മസ്റൂയി, പുതുതായി കമ്മ്യൂണിറ്റി ഡവലപ്മെന്റ് മന്ത്രിയായാണ് ചുമതലയേറ്റത്.
യു.എ.ഇ.യുടെ യുനെസ്‌കോ പ്രതിനിധി സലേം അൽ ഖാസിമി സാംസ്‌കാരിക യുവജന മന്ത്രിയായി ചുമതലയേറ്റു. മറിയം ബിൻത് അഹമ്മദ് അൽ ഹമ്മദിയെ കൗൺസിൽ ഓഫ് മിനിസ്റ്റേഴ്സ് സെക്രട്ടറി ജനറലായും നിയമിച്ചിട്ടുണ്ട്. ഇവയ്ക്കു പുറമേ, പ്രധാനപ്പെട്ട പദവികളിലെല്ലാം പുനസംഘാടനം നടത്തിയിട്ടുണ്ട്. സഹ മന്ത്രിമാരുടെ പദവികളിലും കാര്യമായ മാറ്റങ്ങൾ കൊണ്ടുവന്നിട്ടുണ്ട്.