Writer - razinabdulazeez
razinab@321
ദുബൈ: യു.എ.ഇയിൽ വേനൽചൂട് കനത്തതോടെ ദുബൈയിലെ സർക്കാർ ജീവനക്കാർക്ക് ജോലി സമയത്തിൽ ഇളവ് പ്രഖ്യാപിച്ചു. ആഴ്ചയിൽ നാല് ദിവസം ജോലി ചെയ്ത് മൂന്ന് ദിവസം വാരാന്ത്യ അവധി ലഭിക്കുന്ന വിധം ജീവനക്കാർക്ക് സമയക്രമം തെരഞ്ഞെടുക്കാം. ഉച്ചവിശ്രമ നിയമവും ഇന്ന് മുതൽ നിലവിൽ വന്നു.
ദുബൈയിലെ സർക്കാർ ജീവനക്കാർക്ക് ജൂലൈ ഒന്ന് മുതൽ സെപ്റ്റംബർ 12 വരെയാണ് ജോലി സമയത്തിൽ ഇളവ് പ്രഖ്യാപിച്ചത്. ഇതനുസരിച്ച് ഓഫീസിലെ ജീവനക്കാരെ രണ്ട് ഗ്രൂപ്പുകളായി തിരിക്കും. ഒരു വിഭാഗത്തിന് തിങ്കൾ മുതൽ വ്യാഴം വരെ രാവിലെ ഏഴര മുതൽ വൈകുന്നേരം മൂന്നര വരെ എട്ട് മണിക്കൂർ ജോലിയെടുത്ത് വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ അവധിയെടുക്കാം. മറ്റൊരു ഗ്രൂപ്പിന് തിങ്കൾ മുതൽ വ്യാഴം വരെ ഏഴ് മണിക്കൂർ ജോലിയെടുക്കാം. വെള്ളിയാഴ്ച ഇവർ രാവിലെ ഏഴര മുതൽ 12 വരെ നാലര മണിക്കൂർ ജോലിയെടുത്താൽ മതി. കഴിഞ്ഞവർഷം പരീക്ഷണാടിസ്ഥാനത്തിൽ ഈ സമ്പ്രദായം നടപ്പാക്കിയിരുന്നു. ഉച്ചസമയത്ത് വെയിലത്ത് ജോലിക്കാരെ പണിയെടുപ്പിക്കുന്നത് വിലക്കുന്ന ഉച്ചവിശ്രമ നിയമവും ഇന്ന് മുതൽ യു.എ.ഇയിൽ നിലവിൽ വന്നു.