ദുബൈയിൽ 218 കോടി രൂപയുടെ അപൂർവ രത്നം മോഷ്ടിക്കാൻ ശ്രമം;മൂന്നുപേർ അറസ്റ്റിൽ

രത്നം തട്ടിയെടുത്ത് മറ്റൊരു രാജ്യത്തേക്ക് കടത്താനായിരുന്നു ശ്രമം

Update: 2025-08-18 17:09 GMT
Editor : razinabdulazeez | By : Web Desk

ദുബൈ: ദുബൈയിൽ 218 കോടി രൂപ വിലയുള്ള അപൂർവ രത്നം തട്ടിയെടുത്ത മൂന്ന് പേർ അറസ്റ്റിലായി. വിൽപനക്കായി ദുബൈയിലെത്തിയ രത്നം തട്ടിയെടുത്ത് മറ്റൊരു രാജ്യത്തേക്ക് കടത്താനായിരുന്നു ശ്രമം. അറസ്റ്റിലായ മൂന്ന് പേരും ഏഷ്യൻ രാജ്യത്ത് നിന്നുള്ള പൗരൻമാരാണെന്ന് ദുബൈ പൊലീസ് അറിയിച്ചു.

ഒരു റോൾസ് റോയ്സിന്റെ അത്യാഢംബര കാർ വാടകക്കെടുത്ത് ഇവർ രത്ന വ്യാപാരിയെ സമീപിച്ചു. രത്നം വാങ്ങാൻ അതിസമ്പന്നനായ ഒരാൾ തയാറാണെന്ന് അറിയിച്ചു. രത്നത്തിന്റെ ഗുണമേന്മ പരിശോധിക്കാനായി വിദേശത്ത് നിന്ന് ഒരു ജെം എക്സ്പെർട്ടിനെയും ഇവർ കൂടെ കൂട്ടിയിരുന്നു. വിൽപന നടക്കുമെന്ന് ബോധ്യപ്പെടുത്തി, ഇവർ വാങ്ങുന്നയാൾക്ക് കാണാൻ അയാളുടെ വില്ലയിലേക്ക് രത്നം കൊണ്ടുവരാൻ ആവശ്യപ്പെട്ടു. വില്ലയിലെത്തിക്കാനായി പുറത്ത് കൊണ്ടുവന്ന രത്നം വ്യാപാരിയിൽ നിന്ന് തട്ടിയെടുത്ത സംഘം ഉടൻ രക്ഷപ്പെടുകയായിരുന്നു. വിവരം ലഭിച്ച് എട്ട് മണിക്കൂറിനകം ഇവരുടെ താമസസ്ഥലത്ത് നിന്ന് പൊലീസ് മൂന്നുപേരെയും അറസ്റ്റ് ചെയ്തു. മറ്റൊരു രാജ്യത്തേക്ക് കടത്താനായി ഫ്രിഡ്ജിനുള്ളിൽ ഒളിപ്പിച്ചിരുന്ന പിങ്ക് രത്നവും പൊലീസ് കണ്ടെടുത്തു. പ്രതികളെ തുടർ നടപടികൾക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറി.

Tags:    

Writer - razinabdulazeez

contributor

razinab@321

Editor - razinabdulazeez

contributor

razinab@321

By - Web Desk

contributor

Similar News