Writer - razinabdulazeez
razinab@321
അബൂദബി: മിഡിലീസ്റ്റിൽ ആദ്യമായി ഗ്രീൻ ഹൈഡ്രജൻ ഉപയോഗിച്ചുള്ള ഗ്രീൻ സ്റ്റീൽ ഉൽപാദനത്തിന് യു.എ.ഇ തുടക്കം കുറിച്ചു. വ്യവസായമേഖലയെ കാർബൺ മുക്തമാക്കാൻ നടപ്പാക്കുന്ന പദ്ധതികളുടെ ഭാഗമായാണ് ആദ്യഘട്ടത്തിൽ സ്റ്റീൽ ഉൽപാദനരംഗം പരിസ്ഥിതി സൗഹൃദമാക്കുന്നത്.
അബൂദബിയിലെ ഫ്യൂച്ചർ എനർജി സ്ഥാപനമായ മസ്ദാറും എംസ്റ്റീലും കൈകോർത്താണ് പദ്ധതി നടപ്പാക്കുന്നത്. മിഡിലീസ്റ്റ് ആഫ്രിക്കൻമേഖലയിൽ ആദ്യമായാണ് ഇത്തരമൊരു സ്റ്റീൽ ഉൽപാദനം. ഇതോടെ സ്റ്റീൽ ഉൽപാദനമേഖല 95% വരെ പരിസ്ഥിതി സൗഹൃദമാക്കും.
സ്റ്റീൽ ഉൽപാദനത്തിന്റെ പ്രധാനഘട്ടമായ ഇരുമ്പ് അയിരിൽ നിന്ന് ഇരുമ്പ് വേർതിരിക്കാനാണ് ഗ്രീൻ ഹൈഡ്രജൻ ഉപയോഗിക്കുക. ഇതിന് ആവശ്യമായി വരുന്ന പരിസ്ഥിതി സൗഹൃദ ഹൈഡ്രജൻ മസ്ദാർ എംസ്റ്റീലിന് ലഭ്യമാക്കും. 2050 ഓടെ കാർബൺ വികിരണമില്ലാത്ത നെറ്റ് സീറോ അന്തരീക്ഷം എന്ന യു.എ.ഇയുടെ ലക്ഷ്യം കൈവരിക്കാനുള്ള പദ്ധതികളുടെ ഭാഗമാണിത്.