55 വർഷം പഴക്കമുള്ള ചിത്രം; അധ്യാപകന് കൈയെഴുത്തിൽ നന്ദി..അധ്യാപക ദിനത്തിൽ യുഎഇ പ്രസിഡന്‍റിന്‍റെ ഹൃദയസ്പർശിയായ ഓർമ
1971 ഏപ്രിൽ 29ൽ എഴുതിയ നന്ദിവാക്കാണ് വീണ്ടും ഓർമചിത്രമായത്
അബൂദബി: 1971 ഏപ്രിൽ 29. അന്ന് എഴുതിയ ഒരു ചെറിയ നന്ദിവാക്ക് 55 വർഷങ്ങൾക്കിപ്പുറം വീണ്ടും ഓർമ ചിത്രമായി.ലോക അധ്യാപക ദിനത്തിൽ അധ്യാപകനായ അഹ്മദ് ഇബ്രാഹിം മാണ്ടിക്ക് നൽകിയ പഴയ ഫോട്ടോയും അതിലെ കൈയെഴുത്തും യുഎഇ പ്രസിഡന്‍റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ പങ്കുവെക്കുകയായിരുന്നു.
“നന്ദിയോടെ, ഓർമയ്ക്കായി ഈ ചിത്രം മിസ്റ്റർ അഹ്മദ് ഇബ്രാഹിം മാണ്ടിക്ക് സമർപ്പിക്കുന്നു. മുഹമ്മദ് സായിദ്” — 1971ൽ അധ്യാപകനായി നൽകിയ ഫോട്ടോയിൽ ശൈഖ് മുഹമ്മദ് കുറിച്ച വാക്കുകളാണിത്. . സ്വന്തം ജീവിതത്തെ സ്വാധീനിച്ച അധ്യാപകനെ ഓർമിക്കുന്നതിലൂടെ, രാജ്യത്തെ അധ്യാപകരുടെ സംഭാവനയുടെ മഹത്വവും അദ്ദേഹം ചൂണ്ടിക്കാട്ടി.യുഎഇയിലെ അധ്യാപകരോട് നന്ദിയും ആദരവും അറിയിക്കുന്നതായി ശൈഖ് മുഹമ്മദ് പറഞ്ഞു. ഭാവിതലമുറകളെ രൂപപ്പെടുത്തുന്നതിൽ അധ്യാപകർ വഹിക്കുന്ന പങ്കിനെ അദ്ദേഹം അഭിനന്ദിച്ചു. സ്വന്തം ജീവിതത്തിൽ സ്വാധീനം ചെലുത്തിയ അധ്യാപകരെ ഈ അവസരത്തിൽ ഓർക്കാനും അവരോട് നന്ദി പറയാനും ജനങ്ങളോട് ആഹ്വാനം ചെയ്തു.
യുഎഇ രൂപവത്കരണ കാലഘട്ടത്തിൽ അബൂദബിയിലെ വിദ്യാഭ്യാസരംഗത്തിന്റെ വളർച്ചയിൽ പങ്കുവഹിച്ച ആദ്യകാല അധ്യാപകരിൽ ഒരാളായിരുന്നു അഹ്മദ് ഇബ്രാഹിം മാണ്ടി അൽ തമീമി. 1970കളുടെ തുടക്കത്തിൽ അൽ കിന്ദി സ്കൂളിൽ പഠിച്ചിരുന്ന ശൈഖ് മുഹമ്മദ് അദ്ദേഹത്തിന്‍റെ വിദ്യാർഥിയായിരുന്നു. ക്ലാസ് മുറിയിലെ ബന്ധം പഠനം കഴിഞ്ഞതോടെ അവസാനിച്ചില്ല. വർഷങ്ങൾക്കിപ്പുറവും അധ്യാപകനും വിദ്യാർഥിയും തമ്മിലുള്ള ബന്ധം നിലനിന്നു.2017ൽ അബൂദബി കിരീടാവകാശിയായിരിക്കെ ശൈഖ് മുഹമ്മദ് മാണ്ടിയെ ഖലീഫ സിറ്റിയിലെ വീട്ടിലെത്തി സന്ദർശിച്ചിരുന്നു. സ്കൂൾ കാലത്തെ ഓർമകളും യുഎഇയുടെ ആദ്യകാല അധ്യാപകരുടെ സംഭാവനകളും ഇരുവരും അന്ന് പങ്കുവെച്ചു.
പാഠപുസ്തകത്തിലെ അറിവിനപ്പുറം ജീവിതത്തിൽ വഴികാട്ടികളാകുന്നവരാണ് അധ്യാപകർ. 1971ൽ എഴുതിയ ഒരു വരിയിലൂടെ തുടങ്ങിയ നന്ദി, അഞ്ച് പതിറ്റാണ്ടുകൾക്കിപ്പുറവും അതേ ആദരവോടെ തുടരുന്നതാണ് ഈ ഓർമയെ വേറിട്ടതാക്കുന്നത്.