100 തൂണുകളിൽ ഒരു കിലോമീറ്റർ കടൽപാലം; യു എ ഇയിലെ ആദ്യ റെയിൽവേ കടൽപാലത്തിന്‍റെ നിർമാണം പൂർത്തിയായി
അബൂദബിയിലെ ഖലീഫ തുറമുഖത്തെ ദേശീയ റെയിൽ ശൃംഖലയായ ഇത്തിഹാദ് റെയിൽവേ നെറ്റ് വർക്കുമായി ബന്ധിപ്പിക്കുന്നതാണ് പുതിയ കടൽപാലം
യു എ ഇയിലെ ആദ്യ റെയിൽവേ കടൽപാലത്തിന്‍റെ നിർമാണം പൂർത്തിയായി. അബൂദബിയിലെ ഖലീഫ തുറമുഖത്തെ ദേശീയ റെയിൽ ശൃംഖലയായ ഇത്തിഹാദ് റെയിൽവേ നെറ്റ് വർക്കുമായി ബന്ധിപ്പിക്കുന്നതാണ് പുതിയ കടൽപാലം.
ഖലീഫ തുറമുഖത്തിന്റെ കടലിലുള്ള കണ്ടയിനർ ടെർമിനലിനെ അബൂദബി തീരവുമായി ബന്ധിപ്പിക്കുന്നതാണ് യു എ ഇയുടെ ആദ്യ റെയിൽവേ കടൽപാലം. ഒരു കിലോമീറ്ററാണ് നീളം. പാലത്തിന്റെ അവസാന തൂണും നിർമാണം പൂർത്തിയാക്കിയതായി ഇത്തിഹാദ് റെയിൽ അധികൃതർ അറിയിച്ചു. നൂറ് ടീ ബീമുകളിലാണ് പാലം നിർമിച്ചിരിക്കുന്നത്. വർഷം പത്ത് ദശലക്ഷം കണ്ടെയ്നറുകൾ വഹിക്കാൻ ഇതിന് ശേഷയുണ്ടാകും.
നിലവിൽ കണ്ടെയിനറർ ടെർമിനിലെ ബന്ധിപ്പിച്ച് വാഹനങ്ങൾക്ക് കടന്നുപോകാൻ നിർമിച്ച കടൽപാലത്തിന് സമാന്തരമായാണ് റെയിൽവേ കടൽപാലം നിർമാണം പൂർത്തിയാക്കിയിരിക്കുന്നത്. ഭാരമേറിയ ഷിപ്പിങ് ഉപകരണങ്ങൾ ഉൾപ്പെടെ താങ്ങാൻ ശേഷിയുള്ള പാലം നിർമിക്കുന്നതോടൊപ്പം കടലിലെ ജീവജാലങ്ങളെയും പവിഴപുറ്റുകളെയും നീരൊഴിക്കിനെയും ബാധിക്കാത്തവിധം പാലം നിർമിക്കാൻ ശ്രദ്ധിച്ചിട്ടുണ്ടെന്ന് ഇത്തിഹാദ് റെയിൽവേ ഡെപ്യട്ടി പ്രോജക്ട് മാനേജർ ഖലൂദ് അൽ മസ്റൂഈ പറഞ്ഞു.
320 പേരടങ്ങുന്ന ജീവനക്കാരാണ് പാലത്തിന്റെ നിർമാണരംഗത്തുണ്ടായിരുന്നത്. ചരക്കുഗതാഗതത്തിനുള്ള ചെലവ് ഗണ്യമായി കുറക്കുന്ന ഈ പാലത്തിലൂടെ ഗുഡ്സ് ട്രെയിനുകൾക്ക് പുറമെ പാസഞ്ചർ ട്രെയിനുകളും കടന്നുപോകും. യു എ ഇയിലെ ഏഴ് എമിറേറ്റുകളിലെ 11 മേഖലകളെ ബന്ധിപ്പിക്കുന്ന ഇത്തിഹാദ് റെയിലിന്റെ നിർമാണം ദ്രൂതഗതിയിലാണ് പുരോഗമിക്കുന്നത്.