ഇനി എൻട്രി പെർമിറ്റ് വേണ്ട...; റാസൽഖൈമ ജബൽ ജൈസ് പൂർണമായി തുറന്നു
അറ്റകുറ്റപ്പണികൾ പൂർത്തിയായി പ്രവർത്തനം സാധാരണ നിലയിലേക്ക്
റാസൽഖൈമ: കനത്ത മഴയെ തുടർന്നുണ്ടായ തകരാറുകൾ പരിഹരിക്കുന്നതിന് താത്കാലികമായി അടച്ചിട്ടിരുന്ന റാസൽഖൈമയിലെ ജബൽ ജൈസ് സന്ദർശകർക്ക് പൂർണമായും തുറന്നുകൊടുത്തു. ഇനി മുതൽ മലമുകളിലേക്ക് പോകുന്നതിന് പ്രത്യേക പ്രവേശന പെർമിറ്റുകളുടെ ആവശ്യമില്ലെന്ന് അധികൃതർ അറിയിച്ചു. ജനുവരി അവസാനം മലമുകളിലേക്ക് ഭാഗികമായി പ്രവേശനം അനുവദിച്ചിരുന്നു. റോഡുകളുടെ അറ്റകുറ്റപ്പണികൾ പൂർത്തിയായതോടെ എല്ലാ നിയന്ത്രണങ്ങളും നീക്കി പ്രവർത്തനം സാധാരണ നിലയിലേക്ക് എത്തിയതായും അധികൃതർ വ്യക്തമാക്കി.
എന്നാൽ 1484 by Puro റസ്റ്റോറന്റ് സന്ദർശിക്കുന്നവർക്ക് മുൻകൂർ റിസർവേഷൻ നിർബന്ധമാണ്. റെഡ് റോക്ക് ബിബിക്യുവും പ്രവർത്തനം പുനരാരംഭിച്ചു. ജൈസ് സ്കൈ ടൂർ ഫെബ്രുവരി 18 മുതൽ പ്രവർത്തനം പുനരാരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു. ബുധൻ മുതൽ ഞായർ വരെയുള്ള ദിവസങ്ങളിലും പൊതു അവധി ദിവസങ്ങളിലും രാവിലെ 9.30, 11.30, ഉച്ചയ്ക്ക് 2.00 എന്നീ സമയങ്ങളിൽ സിപ്പ് ലൈൻ സർവീസ് ലഭ്യമാകും.