ഉദുമ സ്വദേശി അബൂദബിയിൽ നിര്യാതനായി
മരണം മകളുടെ വിവാഹത്തിനായി നാട്ടിലേക്ക് പോകാനുള്ള ഒരുക്കത്തിനിടെ
അബൂദബി: ഉദുമ സ്വദേശി അബൂദബിയിൽ നിര്യാതനായി. അബൂദബിയിലെ ഷോപ്പ് ഉടമയും കാസർകോട് ഉദുമ എരോൽ കുന്നുമ്മൽ സ്വദേശിയുമായ അൻവർ സാദത്ത് മുക്കുന്നോത്ത് (48) ആണ് മരിച്ചത്. തിങ്കളാഴ്ച രാത്രി ഏറെ നേരം ഷോപ്പിൽ ഉണ്ടായിരുന്നു. പിന്നീട് ഉറങ്ങാൻ റൂമിലേക്ക് പോയ അൻവർ സാദത്തിനെ പുലർച്ചെ മരിച്ച നിലയിൽ കാണുകയായിരുന്നു. ഡോക്ടർമാരും പൊലീസുമെത്തി നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം ബനിയാസ് മോർച്ചറിയിലേക്ക് മാറ്റി.
ഉദുമ പഞ്ചായത്ത് കെഎംസിസി. ട്രഷററും അബൂദബി മദീന സായിദ് ഷോപ്പിംഗ് സെന്ററിലെ കാസ്‌കോ ഫാൻസി ഷോപ്പ് ഉടമയുമാണ്. മൂത്ത മകൾ റിസ്‌വാനയുടെ വിവാഹ ഒരുക്കങ്ങൾക്കായി അടുത്ത മാസം നാട്ടിൽ പോകാനുള്ള ഒരുക്കത്തിലായിരുന്നു സാദത്ത്. ഉദുമ ടൗൺ മുസ്‌ലിം ജമാഅത്ത് യുഎഇ കമ്മിറ്റി അംഗവുമാണ്.
പരേതനായ മുക്കുന്നോത്തെ എം.കെ ഹുസൈന്റെയും ആയിഷയുടെയും മകനാണ്. പൂച്ചക്കാട്ടെ റൈഹാനയാണ് ഭാര്യ. റിസ, റസ്‌വ, റഫീഫ എന്നിവരാണ് മറ്റു മക്കൾ. ഹനീഫ, മറിയക്കുഞ്ഞി, പരേതനായ അബ്ദുല്ലക്കുഞ്ഞി എന്നിവർ സഹോദരങ്ങളാണ്. മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടികൾ പൂർത്തിയായി വരികയാണെന്ന് കെഎംസിസി. പ്രവർത്തകർ അറിയിച്ചു.