Writer - രാഗേന്ദു പി.ആർ
Web Journalist
സോയ കൊണ്ടുള്ള രുചികരമായ വിഭവങ്ങള്‍ക്ക് ആരാധകര്‍ ഏറെയാണ്. എന്നാല്‍ സോയ ചങ്ക്സ് കഴിക്കുന്ന പലരും ഒരുപാട് സംശയങ്ങള്‍ ഉന്നയിക്കാറുണ്ട്. ഇത് ശരീരത്തിന് ദോഷമാണോ, ദിവസവും കഴിക്കാനാകുമോ, ഇതില്‍ ശരീരത്തിന് ആവശ്യമായ ഏതെങ്കിലും പോഷകങ്ങള്‍ അടങ്ങിയിട്ടുണ്ടോ, ഹോര്‍മോണ്‍ പ്രശ്‌നങ്ങള്‍ ഉണ്ടാകുമോ തുടങ്ങി നിരവധി ആശങ്കകള്‍.
എന്നാല്‍ യുഎസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഗ്യാസ്‌ട്രോ എന്‍ട്രോളജിസ്റ്റ് ഡോ. പാല്‍ പറയുന്നത് പ്രകാരം, ഗ്രാം കണക്കില്‍ നോക്കിയാല്‍ സോയ ചങ്ക്സില്‍ ചിക്കന് തുല്യമായോ അല്ലെങ്കില്‍ അതില്‍ കൂടുതലോ പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ട്. മാത്രമല്ല, ശരീരത്തിന് ആവശ്യമായ എല്ലാ അമിനോ ആസിഡുകളുടെയും ഡയറ്ററി ഫൈബറിന്റെയും ഒരു സമ്പൂര്‍ണ ഉറവിടം കൂടിയാണ് സോയ.
പക്ഷെ ഇത്രയധികം ഗുണങ്ങള്‍ ഉണ്ടായിട്ടും സോയയെ കുറിച്ച് നമുക്കിടയില്‍ ചില തെറ്റായ ധാരണകളുണ്ട്. അത്തരത്തിലുള്ള ചില മുന്‍വിധികളും അതിന്റെ സത്യാവസ്ഥകളും എന്തൊക്കെയെന്ന് നോക്കാം....
'പുരുഷന്മാരില്‍ സ്തനവളര്‍ച്ച ഉണ്ടാകും': സോയ കഴിച്ചാല്‍ പുരുഷന്മാരില്‍ ഈസ്ട്രജന്‍ ഹോര്‍മോണ്‍ കൂടുമെന്നും സ്തനവളര്‍ച്ച ഉണ്ടാകുമെന്നുമാണ് പ്രചാരണം. എന്നാല്‍ ഇത് വെറും തെറ്റിദ്ധാരണയാണ്. സസ്യങ്ങളില്‍ കാണപ്പെടുന്ന വീര്യം കുറഞ്ഞ ഫൈറ്റോ ഈസ്ട്രജന്‍ മാത്രമാണ് സോയയില്‍ ഉള്ളത്.
'തൈറോയ്ഡ് ഉള്ളവര്‍ കഴിക്കാന്‍ പാടില്ല': തൈറോയ്ഡ് ഉള്ളവര്‍ക്ക് സോയ കഴിക്കുന്നതില്‍ തടസമില്ല. എന്നാല്‍ തൈറോയ്ഡിനുള്ള മരുന്ന് കഴിച്ച് മൂന്നാല് മണിക്കൂറുകള്‍ കഴിഞ്ഞ ശേഷം മാത്രമേ സോയ കഴിക്കാന്‍ പാടുള്ളു.
'സ്ത്രീകളുടെ ആരോഗ്യത്തിന് ദോഷകരം': സോയ കഴിക്കുന്നത് സ്ത്രീകള്‍ക്ക് നല്ലതെല്ലെന്നാണ് മറ്റൊരു തെറ്റായ ചിന്ത. എന്നാല്‍ മെനോപോസ് ഘട്ടത്തിലുള്ള സ്ത്രീകള്‍ക്ക് ശരീരത്തിലെ ഹോര്‍മോണ്‍ സന്തുലിതാവസ്ഥ നിലനിര്‍ത്താന്‍ സോയാ ചങ്ക്‌സ് ഏറെ സഹായകമാണ്.
'ഗ്യാസിനും വയര്‍ വീര്‍ക്കുന്നതിനും കാരണമാകും': സോയ ചങ്ക്സ് കഴിക്കുമ്പോള്‍ ചിലരില്‍ ഗ്യാസ് ഉണ്ടാകാറുണ്ട്. എന്നാൽ ഇതിന് കാരണം വയറിന്റെ സെന്‌സിറ്റിവിറ്റിയാണ്. സോയ നന്നായി വെള്ളത്തില്‍ കുതിർത്ത് വെച്ചതിന് ശേഷം നല്ലപോലെ വേവിച്ച് കഴിച്ചാല്‍ ഇത് ഒഴിവാക്കാം.
'ദിവസവും കഴിക്കാന്‍ പാടില്ല': സോയ ദിവസവും കഴിക്കാവുന്ന ഒന്നാണ്. എന്നാല്‍ പ്രോട്ടീന് വേണ്ടി എപ്പോഴും സോയയെ മാത്രം ആശ്രയിക്കാതിരിക്കുക. കൂടാതെ, ഭാരം കുറയ്ക്കാനും ദഹനം സാധാരണ നിലയിലാക്കാനും മലബന്ധം തടയാനും അസ്ഥികളുടെ ആരോഗ്യത്തിനും സോയ ചങ്ക്സ് ഉത്തമമാണ്.