ഫാറ്റി ലിവർ നിസാരമാക്കരുത്; ശരീരം തരുന്ന ആദ്യ ലക്ഷണങ്ങൾ ഇവയാണ്!
ഫാറ്റി ലിവറിന്റെ ആദ്യ ലക്ഷണങ്ങൾ പലപ്പോഴും മനസ്സിലാക്കാൻ പറ്റാറില്ല. ഇതുകാരണം കരളിന് കാര്യമായ കേടുപാടുകൾ വരുമ്പോൾ മാത്രമാണ് പലരും ഈ അവസ്ഥ തിരിച്ചറിയാറുള്ളത്
ഇന്ന് പലർക്കുമുള്ള പ്രശ്നമാണ് ഫാറ്റിലിവർ. കരളിൽ അമിതമായി കൊഴുപ്പ് അടിഞ്ഞുകൂടുന്ന അവസ്ഥയാണിത്. തെറ്റായ ജീവിതശൈലി, ക്രമരഹിതമായ ഭക്ഷണരീതി, വ്യായാമക്കുറവ് ഇവയെല്ലാം ഇതിന് കാരണമാകുന്നുണ്ട്. മുമ്പൊക്കെ മദ്യപിക്കുന്നവരിൽ മാത്രമാണ് കണ്ടിരുന്നെങ്കിൽ ഇന്ന് അമിതവണ്ണം, പ്രമേഹം, ജങ്ക് ഫുഡുകളുടെ അമിത ഉപയോഗം എന്നിവ കാരണം മദ്യപിക്കാത്തവരിലും ഫാറ്റി ലിവർ സർവ സാധാരണമാണ്.
ഫാറ്റി ലിവറിന്റെ ആദ്യ ലക്ഷണങ്ങൾ പലപ്പോഴും നമ്മുക്ക് മനസ്സിലാക്കാൻ പറ്റാറില്ല. ഇതുകാരണം കരളിന് കാര്യമായ കേടുപാടുകൾ വരുമ്പോൾ മാത്രമാണ് പലരും ഈ അവസ്ഥ തിരിച്ചറിയാറുള്ളത്. ഫാറ്റി ലിവറിന്റെ ആദ്യ ലക്ഷണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.
1. വിട്ടുമാറാത്ത ക്ഷീണവും തളർച്ചയും
ഫാറ്റി ലിവറിന്റെ പ്രധാന ലക്ഷണങ്ങളിലൊന്നാണ് വിട്ടുമാറാത്ത ക്ഷീണം. ആവശ്യത്തിന് ഉറങ്ങിയാലും ഊർജ്ജമില്ലായ്മ, ക്ഷീണം, തളർച്ച എന്നിവ നിരന്തരം അനുഭവപ്പെടുന്നുണ്ടെങ്കിൽ അത് കരൾ നൽകുന്ന മുന്നറിയിപ്പാകാം. ശരീരത്തിലെ വിഷാംശങ്ങൾ പുറന്തള്ളുന്ന കരളിൽ കൊഴുപ്പ് അടിഞ്ഞു കൂടുന്നത് വഴിയാണ് നമ്മുക്ക് ക്ഷീണം തോന്നുന്നത്.
2. വയറിന്റെ വലതുഭാഗത്ത് വേദനയോ ഭാരമോ അനുഭവപ്പെടുക
വയറിന്റെ മുകൾഭാഗത്ത് വലതുവശത്തായാണ് കരളുള്ളത്. ഫാറ്റി ലിവറിന്റെ ആദ്യഘട്ടങ്ങളിൽ ഈ ഭാഗത്ത് നേരിയ വേദനയോ അല്ലെങ്കിൽ ഒരുതരം ഭാരമോ അനുഭവപ്പെടാം. ഇത് നിസ്സാരമായി കാണരുത്. ഫാറ്റിലിവർ കാരണമാകാം ഈ വേദന.
3. വയറുവീർക്കലും ദഹനക്കേടും
സാധാരണ കൂടുതൽ ഭക്ഷണം കഴിക്കുമ്പോഴല്ലേ നമ്മുക്ക് വയറുവീർപ്പ്, ഗ്യാസ് അസ്വസ്ഥതകൾ, ദഹനക്കേട് ഒക്കെ ഉണ്ടാകാറുള്ളത്. എന്നാൽ ഇടയ്ക്കിടെ ഈ പ്രശ്നങ്ങൾ അനുഭവപ്പെടുന്നുണ്ടെങ്കിൽ അവഗണിക്കരുത്. ഇതും ഫാറ്റി ലിവറിന്റെ ലക്ഷണമാണ്. ദഹനപ്രക്രിയയിൽ പ്രധാന പങ്കുവഹിക്കുന്ന ഒരു അവയവമാണ് കരൾ. കരളിന്റെ പ്രവർത്തനം തടസ്സപ്പെടുമ്പോഴാണ് ഭക്ഷണം ശരിയായി ദഹിക്കാതെ വരുന്നത്. ഇതാണ് പിന്നീട് ഗ്യാസ്, അസിഡിറ്റി തുടങ്ങിയ പ്രശ്നങ്ങൾക്ക് കാരണമാകുന്നത്.
4. വിശപ്പില്ലായ്മയും ഓക്കാനിക്കാൻ വരുന്നതും
ഫാറ്റി ലിവറുള്ള പലരിലും വിശപ്പ് കുറഞ്ഞുവരുന്നതായി കാണാറുണ്ട്. കുറഞ്ഞ അളവിൽ ഭക്ഷണം കഴിച്ചാൽ പോലും വയറ് നിറഞ്ഞതായി തോന്നുകയോ ചെയ്യാം. ചിലർക്ക് നേരിയ രീതിയിൽ ഓക്കാനവും അനുഭവപ്പെടാം.
(ഈ ലേഖനം പൊതുവായ വിവരങ്ങൾ നൽകാൻ മാത്രമുള്ളതാണ്. ഇതൊരിക്കലും പ്രൊഫഷണൽ മെഡിക്കൽ ഉപദേശത്തിന് പകരമാവില്ല. ഹൃദയാരോഗ്യവുമായി ബന്ധപ്പെട്ട ഏത് സംശയങ്ങൾക്കും ലക്ഷണങ്ങൾക്കും ഉടൻ തന്നെ ഒരു ഡോക്ടറെ സമീപിക്കുക)