'ബ്രൗൺ ബ്രെഡിന് പിന്നിലെ ആ വലിയ തട്ടിപ്പ്!'; മുന്നറിയിപ്പുമായി ഡോക്ടർ

വെളുത്ത ബ്രെഡിനേക്കാൾ ആരോഗ്യകരമാണ് ഇതെന്ന ധാരണയിലാണ് പലരും ഇത് വാങ്ങി കഴിക്കുന്നത്

Update: 2026-05-21 10:05 GMT

ഫിറ്റ്‌നസ് പ്രേമികളുടെയും ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവരുടെയും ഡയറ്റ് ലിസ്റ്റിൽ ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് ബ്രൗൺ ബ്രെഡ്. വെളുത്ത ബ്രെഡിനേക്കാൾ ആരോഗ്യകരമാണ് ഇതെന്ന ധാരണയിലാണ് പലരും ഇത് വാങ്ങി കഴിക്കുന്നത്. എന്നാൽ, ഇന്ത്യയിൽ വിൽക്കപ്പെടുന്ന ഭൂരിഭാഗം ബ്രൗൺ ബ്രെഡുകളും നമ്മൾ വിചാരിക്കുന്നത്ര 'ഹെൽത്തി' അല്ലെന്ന ഞെട്ടിക്കുന്ന മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് പ്രമുഖ ഗ്യാസ്‌ട്രോഇന്റസ്റ്റൈനൽ സർജനായ ഡോ. അൻഷുമാൻ കൗശൽ.

വാണിജ്യാടിസ്ഥാനത്തിൽ വിപണിയിലെത്തുന്ന മിക്ക ബ്രൗൺ ബ്രെഡുകളിലും അടങ്ങിയിരിക്കുന്നത് യഥാർത്ഥത്തിൽ ശുദ്ധീകരിച്ച മാവ് അഥവാ മൈദ തന്നെയാണ്! ഇതിന് ബ്രൗൺ നിറം നൽകാൻ വേണ്ടി മാത്രം 'INS 150A' എന്ന കാരമൽ കളർ അഡിറ്റീവ് കൃത്രിമമായി ചേർക്കുകയാണ് കമ്പനികൾ ചെയ്യുന്നത്.

Advertising
Advertising

"വെളുത്ത ബ്രെഡിന് പകരം ബ്രൗൺ ബ്രെഡ് കഴിക്കുന്നത് ആരോഗ്യകരമാണെന്ന് നിങ്ങൾ കരുതുന്നു. എന്നാൽ ബ്രെഡ് കമ്പനികൾ നിങ്ങളെ വിഡ്ഢികളാക്കുകയാണ് ചെയ്യുന്നത്. കഴിഞ്ഞ പത്ത് വർഷമായി ഇന്ത്യൻ മധ്യവർഗം വാങ്ങിക്കൂട്ടുന്ന ഏറ്റവും വലിയൊരു ചതിക്കുഴിയാണ് ബ്രൗൺ ബ്രെഡ് –" ഡോ. അൻഷുമാൻ കൗശൽ തന്‍റെ ഇന്‍സ്റ്റഗ്രാം വിഡിയോയില്‍ പങ്കുവെച്ച വിഡിയോയില്‍ പറയുന്നു.

ബ്രൗൺ ബ്രെഡ് യഥാർത്ഥത്തിൽ ആരോഗ്യകരമാണോ?

ബ്രൗൺ ബ്രെഡ് പൂർണ്ണമായും ഗോതമ്പ്  കൊണ്ട് ഉണ്ടാക്കിയതാണെന്നും അതിൽ കൂടുതൽ നാരുകളും പോഷകങ്ങളും കാർബോഹൈഡ്രേറ്റുകളും അടങ്ങിയിട്ടുണ്ടെന്നും ഭൂരിഭാഗം ഉപഭോക്താക്കളും കരുതുന്നു. എന്നാൽ, ഇന്ത്യയിലെ ഫുഡ് ലേബലിംഗ് നിയമങ്ങൾ അനുസരിച്ച്, 50 ശതമാനം മാത്രം ഗോതമ്പ് മാവ് അടങ്ങിയിട്ടുണ്ടെങ്കിൽ പോലും കമ്പനികൾക്ക് അതിനെ 'ബ്രൗൺ ബ്രെഡ്' എന്ന് ലേബൽ ചെയ്യാം.ബാക്കി പകുതി ഭാഗവും പലപ്പോഴും മൈദ  തന്നെയാണ് ചേർക്കുന്നത്.

ഇതിനർത്ഥം, ആരോഗ്യകരമെന്ന പേരിൽ വിപണിയിലെത്തുന്ന പല ബ്രെഡുകളും ശരീരത്തിനുള്ളിൽ എത്തിയാൽ സാധാരണ വെളുത്ത ബ്രെഡിനെപ്പോലെ തന്നെയാണ് പ്രവർത്തിക്കുക എന്നാണ്.

"ചേരുവകളുടെ പട്ടികയിൽ 51 ശതമാനം ഗോതമ്പ് എന്ന് എഴുതിയിട്ടുണ്ടെങ്കിൽ ബാക്കി 49 ശതമാനം എന്താണ്? തീർച്ചയായും അത് മൈദയാണ് – വെളുത്ത ബ്രെഡ് ഉണ്ടാക്കാൻ ഉപയോഗിക്കുന്ന അതേ മൈദ. അതിന് നൽകിയിരിക്കുന്ന ബ്രൗൺ നിറമാകട്ടെ, കൊക്കകോളയിൽ ഉപയോഗിക്കുന്ന അതേ കരാമൽ നിറവുമാണ്. പാക്കറ്റിന്റെ പുറകിലെ ലേബൽ വായിക്കുക. അതിൽ ആദ്യം എഴുതിയിരിക്കുന്ന ചേരുവ മാത്രമാണ് പ്രധാനം," പാക്കറ്റിന്റെ മുൻവശത്തെ ആകർഷകമായ പരസ്യങ്ങളിൽ വീണുപോകാതെ ചേരുവകളുടെ ലിസ്റ്റ് കൃത്യമായി പരിശോധിക്കണമെന്നും ഡോ. അൻഷുമാൻ കൗശൽ പറഞ്ഞു.

ഗ്ലൈസെമിക് ഇൻഡക്സിലെ വ്യത്യാസം 

രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിൽ ബ്രൗൺ ബ്രെഡ് വളരെ മികച്ചതാണെന്നതാണ് ഇതിനെക്കുറിച്ചുള്ള ഏറ്റവും വലിയ ധാരണ. എന്നാൽ ശാസ്ത്രീയ വിവരങ്ങൾ സൂചിപ്പിക്കുന്നത് ഈ വ്യത്യാസം വളരെ നിസ്സാരമാണെന്നാണ്.

ഡയബറ്റിസ് കെയര്‍ എന്ന ജേണലിൽ പ്രസിദ്ധീകരിച്ച പഠനമനുസരിച്ച്, വെളുത്ത ബ്രെഡിന്റെ ഗ്ലൈസെമിക് ഇൻഡക്സ് (GI) 75 ആണെങ്കിൽ, ബ്രൗൺ ബ്രെഡിന്റേത് ഏകദേശം 74 ആണ് – അതായത് വെറും ഒരു പോയിന്റിന്റെ വ്യത്യാസം മാത്രമാണുള്ളത്.  ഒരു ഭക്ഷണം എത്ര വേഗത്തിലാണ് രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂട്ടുന്നത് എന്ന് അളക്കുന്ന സംവിധാനമാണ് ഗ്ലൈസെമിക് ഇൻഡക്സ്. ഉയർന്ന ഗ്ലൈസെമിക് ഇൻഡക്സ്ഉള്ള ഭക്ഷണങ്ങൾ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് പെട്ടെന്ന് വർധിപ്പിക്കുകയും ഇത് ശരീരഭാരം കൂടുന്നതിനും ഇൻസുലിൻ പ്രതിരോധത്തിനും അമിതമായ വിശപ്പിനും കാരണമാവുകയും ചെയ്യും.

കൂടുതൽ നാരുകൾ അടങ്ങിയ യഥാർത്ഥ മൾട്ടിഗ്രെയിൻ അല്ലെങ്കിൽ ഗോതമ്പ് കൊണ്ടല്ല ബ്രെഡ് ഉണ്ടാക്കുന്നതെങ്കിൽ, വെറുതെ നിറം മാറ്റിയത് കൊണ്ട് മാത്രം അത് ആരോഗ്യകരമാകില്ലെന്ന് വിദഗ്ധർ പറയുന്നു.

പാക്കറ്റ് ബ്രെഡുകളിൽ ഒളിഞ്ഞിരിക്കുന്ന രാസവസ്തുക്കൾ

പാക്കറ്റുകളിൽ വരുന്ന ബ്രെഡുകളിൽ ഉപയോഗിക്കുന്ന രാസവസ്തുക്കൾ  നീണ്ട നിരയും വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. വാണിജ്യാടിസ്ഥാനത്തിൽ നിർമ്മിക്കുന്ന ബ്രെഡുകളിൽ INS 471, INS 472e, INS 481 തുടങ്ങിയ എമൽസിഫയറുകൾ ഉൾപ്പെടെ 8 മുതൽ 12 വരെ അഡിറ്റീവുകൾ അടങ്ങിയിട്ടുണ്ട്.

ബ്രെഡിന്റെ ഘടന മെച്ചപ്പെടുത്താനും കൂടുതൽ ദിവസം കേടുകൂടാതെ ഇരിക്കാനും സോഫ്റ്റ്‌നസ് നിലനിർത്താനും ഈ രാസവസ്തുക്കൾ സഹായിക്കുമെങ്കിലും, ഇവ വയറിന്റെ ആരോഗ്യത്തെ ദോഷകരമായി ബാധിച്ചേക്കാമെന്ന് ചില ഗവേഷണങ്ങൾ സൂചിപ്പിക്കുന്നു. 2015-ൽ നേച്ചറിൽ പ്രസിദ്ധീകരിച്ച  ഒരു പഠനത്തിൽ, ചില എമൽസിഫയറുകൾ വയറ്റിലെ നല്ല ബാക്ടീരിയകളുടെ നാശത്തിനും  കുടലിലെ വീക്കത്തിനും  ഇത് കാരണമാകുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇത്തരം അൾട്രാ-പ്രോസസ്ഡ് ഭക്ഷണങ്ങളും രാസവസ്തുക്കളും ദഹനത്തെയും മെറ്റബോളിസത്തെയും ദീർഘകാല ആരോഗ്യത്തെയും എങ്ങനെ ബാധിക്കുന്നു എന്നതിനെക്കുറിച്ച് ശാസ്ത്രജ്ഞർ ഇപ്പോഴും പഠനങ്ങൾ നടത്തിവരികയാണ്.

ആരോഗ്യകരമായ ബ്രെഡ് എങ്ങനെ തെരഞ്ഞെടുക്കാം?

ബ്രെഡ് വാങ്ങുന്നതിന് മുൻപ് അതിന്റെ ചേരുവകൾ അടങ്ങിയ ലേബൽ ശ്രദ്ധാപൂർവം പരിശോധിക്കാൻ പോഷകാഹാര വിദഗ്ധര്‍ നിർദേശിക്കുന്നു. ഏറ്റവും ആരോഗ്യകരമായ ബ്രെഡുകളുടെ ചേരുവകളുടെ ലിസ്റ്റിൽ ആദ്യത്തെ ഘടകം 100% ഗോതമ്പ് എന്ന് കാണിക്കും. കൂടാതെ ഫൈബര്‍ കണ്ടന്‍റും കൂടുതലായിരിക്കും. അതേസമയം, അഡിറ്റീവുകളും പ്രിസർവേറ്റീവുകളും വളരെ കുറവായിരിക്കണം. കൃത്രിമ കാരാമൽ നിറങ്ങൾ ചേർക്കാൻ പാടില്ല. അമിതമായി പ്രോസസ്സ് ചെയ്ത ചേരുവകൾ കുറവായിരിക്കണം. ഇത്തരം ബ്രെഡുകള്‍ ആരോഗ്യകരമായിരിക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നു.

അതേസമയം,  പാക്കറ്റുകളിൽ ലഭിക്കുന്ന ഇത്തരം പ്രോസസ്ഡ് ഭക്ഷണങ്ങളുടെ ഉപയോഗം പരമാവധി കുറക്കാനാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുന്നത്. പകരം നാരുകൾ അടങ്ങിയ പ്രകൃതിദത്ത ഭക്ഷണങ്ങൾ ദൈനംദിന ആഹാരത്തിൽ ഉൾപ്പെടുത്തണമെന്നും വിദഗ്ധർ നിർദേശിക്കുന്നു.


Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

By - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Similar News