ലോകമെമ്പാടുമുള്ള അടുക്കളകളിൽ ഏറ്റവും സാധാരണയായി ഉപയോഗിക്കുന്ന ചേരുവകളിൽ ഒന്നാണ് ഉപ്പ്. പല ബ്രാൻഡുകളിലുള്ള ഉപ്പുകൾ വിപണിയിൽ ഉണ്ടെങ്കിലും വിലയിൽ വലിയ വ്യത്യാസമൊന്നും ഉണ്ടാകാറില്ല. ഒരു കിലോ ഉപ്പിന് കൂടിവന്നാൽ 20-25 രൂപയെ വരൂ. എന്നാൽ ലോകത്തിലെ ഏറ്റവും വില കൂടിയ വാങ്ങണമെങ്കിൽ ഇതൊന്നും കൊടുത്താൽ പോരാ...പൊന്നുംവില തന്നെ കൊടുക്കേണ്ടി വരും.
കൊറിയൻ ബാംബൂ സാൾട്ട് അഥവാ 'ജുഗ്യോം' ആണ് ലോകത്തിലെ ഏറ്റവും ചെലവേറിയ ഉപ്പായി അറിയപ്പെടുന്നത്. ഒൻപത് തവണ വറുത്തെടുക്കുന്ന (Roasted) ഇതിന്റെ പ്രീമിയം ഇനങ്ങൾക്ക് ഒരു കിലോഗ്രാമിന് ഏകദേശം 400 യുഎസ്. ഡോളറോളമാണ് ( 33,000 രൂപ) വില വരുന്നത്.
എന്താണ് കൊറിയൻ ബാംബൂ സാൾട്ട്?
കടലുപ്പും മുളയും ഉപയോഗിച്ച് നിർമ്മിക്കുന്ന ഒരു പരമ്പരാഗത കൊറിയൻ ഉപ്പാണിത്. മൂത്തുവിളഞ്ഞ മുളങ്കുഴലുകളിൽ ഉപ്പ് അമർത്തിനിറച്ച്, അറ്റങ്ങൾ കളിമണ്ണ് ഉപയോഗിച്ച് അടച്ച ശേഷം വലിയ ചൂളകളിൽ വച്ചാണ് ചുട്ടെടുക്കുന്നത്. ഈ പ്രക്രിയ പലതവണ ആവർത്തിക്കുന്നു.
എന്തുകൊണ്ടാണ് ഇത്ര വില?
ഇതിന്റെ സങ്കീർണവും അപൂർവ്വവുമായ നിർമ്മാണ രീതി തന്നെയാണ് ഇതിന് ഇത്രയധികം വിലയാകാനുള്ള പ്രധാന കാരണം. കടലുപ്പ് മൂത്തുവിളഞ്ഞ മുളങ്കുഴലുകളിൽ നിറച്ച് കളിമണ്ണുകൊണ്ട് അടച്ച ശേഷം ഉയർന്ന താപനിലയിൽ വറുത്തെടുക്കുന്നു. തുടർന്ന് പുറത്തെടുക്കുന്ന ഉപ്പ് തണുപ്പിച്ച ശേഷം വീണ്ടും മുളങ്കുഴലുകളിൽ നിറച്ച് 9 തവണ വരെ ഈ പ്രക്രിയ ആവർത്തിക്കുന്നു. കൈകൊണ്ട് മാത്രം സാധ്യമാകുന്ന ഈ കഠിനാധ്വാനവും ദീർഘമായ നിർമാണ സമയവുമാണ് ഇതിന്റെ വലിയ വിലയ്ക്ക് കാരണം.
എന്തുകൊണ്ടാണ് ഇതിനെ 'നൈൻ-ടൈംസ്-റോസ്റ്റഡ് സാൾട്ട്' എന്ന് വിളിക്കുന്നത്?
ഇതിന്‍റെ നിർമാണ രീതി തന്നെയാണ് കാരണം. ചൂളകളിൽ വച്ച് ഉയർന്ന താപനിലയിൽ ഉപ്പ് പലതവണ വറുത്തെടുക്കുന്നു. ഏറ്റവും ഉയർന്ന ഗുണമേന്മയുള്ള പ്രീമിയം ഇനങ്ങളിൽ ഈ പ്രക്രിയ കൃത്യമായി ഒൻപത് തവണ പൂർത്തിയാക്കുന്നു.
നിർമാണ പ്രക്രിയയുടെ ഒരു പ്രധാന ഘടകമായി മുള ഉപയോഗിക്കുന്നുണ്ടെങ്കിലും, ഉപ്പ് അടിസ്ഥാനപരമായി സമുദ്രജലത്തിൽ നിന്നുള്ളതാണ്. കടലുപ്പ് മുളങ്കുഴലുകളിൽ നിറച്ച ശേഷമാണ് ചൂളകളിൽ വച്ച് വറുത്തെടുക്കുന്നത്.
സാധാരണ ഹിമാലയൻ പിങ്ക് സാൾട്ടിനേക്കാൾ വളരെ ഉയർന്ന വിലയുള്ളതാണ് പ്രീമിയം ബാംബൂ സാൾട്ട്. സാധാരണ ഉപ്പിൽ നിന്നും വ്യത്യസ്തമായി, ആഴ്ചകളോളം നീളുന്ന അധ്വാനവും ഉയർന്ന താപനിലയിലുള്ള നിർമാണ പ്രക്രിയയുമാണ് ബാംബൂ സാൾട്ടിന്റെ മൂല്യം കൂട്ടുന്നത്.