രാവിലെ വെറും വയറ്റിൽ നമ്മൾ കഴിക്കുന്ന ഭക്ഷണം അന്നത്തെ ദിവസം മുഴുവൻ നമ്മളെ എങ്ങനെ ബാധിക്കുമെന്ന് ചിന്തിച്ചിട്ടുണ്ടോ? ദിവസം മുഴുവൻ ഉന്മേഷത്തോടെ ഇരിക്കുമോ അതോ പെട്ടെന്ന് ക്ഷീണിച്ച് അവശരാകുമോ എന്നത് നമ്മൾ കഴിക്കുന്ന പ്രഭാതഭക്ഷണം അനുസരിച്ചിരിക്കും. അതുകൊണ്ട് തന്നെ കുടലിന്റെ ആരോഗ്യത്തിന് അനുയോജ്യമായ, പ്രോട്ടീനും നാരുകളും ധാരാളമടങ്ങിയ ഭക്ഷണങ്ങൾ രാവിലെ കഴിക്കാനാണ് വിദഗ്ധർ എപ്പോഴും നിർദേശിക്കാറുള്ളത്.
രാവിലെ വെറും വയറ്റിൽ ഒരിക്കലും കഴിക്കാൻ പാടില്ലാത്ത മൂന്ന് ഭക്ഷണങ്ങളെക്കുറിച്ച് ഫോർട്ടിസ് ഹോസ്പിറ്റലിലെ പ്രമുഖ ഗ്യാസ്ട്രോഎൻട്രോളജിസ്റ്റായ ഡോ. ശുഭം വത്സ്യ വിശദീകരിക്കുന്നു:
നാരങ്ങയും സിട്രസ് പഴങ്ങളും
വെറും വയറ്റിൽ നാരങ്ങാവെള്ളമോ ഓറഞ്ച് പോലുള്ള സിട്രസ് പഴങ്ങളോ കഴിക്കുന്നത് നല്ലതല്ല. ഇവയിൽ ആസിഡിന്റെ അംശം വളരെ കൂടുതലാണ്. ഇത് കുടലിന്റെ ആവരണത്തെ നേരിട്ട് ബാധിക്കുകയും എരിച്ചിലിനും അസിഡിറ്റിക്കും ) കാരണമാവുകയും ചെയ്യും.
ബ്ലാക്ക് കോഫി
രാവിലെ എഴുന്നേറ്റയുടൻ ഒരു കപ്പ് ബ്ലാക്ക് കോഫി കുടിക്കുന്ന ശീലമുണ്ടോ? കുടലിലേക്ക് പെട്ടെന്ന് ആസിഡ് ഒഴിക്കുന്നതിന് തുല്യമാണിതെന്ന് ഡോക്ടർ വ്യക്തമാക്കുന്നു. വെറും വയറ്റിൽ ബ്ലാക്ക് കോഫി കുടിക്കുന്നത് അമിതമായ ആസിഡ് ഉൽപാദനത്തിന് കാരണമാവുകയും വയറുവീർപ്പ്, അസ്വസ്ഥതകൾ, പെട്ടെന്നുള്ള ക്ഷീണം എന്നിവയിലേക്ക് നയിക്കുകയും ചെയ്യും.
എരിവുള്ള ഭക്ഷണങ്ങൾ
രാവിലത്തെ ഭക്ഷണത്തിൽ അമിതമായ എരിവ് ഉൾപ്പെടുത്തുന്നത് കുടലിൽ എരിച്ചിലിനും ദീർഘകാല നീർക്കെട്ടിനും കാരണമാകും. ചോലെ ഭട്ടൂര, പാവ് ഭാജി, കച്ചോരി തുടങ്ങിയ എരിവും മസാലകളും കൂടിയ ഭക്ഷണങ്ങൾ വെറും വയറ്റിൽ കഴിക്കുന്നത് പൂർണമായും ഒഴിവാക്കണമെന്ന് ഡോക്ടർ നിർദേശിക്കുന്നു.
പകരം എന്ത് കഴിക്കാം?
ദിവസത്തിന്റെ തുടക്കം എപ്പോഴും കുടലിന് അനുയോജ്യമായ മൃദുവായ ഭക്ഷണങ്ങളിലൂടെ ആയിരിക്കണമെന്ന് ഡോക്ടർ പറയുന്നു. ഇതിനായി താഴെ പറയുന്ന ആരോഗ്യകരമായ ഭക്ഷണങ്ങൾ നിങ്ങൾക്ക് ഉൾപ്പെടുത്താം:
- കുതിർത്ത നട്സുകൾ
- ഓട്സ്
- ഏത്തപ്പഴം, ആപ്പിൾ
- ബ്രെഡ് ഓംലെറ്റ്
- പുഴുങ്ങിയ മുട്ട (രണ്ടെണ്ണം)
- ഇഡ്ഡലി-സാമ്പാർ, ദോശ-സാമ്പാർ എന്നിവ
(ഈ ലേഖനം പൊതുവായ വിവരങ്ങൾ നൽകാൻ മാത്രമുള്ളതാണ്. ഇതൊരിക്കലും പ്രൊഫഷണൽ മെഡിക്കൽ ഉപദേശത്തിന് പകരമാവില്ല. നിങ്ങളുടെ ആരോഗ്യസ്ഥിതിക്കനുസരിച്ച് ഡയറ്റിൽ മാറ്റങ്ങൾ വരുത്തുമ്പോൾ എപ്പോഴും ഒരു ഡോക്ടറെയോ ഡയറ്റീഷ്യനെയോ സമീപിക്കുക)