കരളിന്റെ ആരോഗ്യത്തെക്കുറിച്ച് സംസാരിക്കുമ്പോൾ എപ്പോഴും ചർച്ച ചെയ്യപ്പെടുന്നത് മദ്യപാനത്തെക്കുറിച്ചാണ്. എന്നാൽ കരളിന് കേടുപാടുകൾ സംഭവിക്കാൻ മദ്യപാനം മാത്രമാണോ കാരണം? അല്ല എന്നതാണ് സത്യം. രക്തത്തിൽ കലരുന്ന മരുന്നുകളും പോഷകങ്ങളും മറ്റ് ഘടകങ്ങളും പ്രോസസ് ചെയ്യാൻ കരൾ ആവശ്യമാണ്. വിശ്രമമില്ലാതെ പ്രവർത്തിക്കുന്ന കരൾ ഊർജം സന്തുലിതമാക്കുക, മരുന്നുകളെ വിഘടിപ്പിക്കുക, രക്തം ശുദ്ധീകരിക്കുക, ദഹനത്തിന് സഹായിക്കുക തുടങ്ങി നൂറുകണക്കിന് സുപ്രധാന ജോലികളാണ് ചെയ്യുന്നത്.
മദ്യപാനം മാത്രമല്ല, നമ്മുടെ ചില ദൈനംദിന ശീലങ്ങളും കരളിന്റെ ആരോഗ്യത്തെ സാരമായി ബാധിക്കുന്നുണ്ട്. ഫാറ്റി ലിവർ പോലുള്ള അസുഖങ്ങൾ യാതൊരു ലക്ഷണങ്ങളുമില്ലാതെ ശരീരത്തിൽ രൂപപ്പെടാൻ താഴെ പറയുന്ന ഈ ശീലങ്ങൾ കാരണമാകും:
മധുരപാനീയങ്ങളുടെ ഉപയോഗം
സോഡ, മധുരമുള്ള കോഫി, പാക്കറ്റിൽ ലഭിക്കുന്ന ജ്യൂസുകൾ, എനർജി ഡ്രിങ്കുകൾ എന്നിവയിൽ ഫ്രക്ടോസ് അമിതമായ അളവിൽ അടങ്ങിയിട്ടുണ്ട്. ഇത്തരം പാനീയങ്ങളിലൂടെ ശരീരത്തിലെത്തുന്ന പഞ്ചസാര ഫാറ്റി ലിവറിന് കാരണമാകും. അതിനാൽ ഫാറ്റി ലിവർ ഉള്ളവർ അമിതമായി മധുരം അടങ്ങിയ ഭക്ഷണങ്ങളും പാനീയങ്ങളും ഒഴിവാക്കണമെന്ന് ആരോഗ്യ വിദഗ്ധർ നിർദേശിക്കുന്നു.
മണിക്കൂറുകളോളം അനങ്ങാതെയുള്ള ഇരുപ്പ്
ഓഫീസിലോ കാറിലോ സോഫയിലോ ആയി മണിക്കൂറുകളോളം ഇരുന്ന് ജോലി ചെയ്യുന്നവരാണോ നിങ്ങൾ? മസിലുകൾക്ക് യാതൊരു അനക്കവുമില്ലാതെ ഇങ്ങനെ ഇരിക്കുമ്പോൾ വളരെ കുറഞ്ഞ അളവിലുള്ള ബ്ലഡ് ഷുഗർ മാത്രമാണ് ഉപയോഗിക്കപ്പെടുന്നത്. "അധികമായി വരുന്ന ഈ ഊർജം വീണ്ടും കരളിലേക്ക് തന്നെ എത്തുകയും അവ കൊഴുപ്പായി കരളിൽ അടിയുകയും ചെയ്യും. മെലിഞ്ഞ പ്രകൃതമുള്ളവരിൽ പോലും ഇത് സംഭവിക്കാം," ഗുഡ്ഗാവിലെ പാരാസ് ഹോസ്പിറ്റലിലെ ലിവർ ട്രാൻസ്പ്ലാന്റ് ആൻഡ് ജിഐ സർജറി ഗ്രൂപ്പ് ഡയറക്ടറായ ഡോ. അങ്കുർ ഗാർഗ് വ്യക്തമാക്കുന്നു. ഇതിന് പരിഹാരമായി ആഴ്ചയിൽ 150 മിനിറ്റെങ്കിലും വ്യായാമം ചെയ്യണം.
ഗുളികകളുടെ അനാവശ്യ ഉപയോഗം
വേദനസംഹാരികൾ വളരെ ഉപകാരപ്രദമായ ഒന്നാണെങ്കിലും, ചെറിയ ബുദ്ധിമുട്ടുകൾക്ക് പോലും സ്ഥിരമായി ഇത്തരം മരുന്നുകൾ കഴിക്കുന്നത് കരളിന് വലിയ ആയാസം നൽകും. അനാവശ്യമായി ഇത്തരം കെമിക്കലുകൾ ശരീരത്തിലെത്തുമ്പോൾ അത് പ്രോസസ് ചെയ്ത് കളയുക എന്നത് കരളിന്റെ ജോലിയാണ്. കൂടാതെ, 'നാച്ചുറൽ' അല്ലെങ്കിൽ 'ഹെർബൽ' എന്ന ലേബലിൽ വരുന്ന സപ്ലിമെന്റുകൾക്കും ഡിറ്റോക്സ് ചായകൾക്കും കരളിനെ ദോഷകരമായി ബാധിക്കാൻ കഴിയും. അതിനാൽ ഡോക്ടറുടെ നിർദേശപ്രകാരം മാത്രമേ ഇവ ഉപയോഗിക്കാവൂ.
ഉറക്കക്കുറവും അസമയത്തെ ഭക്ഷണവും
കൃത്യമായ ഉറക്കം ലഭിക്കാതിരിക്കുന്നത് കോർട്ടിസോൾ പോലുള്ള സ്ട്രെസ് ഹോർമോണുകൾ വർധിപ്പിക്കുകയും അത് വയറിലും കരളിലും കൊഴുപ്പ് അടിയാൻ കാരണമാവുകയും ചെയ്യും. അതുപോലെ, രാത്രി വൈകി അമിതമായി ഭക്ഷണം കഴിക്കുന്ന ശീലവും കരളിനെ ബാധിക്കും. നമ്മുടെ ശരീരത്തിന് അതിന്റേതായ ഒരു ഇന്റേണൽ ക്ലോക്ക് ഉണ്ടെന്ന് ഡോക്ടർ ഓർമിപ്പിക്കുന്നു.
മദ്യപാനം
കരളിനെ നശിപ്പിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട വില്ലൻ മദ്യപാനം തന്നെയാണ്. സ്ഥിരമായി മദ്യപിക്കുന്നത് ഫാറ്റി ലിവർ, ഇൻഫ്ലമേഷൻ, ലിവർ സിറോസിസ് തുടങ്ങിയ മാരകമായ അവസ്ഥകളിലേക്ക് നയിക്കും. അതിനാൽ മദ്യപാനം പൂർണമായും ഒഴിവാക്കുന്നത് തന്നെയാണ് കരളിന്റെ ആരോഗ്യം സംരക്ഷിക്കാനുള്ള ഏറ്റവും മികച്ച വഴി.
കരളിന് ചെറിയ കേടുപാടുകൾ സംഭവിച്ചാൽ അത് സ്വയം പരിഹരിക്കാനുള്ള കഴിവുണ്ട്. "ഇതിനായി വിലകൂടിയ ഡിറ്റോക്സ് ഡ്രിങ്കുകൾ കുടിക്കേണ്ട ആവശ്യമില്ല. പകരം നമ്മുടെ മെറ്റബോളിസത്തെ ബാധിക്കുന്ന ഇത്തരം ദൈനംദിന ശീലങ്ങൾ മാറ്റിയാൽ മതിയാകും," ഡോക്ടർ ഗാർഗ് നിർദേശിക്കുന്നു. കൃത്യമായ ഉറക്കം, ദിവസവും 20-30 മിനിറ്റ് നടത്തം, മധുരം കുറഞ്ഞ പാനീയങ്ങൾ തിരഞ്ഞെടുക്കൽ എന്നിവയിലൂടെ കരളിന്റെ ആരോഗ്യം മികച്ച രീതിയിൽ നിലനിർത്താൻ സാധിക്കും.
(ഈ ലേഖനം പൂർണമായും വിവരങ്ങൾ നൽകാൻ മാത്രമുള്ളതാണ്. ലിവർ സപ്ലിമെന്റുകളോ ഹെർബൽ മരുന്നുകളോ ഉപയോഗിക്കുന്നതിന് മുമ്പായി തീർച്ചയായും ഒരു ഡോക്ടറുടെ ഉപദേശം തേടുക.)