കുറഞ്ഞ ചെലവില്‍ വളരെ എളുപ്പം മുടിയുടെ ആരോഗ്യം മെച്ചപ്പെടുത്താം; ഭക്ഷണത്തില്‍ ഈ ആറ് കാര്യങ്ങള്‍ ഉള്‍പ്പെടുത്തൂ

ശരീരത്തിന് ആവശ്യമായ പോഷകങ്ങള്‍ കൃത്യമായി ലഭിക്കേണ്ടത് മുടിയുടെ വളര്‍ച്ചയ്ക്കും കരുത്തിനും പ്രധാനമാണ്

Update: 2026-09-09 09:10 GMT

പുറമേ ഉപയോഗിക്കുന്ന ഹെയര്‍ കെയര്‍ ഉല്‍പന്നങ്ങള്‍ മാത്രം മതിയാകില്ല മുടിയുടെ ആരോഗ്യത്തിന്. ശരീരത്തിന് ആവശ്യമായ പോഷകങ്ങള്‍ കൃത്യമായി ലഭിക്കേണ്ടത് മുടിയുടെ വളര്‍ച്ചയ്ക്കും കരുത്തിനും പ്രധാനമാണ്. വിറ്റാമിനുകളും ധാതുക്കളും പ്രോട്ടീനും ആരോഗ്യകരമായ കൊഴുപ്പുകളും അടങ്ങിയ ഭക്ഷണങ്ങള്‍ പതിവാക്കുന്നത് മുടിയുടെ ആരോഗ്യത്തിന് സഹായകരമാകും. മുടിയുടെ ആരോഗ്യത്തിന് വളരെ കുറഞ്ഞ ചെലവിലും എളുപ്പത്തിലും ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്താവുന്ന ആറ് ഇനങ്ങള്‍ ഇതാ.

 

നെല്ലിക്ക: വിറ്റാമിന്‍ സി, ആന്റിഓക്സിഡന്റുകള്‍ എന്നിവ ധാരാളമായി അടങ്ങിയ നെല്ലിക്ക മുടിയുടെ ആരോഗ്യത്തിന് ഏറെ ഗുണകരമായ ഭക്ഷണമായാണ് പരിഗണിക്കപ്പെടുന്നത്. വിറ്റാമിന്‍ സി കൊളാജന്‍ നിര്‍മാണത്തിലും പ്രധാന പങ്കുവഹിക്കുന്നു.

Advertising
Advertising

 

തൈര്: പ്രോട്ടീന്‍, സിങ്ക്, പ്രോബയോട്ടിക്സ് തുടങ്ങിയ പോഷകങ്ങള്‍ തൈരില്‍ അടങ്ങിയിട്ടുണ്ട്. തൈര് നേരിട്ടോ ഓട്സ്, സാലഡ് തുടങ്ങിയവയ്ക്കൊപ്പമോ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം.

 

മുട്ട: മുടിയുടെ ഘടനയ്ക്കും വളര്‍ച്ചയ്ക്കും ആവശ്യമായ പ്രോട്ടീനും ബയോട്ടിനും ലഭിക്കുന്ന ഭക്ഷണമാണ് മുട്ട. മുട്ട പുഴുങ്ങിയോ, ഓംലെറ്റാക്കിയോ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം.

 

പംപ്കിന്‍ സീഡ്: ആരോഗ്യകരമായ കൊഴുപ്പ്, ഇരുമ്പ്, സിങ്ക്, മഗ്‌നീഷ്യം തുടങ്ങിയ പോഷകങ്ങള്‍ മത്തങ്ങക്കുരുവില്‍ ലഭിക്കും. സാലഡിലോ തൈരിലോ ഓട്സിലോ ചേര്‍ത്തും കഴിക്കാം.

 

ചീര: ഇരുമ്പും വിറ്റാമിന്‍ സിയും അടങ്ങിയ ചീര മുടിയുടെ ഫോളിക്കിളുകള്‍ക്ക് ആവശ്യമായ പോഷകങ്ങള്‍ ലഭിക്കാന്‍ സഹായിക്കും. കറി, പരിപ്പ്, സൂപ്പ്, സാലഡ് തുടങ്ങിയ രീതികളില്‍ ചീര ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം.

 

മധുരക്കിഴങ്ങ്: ബീറ്റാ കരോട്ടിന്‍ ധാരാളമായി അടങ്ങിയ മധുരക്കിഴങ്ങ് ശരീരത്തില്‍ വിറ്റാമിന്‍ എ ആയി മാറുന്നു. മുടിയുടെ വളര്‍ച്ചയ്ക്കും തലയോട്ടിയുടെ ആരോഗ്യത്തിനും വിറ്റാമിന്‍ എ പ്രധാനമാണ്.

ശ്രദ്ധിക്കുക: ഈ ഭക്ഷണങ്ങള്‍ മുടി കൊഴിച്ചില്‍ പൂര്‍ണമായി തടയുകയോ പുതിയ മുടി ഉറപ്പായി വളര്‍ത്തുകയോ ചെയ്യുമെന്ന് പറയാനാകില്ല. പോഷകക്കുറവ്, ഹോര്‍മോണ്‍ മാറ്റങ്ങള്‍, ജനിതക ഘടകങ്ങള്‍, ചില രോഗാവസ്ഥകള്‍ തുടങ്ങി മുടികൊഴിച്ചിലിന് പല കാരണങ്ങളുണ്ടാകാം. അതിനാല്‍ അമിതമായ മുടികൊഴിച്ചില്‍ തുടരുന്നുണ്ടെങ്കില്‍ വിദഗ്ധന്റെ നിര്‍ദേശം തേടുന്നതാണ് ഉചിതം. 

Tags:    

Writer - ശരത് ലാൽ തയ്യിൽ

Chief Web Journalist

Editor - ശരത് ലാൽ തയ്യിൽ

Chief Web Journalist

By - Web Desk

contributor

Similar News