കാലുകളിലെ ഈ മാറ്റങ്ങൾ നിസ്സാരമാക്കേണ്ട; കരൾ നൽകുന്ന മുന്നറിയിപ്പാകാം
കരളിന്റെ ആരോഗ്യം മോശമാകുന്നുവെന്നതിന്റെ ആദ്യ സൂചനകൾ കാലുകൾ നമ്മുക്ക് കാണിച്ചുതരും
ശരീരത്തിലെ പ്രധാനപ്പെട്ട ആന്തരികാവയവങ്ങളിൽ ഒന്നാണ് കരൾ. ശരീരത്തിലെ മാലിന്യങ്ങൾ അരിച്ചുമാറ്റുന്നതും ദഹനത്തിന് ആവശ്യമായ പിത്തരസമുണ്ടാക്കുന്നതും ഊർജം ഉൽപ്പാദിപ്പിക്കുന്നതുമെല്ലാം കരളാണ്. നമ്മൾ നടത്തുന്ന ആരോഗ്യ പരിശോധനകളിൽ പലപ്പോഴും അവഗണിക്കുന്ന ഒന്നാണ് കാലുകൾ. എന്നാൽ കരളിന്റെ ആരോഗ്യം മോശമാകുന്നുവെന്നതിന്റെ ആദ്യ സൂചനകൾ കാലുകൾ നമ്മുക്ക് കാണിച്ചുതരും. അതിനാൽ കാലുകളിലുണ്ടാകുന്ന മാറ്റങ്ങൾ തിരിച്ചറിയുന്നത് രോഗം വഷളാകാതിരിക്കാൻ സഹായിക്കും. കരളിന്റെ പ്രവർത്തനം തടസപ്പെടുന്നത് രക്തയോട്ടത്തെ ബാധിക്കുന്നത് വഴിയാണ് ചർമ്മത്തിലും പാദങ്ങളിലും വിവിധ ലക്ഷണങ്ങളായി കാലുകളിൽ വരുന്നത്.
കരൾ തകരാറിലാകുമ്പോൾ പാദങ്ങളിൽ കാണപ്പെടുന്ന പ്രധാനപ്പെട്ട 4 ലക്ഷണങ്ങൾ ഇവയാണ്
1. പാദങ്ങളിലെ വിട്ടുമാറാത്ത വീക്കം
മനുഷ്യരക്തത്തിലെ പ്ലാസ്മയിൽ ഏറ്റവും കൂടുതലായി കാണപ്പെടുന്ന പ്രോട്ടീനാണ് ആൽബുമിൻ. ഇത് കരൾ കോശങ്ങളിലാണ് നിർമ്മിക്കപ്പെടുന്നത്. എന്നാൽ കരളിന് പ്രശ്നമുണ്ടാകുന്നത് വഴി ആൽബുമിൻ ഉൽപ്പാദിപ്പിക്കുന്നത് കുറയുകയും ഇതുവഴി കാലുകളിൽ വീക്കം ഉണ്ടാകുകയും ചെയ്യും. പ്ലാസ്മാ ഓങ്കോട്ടിക് സമ്മർദ്ദത്തിലെ വ്യതിയാനം മൂലം ദ്രാവകം കാലുകളിലും ഉപ്പൂറ്റിയിലും കെട്ടിനിൽക്കുന്നതാണ് കാലുകളിൽ വീക്കം ഉണ്ടാകുന്നതിനുള്ള കാരണം. കരൾ രോഗങ്ങൾ ഉള്ളവർക്ക് മാത്രമല്ല ഹൃദ്രോഗം, പ്രമേഹം, ഉയർന്ന രക്തസമ്മർദ്ദം, വൃക്കരോഗങ്ങൾ എന്നിവയുള്ളവരിലും ഈ ലക്ഷണം പൊതുവെ കണ്ടുവരാറുണ്ട്.
2. പാദങ്ങളിലും നഖങ്ങളിലും കാണുന്ന മഞ്ഞനിറം
ശരീരത്തിലെ ചുവന്ന രക്താണുക്കൾ നശിക്കുമ്പോഴാണ് മഞ്ഞനിറത്തിലുള്ള ബിലിറൂബിൻ ഉണ്ടാകുന്നത്. കരളാണ് ബിലിറൂബിനെ പിത്തരസമാക്കുന്നത്. ബിലിറൂബിന്റെ അളവ് ശരീരത്തിൽ കൂടുമ്പോഴാണ് ചർമ്മത്തിലും കാൽനഖങ്ങളിലും മഞ്ഞനിറം കാണപ്പെടുന്നത്.സാധാരണയായി കണ്ണുകളിലാണ് മഞ്ഞപ്പിത്തത്തിന്റെ ലക്ഷണം ആദ്യം കാണാറുള്ളതെങ്കിലും, കരൾ രോഗം അധികമാകുമ്പോൾ കട്ടിയുള്ള ചർമ്മമുള്ള ഉള്ളംകാലുകളിലേക്കും നഖങ്ങളിലേക്കും ഇത് വ്യാപിക്കും.
3. ഉള്ളം കാലുകളിലും കൈകളിലുമുണ്ടാകുന്ന ചൊറിച്ചിൽ
ഉള്ളംകാലുകളിലും ഉള്ളംകൈകളിലും കൂടുതലായി ചൊറിച്ചിൽ ഉണ്ടാകുകയാണെങ്കിൽ അത് കരൾ രോഗത്തിന്റെ ലക്ഷണമാകാം. രക്തത്തിൽ ബൈൽ സാൾട്ട് അല്ലെങ്കിൽ പിത്തരസം അടിഞ്ഞുകൂടുന്നതാണ് ഈ ചൊറിച്ചിലിന് കാരണം. പ്രത്യേകിച്ചും രാത്രികളിൽ ഈ ചൊറിച്ചിൽ നിങ്ങൾക്ക് അധികമായേക്കാം.
4. പാദങ്ങളിൽ പെട്ടന്ന് രക്തം വരുന്നതോ തടിപ്പോ ഉണ്ടാകുന്നത്
സാധാരണ കാലുകൾ നന്നായി ഇടിക്കുമ്പോഴോണ് പാദങ്ങളിൽ രക്തം കട്ടപിടിക്കുന്നതും, കറുത്ത പാടുകൾ വരുന്നതും. എന്നാൽ ചെറിയ തട്ടലോ മുട്ടലോ ഉണ്ടാകുമ്പോഴേക്കും ഈ അവസ്ഥ വരുന്നുവെങ്കിൽ കരളിന്റെ പ്രവർത്തനം മന്ദഗതിയിലായതിന്റെ സൂചനയാണ്. രക്തം കട്ടപിടിക്കാൻ സഹായിക്കുന്നത് കരളാണ്. എന്നാൽ കരൾ രോഗം മൂലം രക്തക്കുഴലുകൾക്ക് ബലക്ഷയം സംഭവിക്കുമ്പോൾ പാദങ്ങളിൽ എളുപ്പത്തിൽ രക്തസ്രാവമുണ്ടായേക്കാം.
എപ്പോൾ ഡോക്ടറെ കാണണം?
1. ന്മേൽ പറഞ്ഞ ലക്ഷണങ്ങൾ ദിവസങ്ങളോളം നീണ്ടുനിൽക്കുകയാണെങ്കിൽ
2. പാദങ്ങളിലെ ഈ മാറ്റങ്ങളോടൊപ്പം കടുത്ത ക്ഷീണം, മഞ്ഞപ്പിത്തം എന്നിവ അനുഭവപ്പെട്ടാൽ.