കടം വാങ്ങിയാലും ഐഫോൺ തന്നെ വേണം! 'ആപ്പിൾ ഭ്രമ'ത്തിന് പിന്നിലെ മനഃശാസ്ത്രമെന്ത്?

ആപ്പിൾ തങ്ങളുടെ പുതിയ ഐഫോൺ 18 സീരീസ് പുറത്തിറക്കിയതോടെ സ്മാർട്ട്ഫോൺ വിപണി വീണ്ടും സജീവമായിരിക്കുകയാണ്

Update: 2026-09-10 05:50 GMT

ആപ്പിൾ തങ്ങളുടെ പുതിയ ഐഫോൺ 18 സീരീസ് പുറത്തിറക്കിയതോടെ സ്മാർട്ട്ഫോൺ വിപണി വീണ്ടും സജീവമായിരിക്കുകയാണ്. ഇന്ത്യയിൽ ഐഫോൺ 18 പ്രോയ്ക്ക് 1,64,900 രൂപയും, പ്രോ മാക്സിന് 1,79,900 രൂപയുമാണ് പ്രാരംഭ വില. പലരും തങ്ങളുടെ സമ്പാദ്യമെടുത്തും ഇഎംഐ, ക്രെഡിറ്റ് കാർഡ് എന്നിവ വഴിയുമൊക്കെയാണ് ഈ വിലകൂടിയ ഫോണുകൾ സ്വന്തമാക്കുന്നത്. ഫോൺ കൈയ്യിൽ കിട്ടുമ്പോഴുള്ള സന്തോഷത്തിനൊപ്പം തന്നെ വലിയൊരു സാമ്പത്തിക ബാധ്യതയെക്കുറിച്ചുള്ള ചിന്തയും പലർക്കും ഉണ്ടാകാറുണ്ട്. എന്നിരുന്നാലും ആളുകൾ എന്തിനാണ് തങ്ങൾക്ക് താങ്ങാൻ കഴിയാത്തത്ര വിലയുള്ള ഐഫോണുകൾ വീണ്ടും വാങ്ങുന്നത്? ഇതിന് പിന്നിലെ ചില മനഃശാസ്ത്രപരമായ കാരണങ്ങൾ പരിശോധിക്കാം.

Advertising
Advertising

ഫോൺ വെറുമൊരു ഉപകരണമല്ല, അതൊരു 'സ്റ്റാറ്റസ് സിംബൽ' ആണ്

ഒരു ഫോൺ ഇന്ന് വെറുമൊരു ആശയവിനിമയ ഉപാധി മാത്രമല്ല. ആളുകൾക്കിടയിൽ തങ്ങളുടെ സ്ഥാനം, അഭിരുചി, വിജയം എന്നിവ കാണിക്കാനുള്ള ഒരു മാർഗം കൂടിയായി മാറിയിരിക്കുന്നു. വിലകൂടിയ വസ്തുക്കൾ പൊതുവെ സമൂഹത്തിൽ വ്യക്തികളുടെ സ്റ്റാറ്റസ് കാണിക്കാൻ ഉപയോഗിക്കാറുണ്ട്. തങ്ങൾക്ക് ഉയർന്ന ജീവിത നിലവാരമുണ്ടെന്നും മികച്ച ഉൽപ്പന്നങ്ങൾ വാങ്ങാൻ ശേഷിയുണ്ടെന്നും മറ്റുള്ളവരെ കാണിക്കാൻ ഐഫോണുകൾ ഒരു കുറുക്കുവഴിയായി പലരും കാണുന്നു. ആപ്പിളിന്റെ ക്യാമറയോടും സോഫ്റ്റ്‌വെയറുകളോടും താല്പര്യമുള്ളവരുണ്ടെങ്കിലും, മിക്കവാറും അതൊരു പ്രീമിയം ബ്രാൻഡ് ആയതുകൊണ്ട് കൂടിയാണ് ഇതിലേക്ക് ആകർഷിക്കപ്പെടുന്നത്.

മറ്റുള്ളവരുമായുള്ള താരതമ്യവും സ്വാധീനവും

സഹപ്രവർത്തകരോ സുഹൃത്തുക്കളോ പുതിയ ഐഫോൺ വാങ്ങുമ്പോൾ, ഇന്നലെ വരെ മികച്ച രീതിയിൽ പ്രവർത്തിച്ചിരുന്ന സ്വന്തം ഫോൺ പെട്ടെന്ന് പഴയതായി പലർക്കും തോന്നാറുണ്ട്. സ്മാർട്ട്ഫോണുകൾ എപ്പോഴും നമ്മുടെ കൈയ്യിലുള്ള ഒന്നായതുകൊണ്ട് തന്നെ സമൂഹമാധ്യമങ്ങളിലും മീറ്റിംഗുകളിലുമെല്ലാം മറ്റുള്ളവരുമായുള്ള താരതമ്യം വളരെ വേഗത്തിൽ നടക്കുന്നു. താൻ മാത്രം പഴയ ഫോൺ ഉപയോഗിക്കുന്ന ആളാകരുത് എന്ന നിശബ്ദ ചിന്ത പുതിയ മോഡലുകളിലേക്ക് മാറാൻ ആളുകളെ പ്രേരിപ്പിക്കുന്നു. ഐഫോൺ ഉപയോക്താക്കൾക്കിടയിൽ നടത്തിയ 2024ലെ ഒരു പഠനമനുസരിച്ച്, മറ്റുള്ളവരുമായുള്ള താരതമ്യവും സുഹൃത്തുക്കളുടെ സ്വാധീനവും ഐഫോൺ വാങ്ങുന്നതിൽ വലിയ പങ്ക് വഹിക്കുന്നുണ്ട്.

'പുതിയ ഫോൺ, പുതിയ ഞാൻ' എന്ന തോന്നൽ

പുതിയൊരു ഫോൺ വാങ്ങുമ്പോൾ ജീവിതത്തിൽ പുതിയൊരു തുടക്കം ലഭിക്കുമെന്ന മനഃശാസ്ത്രപരമായ തോന്നൽ പലർക്കുമുണ്ട്. പുതിയ ഡിവൈസ് വരുന്നതോടെ താൻ കൂടുതൽ ചിട്ടയോടെ കാര്യങ്ങൾ ചെയ്യുമെന്നോ, മികച്ച ചിത്രങ്ങൾ എടുക്കുമെന്നോ, വ്യായാമം മുടങ്ങാതെ ചെയ്യുമെന്നോ ആളുകൾ വിശ്വസിക്കുന്നു. സാങ്കേതികവിദ്യയെ സ്വന്തം വ്യക്തിത്വത്തിന്റെ ഒരു പുതിയ തലമായി ആളുകൾ കാണുന്നതിനാലാണ് പുതിയ ഫോണുകൾ വലിയ ആവേശമായി മാറുന്നത്. ഉപകരണത്തിന്റെ സാങ്കേതിക സവിശേഷതകളേക്കാൾ ഉപരി, ഈ പുതിയ മാറ്റമാണ് ആളുകളെ ആകർഷിക്കുന്നത്.

ബ്രാൻഡ് വ്യക്തിത്വത്തിന്റെ ഭാഗമാകുമ്പോൾ

ചില ഉപഭോക്താക്കളെ സംബന്ധിച്ചിടത്തോളം ആപ്പിൾ വെറുമൊരു ടെക്നോളജി കമ്പനിയല്ല, മറിച്ച് അതൊരു ജീവിതശൈലിയാണ്. വിലകൂടിയ വസ്ത്രങ്ങൾ, കാറുകൾ, വാച്ചുകൾ എന്നിവ പോലെ ഇത്തരം ബ്രാൻഡുകൾ ആളുകളുടെ വ്യക്തിത്വവുമായി ഇഴചേർന്ന് കിടക്കുന്നു. വർഷങ്ങളുടെ ഓർമകൾ നിറഞ്ഞ പഴയ ഫോൺ മാറ്റി പുതിയൊരെണ്ണം വാങ്ങുമ്പോൾ അത് അവരുടെ പുതിയ ഐഡന്റിറ്റിയായി മാറുന്നു. അതുകൊണ്ട് തന്നെയാണ് പഴയ ഫോൺ മാറ്റുന്നത് പലർക്കും വൈകാരികമായ ഒന്നായി അനുഭവപ്പെടുന്നത്.

വിലകൂടിയ ഫോൺ ശരിക്കും സന്തോഷം നൽകുമോ?

പുതിയൊരു ഫോൺ വാങ്ങുമ്പോഴുള്ള ആവേശം കാലക്രമേണ കുറഞ്ഞുവരും എന്നതാണ് യാഥാർഥ്യം. ദിവസങ്ങൾ കഴിയുമ്പോൾ തിളങ്ങുന്ന ബോക്സുകൾ ഒഴിവാക്കപ്പെടുകയും, ആദ്യ ദിവസത്തെ ആവേശം കെട്ടടങ്ങുകയും ചെയ്യും. ആ പുതിയ ഫോൺ പിന്നീട് അവരുടെ ജീവിതത്തിലെ ഒരു സാധാരണ വസ്തുവായി മാറും. ആളുകൾ പെട്ടെന്ന് തന്നെ പുതിയ മാറ്റങ്ങളുമായി പൊരുത്തപ്പെടും. തുടർന്ന് അടുത്ത മോഡൽ ഇറങ്ങുമ്പോൾ വീണ്ടും മറ്റുള്ളവരുമായുള്ള താരതമ്യം തുടങ്ങുകയും, പുതിയ ഫോൺ വാങ്ങാനുള്ള ആഗ്രഹം വീണ്ടും ഉടലെടുക്കുകയും ചെയ്യും. ഈയൊരു ചക്രമാണ് ആളുകളെ വീണ്ടും വീണ്ടും വലിയ തുക മുടക്കി ഫോൺ വാങ്ങാൻ പ്രേരിപ്പിക്കുന്നത്.

Tags:    

Writer - ആത്തിക്ക് ഹനീഫ്

Web Journalist

2025 മേയ് മുതൽ മീഡിയവൺ ഓൺലൈനിൽ വെബ് ജേർണലിസ്റ്റാണ്. 2024 മുതൽ മാധ്യമപ്രവർത്തകൻ. തലശ്ശേരി നെഹ്‌റു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിംഗിൽ നിന്ന് സിവിൽ എഞ്ചിനീയറിംഗിൽ ഡിപ്ലോമ. അധ്യാപകനായും സൗത്ത് ലൈവ് മലയാളം വെബ് പോർട്ടലിൽ സബ് എഡിറ്ററായും പ്രവർത്തിച്ചിരുന്നു. ദേശീയ, അന്തർദേശീയ രാഷ്ട്രീയം, കായികം, ചരിത്രം, സിനിമ, സാഹിത്യം തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. ന്യൂസ് സ്റ്റോറികൾ, ഗ്രൗണ്ട് റിപോർട്ടുകൾ, ഫീച്ചറുകൾ, അഭിമുഖങ്ങൾ, ലേഖനങ്ങൾ, വീഡിയോ സ്റ്റോറികൾ തുടങ്ങിയവ പ്രസിദ്ധീകരിച്ചു.

Editor - ആത്തിക്ക് ഹനീഫ്

Web Journalist

2025 മേയ് മുതൽ മീഡിയവൺ ഓൺലൈനിൽ വെബ് ജേർണലിസ്റ്റാണ്. 2024 മുതൽ മാധ്യമപ്രവർത്തകൻ. തലശ്ശേരി നെഹ്‌റു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിംഗിൽ നിന്ന് സിവിൽ എഞ്ചിനീയറിംഗിൽ ഡിപ്ലോമ. അധ്യാപകനായും സൗത്ത് ലൈവ് മലയാളം വെബ് പോർട്ടലിൽ സബ് എഡിറ്ററായും പ്രവർത്തിച്ചിരുന്നു. ദേശീയ, അന്തർദേശീയ രാഷ്ട്രീയം, കായികം, ചരിത്രം, സിനിമ, സാഹിത്യം തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. ന്യൂസ് സ്റ്റോറികൾ, ഗ്രൗണ്ട് റിപോർട്ടുകൾ, ഫീച്ചറുകൾ, അഭിമുഖങ്ങൾ, ലേഖനങ്ങൾ, വീഡിയോ സ്റ്റോറികൾ തുടങ്ങിയവ പ്രസിദ്ധീകരിച്ചു.

By - Web Desk

contributor

Similar News