ഈ പഴങ്ങൾ ഒരുമിച്ച് കഴിക്കരുത്; വയറിന് പണികിട്ടും!
ഒരുമിച്ച് കഴിക്കാൻ പാടില്ലാത്ത പഴങ്ങളെക്കുറിച്ചും കഴിച്ചാലുണ്ടാകുന്ന പ്രശ്നങ്ങളെക്കുറിച്ചും അറിയാം
നമ്മളെല്ലാവരും ഇഷ്ടത്തോടെ കഴിക്കുന്നതും ആരോഗ്യത്തിന് ഏറെ ഗുണപ്രദവുമായതുമാണ് പഴങ്ങൾ. എന്നാൽ, ചില പഴങ്ങൾ ഒന്നിച്ച് കഴിക്കുന്നത് ആരോഗ്യത്തിന് ദോഷകരമാണെന്ന് നിങ്ങൾക്കറിയാമോ?. വിദഗ്ധർ പറയുന്നതനുസരിച്ച് ഓരോ പഴത്തിനും വ്യത്യസ്തമായ ദഹനപ്രക്രിയയും രാസഗുണങ്ങളുമാണുള്ളത്. പരസ്പരവിരുദ്ധമായ ഗുണങ്ങളുള്ള ഇത്തരം പഴങ്ങൾ ഒന്നിച്ച് കഴിക്കുന്നത് ദഹനവ്യവസ്ഥയെ പ്രതികൂലമായി ബാധിച്ചേക്കാം. ഇങ്ങനെ കഴിക്കുന്നതിലൂടെ നിങ്ങൾക്ക് ഗ്യാസ്, വയറുവേദന, വയർ വീർക്കൽ തുടങ്ങിയ പ്രശ്നങ്ങൾ ഉണ്ടായേക്കാം. അതിനാൽ ഇതറിയാതെ കഴിക്കന്നത് ഗുണത്തേക്കാളേറെ ദോഷം സൃഷ്ടിച്ചേക്കാം. ഒരുമിച്ച് കഴിക്കാൻ പാടില്ലാത്ത പഴങ്ങളെക്കുറിച്ചും ഒരുമിച്ച് കഴിച്ചാലുണ്ടാകുന്ന പ്രശ്നങ്ങളെക്കുറിച്ചും വിശദമായി പരിശോധിക്കാം.
1. നേന്ത്രപ്പഴവും ഓറഞ്ചും
ആരോഗ്യത്തിന് ഏറ്റവും മികച്ച പഴങ്ങളാണ് നേന്ത്രപ്പഴവും ഓറഞ്ചും. എന്നാൽ നേന്ത്രപ്പഴത്തിനും ഓറഞ്ചിനും വ്യത്യസ്ത ദഹനസ്വഭാവമാണുള്ളത്. നേന്ത്രപ്പഴം ദഹിക്കാൻ കൂടുതൽ സമയമെടുക്കുന്നതും അന്നജം അടങ്ങിയതുമാണ്. എന്നാൽ ഓറഞ്ച് അൽപ്പം പുളിയുള്ളതും അസിഡിക് സ്വഭാവമുള്ളതുമാണ്. നിങ്ങൾ ഇവ ഒരുമിച്ച് കഴിക്കുകയാണെങ്കിൽ ദഹനപ്രക്രിയ മന്ദഗതിയിലാകും. അതുവഴി ഗ്യാസ് പ്രശ്നം ഉണ്ടാകുകയും
ചിലരിൽ ജലദോഷം, ചുമ, കഫക്കെട്ട് എന്നിവയ്ക്കും വഴിവെച്ചേക്കാം. സെൻസിറ്റീവായിട്ടുള്ള ദഹനവ്യവസ്ഥയുള്ളവർക്ക് ഈ കോമ്പിനേഷൻ കൂടുതൽ അസ്വസ്ഥത ഉണ്ടാക്കാൻ കാരണമായേക്കാം.
2. തണ്ണിമത്തനും നേന്ത്രപ്പഴവും
വേനൽകാലത്ത് നമ്മളിൽ കൂടുതൽ പേരും ആശ്രയിക്കുന്ന ഒന്നാണ് തണ്ണിമത്തൻ. ദാഹമകറ്റാനും ക്ഷീണം മാറ്റാനും ഏറ്റവും മികച്ചതാണ് തണ്ണിമത്തൻ. തണ്ണിമത്തൻ ഉയർന്ന അളവിൽ വെള്ളം അടങ്ങിയിട്ടുള്ളതും വളരെ വേഗത്തിൽ ദഹിക്കുന്നതുമാണ്. എന്നാൽ നേന്ത്രപ്പഴം ദഹിക്കാൻ കൂടുതൽ സമയമെടുക്കുന്നതുമാണ്. ഇവ ഒരുമിച്ച് കഴിക്കുന്നത് ദഹനത്തിന്റെ സ്വാഭാവിക വേഗതയെ തടസ്സപ്പെടുത്താൻ കാരണമായേക്കാം. ഇതുവഴി നിങ്ങൾക്ക് ഗ്യാസ്, വയർ വീർപ്പുമുട്ടൽ, അജീർണം എന്നിവ ഉണ്ടായേക്കാം. ഇതുവഴി വയറിന് കനത്ത ഭാരവും അസ്വസ്ഥതയും അനുഭവപ്പെടാം.
3. പപ്പായയും ചെറുനാരങ്ങയും
പപ്പായയിലും ചെറുനാരങ്ങയിലും സ്വാഭാവിക ആസിഡുകൾ അടങ്ങിയിട്ടുണ്ട്. ഇവ രണ്ടും ഒന്നിച്ച് ഉപയോഗിക്കുന്നത് വയറ്റിൽ അസിഡിറ്റി വർധിപ്പിക്കും. ഇത് നെഞ്ചെരിച്ചിൽ, പുളിച്ചു തികട്ടൽ, വയറ്റിൽ അസ്വസ്ഥത എന്നിവയ്ക്ക് കാരണമാകും. നിലവിൽ അസിഡിറ്റി പ്രശ്നങ്ങളുള്ളവർ ഈ കോമ്പിനേഷൻ പൂർണമായും ഒഴിവാക്കിയിരിക്കണം.
4. സബർജല്ലിയും നേന്ത്രപ്പഴവും
സബർജല്ലിയും നേന്ത്രപ്പഴവും പോഷകങ്ങളാൽ സമ്പന്നമാണ്. എന്നാൽ ഇവ രണ്ടും ഒന്നിച്ച് കഴിക്കുന്നത് ദഹനത്തിന് നല്ലതല്ല. ഇവ രണ്ടും ദഹിക്കാനെടുക്കുന്ന സമയങ്ങൾ വ്യത്യസ്തമാണ്. നേന്ത്രപ്പഴം ദഹിക്കാൻ കൂടുതൽ സമയമെടുക്കുമ്പോൾ, സബർജല്ലിയിൽ ഉയർന്ന അളവിൽ നാരുകളും വെള്ളവും അടങ്ങിയിരിക്കുന്നതിനാൽ അത് വേഗത്തിൽ ദഹിക്കുന്നു. ഇവ ഒന്നിച്ച് വയറ്റിലെത്തുമ്പോൾ നിങ്ങൾക്ക് ദഹനക്കേടുണ്ടാക്കിയേക്കാം.
ശ്രദ്ധിക്കുക, നമ്മുടെ ശരീരത്തിന് ദഹിപ്പിക്കാൻ പ്രയാസമുള്ള ഇത്തരം കോമ്പിനേഷനുകൾ മനസ്സിലാക്കി വേണം കഴിക്കാൻ. ഇല്ലെങ്കിൽ അസിഡിറ്റി പോലുള്ള പ്രശ്നങ്ങൾ ബുദ്ധിമുട്ടുണ്ടാക്കിയേക്കാം.