വയറ്റിൽ ഭാരമുണ്ടാക്കുമെന്ന പേടി വേണ്ട; വര്‍ക്കൗട്ടിന് മുമ്പ് കഴിക്കാം ഈ പഴങ്ങൾ
വയറ്റിൽ ഭാരമുണ്ടായി വർക്കൗട്ടിനെ ബാധിക്കുമെന്ന പേടിയില്ലാതെ, 30 മുതൽ 60 മിനിറ്റ് മുമ്പ് കഴിക്കാൻ പറ്റുന്ന ഫ്രൂട്ടുകൾ ഏതൊക്കെയാണെന്ന് പരിചയപ്പെടാം
മിതമായ ഭക്ഷണം, വ്യായാമം എന്നിവയാണ് നമ്മുടെ ഓരോരുത്തരുടേയും ശരീരം ആഗ്രഹിക്കുന്നത്. ദിവസവും ഊർജത്തോടെ വ്യായാമം ചെയ്യാനായി ലഘു ഭക്ഷണം കഴിക്കുന്നത് വളരെ നല്ലതാണ്. സ്വാഭാവികമായി അടങ്ങിയിരിക്കുന്ന പഞ്ചസാര, നാരുകൾ, അവശ്യ പോഷകങ്ങൾ എന്നിവയാൽ സമ്പന്നമായ പഴങ്ങൾക്ക് പെട്ടെന്ന് തന്നെ ഊർജം തരാൻ സാധിക്കും. ന്യൂട്രിയന്റ്സ് എന്ന ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിലും ഈ കാര്യം വ്യക്തമാക്കുന്നുണ്ട്. വയറ്റിൽ ഭാരമുണ്ടായി വർക്കൗട്ടിനെ ബാധിക്കുമെന്ന പേടിയില്ലാതെ, വർക്കൗട്ടിന്റെ 30 മുതൽ 60 മിനിറ്റ് മുമ്പ് കഴിക്കാൻ പറ്റുന്ന ഫ്രൂട്ടുകൾ ഏതൊക്കെയാണെന്ന് പരിചയപ്പെടാം.
1. ഏത്തപ്പഴം
പഴങ്ങളെ പലപ്പോഴും പ്രകൃതിയുടെ എനർജി ബാർ എന്നാണ് വിശേഷിപ്പിക്കാറുള്ളത്. അതിന് കൃത്യമായ കാരണവുമുണ്ട്. കാർബോഹൈഡ്രേറ്റും പൊട്ടാസ്യവും ധാരാളം അടങ്ങിയ ഏത്തപ്പഴം, പേശികളെ ആരോഗ്യത്തോടെ നിലനിർത്താനും പേശികളുടെ പിടിത്തം തടയാനും സഹായിക്കും. ഓട്ടം, സൈക്ലിങ്, വെയ്റ്റ് ട്രെയിനിങ് തുടങ്ങിയ വ്യായാമങ്ങൾക്ക് മുമ്പേ നിങ്ങൾക്ക് ഏത്തപ്പഴം കഴിക്കാവുന്നതാണ്.
2. ആപ്പിൾ
വർക്കൗട്ടിന് മുമ്പ് ഭാരമില്ലാത്ത എന്തെങ്കിലും കഴിക്കാനാണ് താൽപ്പര്യപ്പെടുന്നതെങ്കിൽ ആപ്പിൾ മികച്ചൊരു ചോയ്സാണ്. ഉയർന്ന പഞ്ചസാരയുള്ള ലഘുഭക്ഷണങ്ങൾ കഴിച്ചാലുണ്ടാകുന്ന ഇൻസുലിൻ സ്പൈക്കും ക്രാഷും തടയാൻ ആപ്പിൾ സഹായിക്കും.
3. ഈന്തപ്പഴം
നിങ്ങൾക്ക് പെട്ടെന്ന് ഊർജം ആവശ്യമുണ്ടെങ്കിൽ, ഈന്തപ്പഴം നല്ലൊരു ഓപ്ഷനാണ്. ഇവയിൽ പ്രകൃതിദത്ത പഞ്ചസാര ഉയർന്ന അളവിലുണ്ട്. ഇത് പെട്ടന്ന് തന്നെ ഊർജം ശരീരത്തിന് നൽകും. 2, 3 ഈന്തപ്പഴം കഴിക്കുന്നത് ശരീരത്തിന് ഭാരമില്ലാതെ തന്നെ ഉന്മേഷം നൽകാൻ സഹായിക്കും.
4. ഓറഞ്ച്
കാർബോഹൈഡ്രേറ്റുകളുടെയും ജലാംശത്തിന്റെയും മികച്ച ഉറവിടമാണ് ഓറഞ്ച്. വിറ്റാമിൻ സി യും ജലാംശവും ധാരാളമായി അടങ്ങിയിരിക്കുന്നതിനാൽ വേനൽക്കാലത്തെ വർക്ക്ഔട്ടുകളിൽ ഊർജം പകരാൻ ഓറഞ്ച് സഹായിക്കും.
5. ബെറികൾ
പ്രകൃതിദത്ത പഞ്ചസാരയ്ക്കൊപ്പം ആന്റിഓക്‌സിഡന്റുകളും ബെറികളിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇവ കഴിക്കുന്നത് ബെസ്റ്റ് ഓപ്ഷനാണ്.
7. മാമ്പഴം
പ്രകൃതിദത്ത പഞ്ചസാരയാൽ സമ്പുഷ്ടമാണ് മാമ്പഴം. വർക്ക്ഔട്ടിന് ഇവ ഊർജം പകരും. പക്ഷേ പഞ്ചസാരയുടെ അളവ് കൂടുതലായതിനാൽ മിതമായി മാത്രം കഴിക്കാൻ ശ്രദ്ധിക്കണം.
എപ്പോൾ കഴിക്കണം?
എന്ത് കഴിക്കുന്നുവോ അത്രത്തോളം തന്നെ പ്രധാനമാണ് എത്ര കഴിക്കുന്നു എപ്പോൾ കഴിക്കുന്നു എന്നതും. ന്മേൽ പറഞ്ഞവയെല്ലാം വ്യായാമത്തിന് 30 മുതൽ 60 മിനിറ്റ് മുമ്പ് കഴിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ഓർക്കുക, വ്യായാമം ചെയ്യുന്ന സമയങ്ങളിൽ അസ്വസ്ഥത ഉണ്ടാകാതിരിക്കാൻ മിതമായി ഭക്ഷണം കഴിക്കുന്നതാണ് ഏറ്റവും നല്ലത്.