ബേബി ഫുഡ് സുരക്ഷിതമാണോ?; FSSAI-യുടെ മുന്നറിയിപ്പ്! മാതാപിതാക്കൾ സൂക്ഷിക്കുക

കുഞ്ഞുങ്ങൾക്ക് നൽകുന്ന ഫോർമുല പാലും പാക്കറ്റ് ഭക്ഷണങ്ങളും സുരക്ഷിതവും പോഷകസമൃദ്ധവുമാണെന്ന് ഉറപ്പാക്കേണ്ടത് അത്യാവശ്യമാണ്

Update: 2026-11-04 10:05 GMT

കുഞ്ഞുങ്ങൾക്ക് നൽകുന്ന ഫോർമുല പാലും പാക്കറ്റ് ഭക്ഷണങ്ങളും സുരക്ഷിതവും പോഷകസമൃദ്ധവുമാണെന്ന് ഉറപ്പാക്കേണ്ടത് അത്യാവശ്യമാണ്. എന്നാൽ ഉൽപ്പന്നങ്ങളുടെ ഗുണനിലവാരം, പോഷകഘടകങ്ങളുടെ അളവ്, ലേബലിലെ അവകാശവാദങ്ങൾ എന്നിവയെക്കുറിച്ച് ആശങ്കകൾ ഉയരുകയാണ്. 2026 സെപ്റ്റംബറിൽ, നിശ്ചിത അളവിൽ ബയോട്ടിൻ (വിറ്റാമിൻ B7) ഇല്ലെന്ന് വീണ്ടും നടത്തിയ പരിശോധനയിൽ കണ്ടെത്തിയ ഫോളോ-അപ്പ് ഫോർമുലയുടെ സാമ്പിളുമായി ബന്ധപ്പെട്ട് ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് അതോറിറ്റി ഓഫ് ഇന്ത്യ (FSSAI) നടപടി സ്വീകരിച്ചിരുന്നു. തെറ്റിദ്ധരിപ്പിക്കുന്ന ലേബൽ അവകാശവാദങ്ങളുമായി ബന്ധപ്പെട്ടും പ്രത്യേക നടപടികൾ ആരംഭിച്ചു.

Advertising
Advertising

അമേരിക്കയിൽ ശിശുക്കൾക്കുള്ള ഫോർമുലയിൽ സൂക്ഷ്മജീവികളുടെ മലിനീകരണ സാധ്യതയുമായി ബന്ധപ്പെട്ട അന്വേഷണങ്ങളും ഉൽപ്പന്നങ്ങൾ തിരിച്ചുവിളിക്കലും നടന്നതും ഈ വിഷയത്തിലേക്ക് വീണ്ടും ശ്രദ്ധ തിരിച്ചിട്ടുണ്ട്. ഹെവി മെറ്റലുകൾ, കീടനാശിനി അവശിഷ്ടങ്ങൾ, മറ്റ് രാസമലിനീകരണങ്ങൾ എന്നിവയെക്കുറിച്ചുള്ള പരിശോധനകളും അവിടെ നടക്കുന്നുണ്ട്.

എന്നാൽ പോഷകഘടകങ്ങളുടെ അളവ് നിശ്ചിത മാനദണ്ഡങ്ങൾ പാലിക്കാത്തതും ഭക്ഷണത്തിലെ മലിനീകരണവും രണ്ടും വ്യത്യസ്ത പ്രശ്നങ്ങളാണ്. ഇവ രണ്ടും ഉൽപ്പന്നങ്ങളുടെ ഗുണനിലവാരവും ലേബലിലെ വിവരങ്ങളുടെ വിശ്വാസ്യതയും ഉറപ്പാക്കേണ്ടതിന്റെ പ്രാധാന്യം വ്യക്തമാക്കുന്നു.

ഡൽഹിയിലെ പി.എസ്.ആർ.ഐ ആശുപത്രിയിലെ ഡയറ്ററ്റിക്സ് വിഭാഗം മേധാവി ഡോ. ഷാലിനി ഗാർവിൻ ബ്ലിസിന്റെ അഭിപ്രായത്തിൽ, കുഞ്ഞുങ്ങൾക്ക് ഏറ്റവും വിലകൂടിയ ഭക്ഷണം വാങ്ങിക്കൊടുക്കുന്നതല്ല പ്രധാനം. ഓരോ വളർച്ചാഘട്ടത്തിനും ആവശ്യമായ സുരക്ഷിതവും സമീകൃതവുമായ പോഷകാഹാരം ഉറപ്പാക്കുകയാണ് വേണ്ടത്.

ബയോട്ടിൻ കുറവുണ്ടായാൽ കുഞ്ഞുങ്ങളെ എങ്ങനെ ബാധിക്കും?

കുഞ്ഞുങ്ങളുടെ വളർച്ചയും വികാസവും അതിവേഗത്തിലാണ് നടക്കുന്നത്. അതിനാൽ മുതിർന്നവരിൽനിന്ന് വ്യത്യസ്തമായ പോഷകാവശ്യങ്ങളാണ് അവർക്കുള്ളത്. കൊഴുപ്പ്, കാർബോഹൈഡ്രേറ്റ്, പ്രോട്ടീൻ എന്നിവ ശരീരം ശരിയായി ഉപയോഗപ്പെടുത്താൻ സഹായിക്കുന്ന വിറ്റാമിനാണ് ബയോട്ടിൻ അഥവാ വിറ്റാമിൻ B7.

ബയോട്ടിന്റെ കുറവ് ചർമത്തിൽ തിണർപ്പ്, മുടികൊഴിച്ചിൽ, ഭക്ഷണം കഴിക്കാനുള്ള താൽപര്യം കുറയൽ തുടങ്ങിയ പ്രശ്നങ്ങൾക്ക് കാരണമാകാം. ഗുരുതരമായ സാഹചര്യങ്ങളിൽ നാഡീവ്യവസ്ഥയുമായി ബന്ധപ്പെട്ട ലക്ഷണങ്ങളും ഉണ്ടാകാം.

കുഞ്ഞിന്റെ ആവശ്യമായ പോഷകങ്ങൾ ഫോർമുല പാലിനെ ആശ്രയിച്ചായിരിക്കാം ലഭിക്കുന്നത്. അതിനാൽ ഉൽപ്പന്നം നിശ്ചിത പോഷകമാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം. ഒരു ഫോർമുലയുടെ ഗുണനിലവാരത്തെക്കുറിച്ച് സംശയമുണ്ടെങ്കിൽ സ്വയം ഭക്ഷണം മാറ്റുന്നതിനുപകരം ശിശുരോഗവിദഗ്ധന്റെ നിർദേശം തേടണം.

ആദ്യ ആറുമാസം മുലയൂട്ടൽ എത്രത്തോളം പ്രധാനമാണ്?

ജനനശേഷം ആദ്യ ആറുമാസം കുഞ്ഞിന് മുലപ്പാൽ മാത്രം നൽകാനാണ് ശുപാർശ ചെയ്യുന്നത്. കുഞ്ഞിന്റെ വളർച്ചയ്ക്ക് ആവശ്യമായ പോഷകങ്ങൾക്കൊപ്പം അണുബാധകളിൽനിന്ന് സംരക്ഷിക്കാൻ സഹായിക്കുന്ന ആന്റിബോഡികളും മുലപ്പാലിൽ അടങ്ങിയിട്ടുണ്ട്.

എന്നാൽ എല്ലാ അമ്മമാർക്കും ഒരേ സാഹചര്യമായിരിക്കില്ല. ചില ആരോഗ്യപ്രശ്നങ്ങളോ മുലയൂട്ടലിലെ ബുദ്ധിമുട്ടുകളോ കാരണം ഫോർമുല പാൽ ആവശ്യമായി വന്നേക്കാം. അത്തരം സാഹചര്യങ്ങളിൽ ആരോഗ്യവിദഗ്ധരുടെ നിർദേശപ്രകാരം കുഞ്ഞിന് ആവശ്യമായ പോഷണം ഉറപ്പാക്കുകയാണ് പ്രധാനം. കുഞ്ഞിന് മുലപ്പാൽ നൽകാൻ കഴിയാത്ത അമ്മമാരെ കുറ്റപ്പെടുത്തുകയോ സമ്മർദത്തിലാക്കുകയോ ചെയ്യരുതെന്നും ഡോ. ഷാലിനി ചൂണ്ടിക്കാട്ടുന്നു.

ഫോർമുല പാലിന് പകരം എന്ത് നൽകാം?

ആറുമാസത്തിൽ താഴെയുള്ള കുഞ്ഞുങ്ങൾക്ക് മുലപ്പാലാണ് അഭികാമ്യം. മുലയൂട്ടൽ സാധ്യമല്ലെങ്കിൽ ശിശുരോഗവിദഗ്ധൻ നിർദേശിക്കുന്ന അനുയോജ്യമായ വാണിജ്യ ഇൻഫന്റ് ഫോർമുല ഉപയോഗിക്കാം.

പശുവിൻപാൽ ഉൾപ്പെടെയുള്ള മൃഗങ്ങളുടെ പാൽ, സസ്യാധിഷ്ഠിത പാനീയങ്ങൾ, വീട്ടിൽ തയ്യാറാക്കുന്ന ഫോർമുല എന്നിവ ആറുമാസത്തിൽ താഴെയുള്ള കുഞ്ഞുങ്ങൾക്ക് സുരക്ഷിതമായ പകരക്കാരല്ല. കുഞ്ഞിന്റെ വളർച്ചയ്ക്ക് ആവശ്യമായ പോഷകങ്ങളുടെ ശരിയായ അനുപാതം ഇവയിൽ ഉണ്ടായിരിക്കണമെന്നില്ല.

ആറുമാസം മുതൽ മുലപ്പാലിനോ ഫോർമുലയ്ക്കോ ഒപ്പം മറ്റ് ഭക്ഷണങ്ങളും പരിചയപ്പെടുത്താം. നന്നായി വേവിച്ച പച്ചക്കറികൾ, പഴങ്ങൾ, ധാന്യങ്ങൾ, പയർവർഗങ്ങൾ എന്നിവ ഉൾപ്പെടുത്താം. ഇരുമ്പ്, പ്രോട്ടീൻ, വിറ്റാമിനുകൾ, ധാതുക്കൾ എന്നിവ ലഭിക്കുന്ന വൈവിധ്യമാർന്ന ഭക്ഷണങ്ങളാണ് നൽകേണ്ടത്. കുഞ്ഞിന്റെ വളർച്ചയ്ക്കും ഭക്ഷണം കഴിക്കാനുള്ള കഴിവിനും അനുസരിച്ച് ഭക്ഷണത്തിന്റെ വൈവിധ്യവും ഘടനയും ക്രമേണ മാറ്റാം.

'ഇമ്യൂണിറ്റി ബൂസ്റ്റ്', 'ബ്രെയിൻ ഡെവലപ്മെന്റ്'; പരസ്യവാദങ്ങൾ വിശ്വസിക്കാമോ?

'പ്രതിരോധശേഷി വർധിപ്പിക്കും', 'തലച്ചോറിന്റെ വളർച്ചയ്ക്ക് സഹായിക്കും', 'ദഹനം മെച്ചപ്പെടുത്തും' തുടങ്ങിയ അവകാശവാദങ്ങൾ ബേബി ഫുഡ് പാക്കറ്റുകളിൽ കാണാറുണ്ട്. എന്നാൽ ഇത്തരം അവകാശവാദങ്ങൾ മാത്രം കണ്ട് ഉൽപ്പന്നം തിരഞ്ഞെടുക്കരുത്.

ഒരു പ്രത്യേക ഘടകം ഉൽപ്പന്നത്തിൽ അടങ്ങിയിട്ടുണ്ടെന്നതുകൊണ്ട് മാത്രം കുഞ്ഞിന്റെ പ്രതിരോധശേഷി കൂടുമെന്നോ വളർച്ച വേഗത്തിലാകുമെന്നോ ഉറപ്പില്ല. ആരോഗ്യവുമായി ബന്ധപ്പെട്ട അവകാശവാദങ്ങൾക്ക് വിശ്വസനീയമായ ശാസ്ത്രീയ തെളിവുകൾ ഉണ്ടായിരിക്കണം. കുഞ്ഞിന്റെ മൊത്തത്തിലുള്ള പോഷകാവശ്യങ്ങൾ നിറവേറ്റുന്നുണ്ടോ എന്നതാണ് പ്രധാനമായി പരിശോധിക്കേണ്ടത്.

പരസ്യങ്ങളെയും സോഷ്യൽ മീഡിയ പ്രചാരണങ്ങളെയും മാത്രം ആശ്രയിക്കാതെ ശിശുരോഗവിദഗ്ധന്റെയോ ഡയറ്റീഷ്യന്റെയോ നിർദേശം തേടാം.

ബേബി ഫുഡിൽ ചേർത്ത പഞ്ചസാര അപകടകരമാണോ?

കുഞ്ഞുങ്ങൾക്ക് ഭക്ഷണത്തിൽ അധികമായി പഞ്ചസാര ചേർക്കേണ്ട ആവശ്യമില്ല. പതിവായി പഞ്ചസാര അടങ്ങിയ ഭക്ഷണം നൽകുന്നത് പല്ലുകൾ കേടാകാനുള്ള സാധ്യത വർധിപ്പിക്കുകയും മധുരമുള്ള ഭക്ഷണങ്ങളോടുള്ള താൽപര്യം വളർത്തുകയും ചെയ്യാം. പോഷകസമൃദ്ധമായ മറ്റ് ഭക്ഷണങ്ങൾക്ക് പകരം മധുരമുള്ള ഭക്ഷണങ്ങൾ തിരഞ്ഞെടുക്കുന്ന ശീലവും ഇതിലൂടെ രൂപപ്പെടാം.

പാക്കറ്റിന്റെ മുൻവശത്ത് 'ഹെൽത്തി', 'ന്യൂട്രീഷ്യസ്' എന്നിങ്ങനെ രേഖപ്പെടുത്തിയിട്ടുണ്ടെന്നതുകൊണ്ട് മാത്രം ഉൽപ്പന്നം തിരഞ്ഞെടുക്കരുത്. ചേരുവകളുടെ പട്ടിക പരിശോധിച്ച് പഞ്ചസാര, ഗ്ലൂക്കോസ് സിറപ്പ് തുടങ്ങിയ മധുരം നൽകുന്ന ഘടകങ്ങൾ ചേർത്തിട്ടുണ്ടോ എന്ന് മനസ്സിലാക്കണം. മധുരം ചേർക്കാത്തതും പ്രായത്തിന് അനുയോജ്യവുമായ ഭക്ഷണങ്ങൾ തിരഞ്ഞെടുക്കാം.

ഒരു വയസ്സിൽ താഴെയുള്ള കുഞ്ഞുങ്ങൾക്ക് തേൻ നൽകാനും പാടില്ല.

HMO, വീ പ്രോട്ടീൻ ഉള്ള ഫോർമുലയാണോ മികച്ചത്?

മുലപ്പാലിൽ സ്വാഭാവികമായി കാണപ്പെടുന്ന സങ്കീർണ കാർബോഹൈഡ്രേറ്റുകളാണ് ഹ്യൂമൻ മിൽക്ക് ഒലിഗോസാക്കറൈഡുകൾ (HMO). വീ പ്രോട്ടീൻ പാലിൽ കാണപ്പെടുന്ന ഒരു പ്രോട്ടീൻ ഘടകമാണ്. ചില ഫോർമുലകളിൽ ഇവ ഉൾപ്പെടുത്താറുണ്ട്.

എന്നാൽ HMO അല്ലെങ്കിൽ വീ പ്രോട്ടീൻ അടങ്ങിയിട്ടുണ്ടെന്നതുകൊണ്ട് മാത്രം ഒരു ഫോർമുല മറ്റൊന്നിനെക്കാൾ മികച്ചതാകണമെന്നില്ല. മുലപ്പാലിന്റെ ചില സവിശേഷതകൾ അനുകരിക്കാൻ ഇത്തരം ഘടകങ്ങൾ സഹായിച്ചേക്കാമെങ്കിലും, അതിന്റെ മുഴുവൻ ഘടനയും ഫോർമുലയ്ക്ക് പുനഃസൃഷ്ടിക്കാനാവില്ല.

പോഷകമാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടോ, സുരക്ഷിതമാണോ, കുഞ്ഞിന്റെ വ്യക്തിഗത ആവശ്യങ്ങൾക്ക് അനുയോജ്യമാണോ തുടങ്ങിയ കാര്യങ്ങളാണ് പരിഗണിക്കേണ്ടത്. പ്രത്യേക ആവശ്യങ്ങൾക്കുള്ള ഫോർമുലകൾ ശിശുരോഗവിദഗ്ധന്റെ നിർദേശപ്രകാരം മാത്രമേ തിരഞ്ഞെടുക്കാവൂ.

പാക്കറ്റ് ബേബി ഫുഡ് വാങ്ങുമ്പോൾ എന്തെല്ലാം പരിശോധിക്കണം?

കുഞ്ഞുങ്ങൾക്കുള്ള പാക്കറ്റ് ഭക്ഷണം വാങ്ങുമ്പോൾ മാതാപിതാക്കൾ ചില കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കണം.

  •  പ്രായപരിധി: ഉൽപ്പന്നം ഏത് പ്രായത്തിലുള്ള കുഞ്ഞുങ്ങൾക്കുള്ളതാണെന്ന് പരിശോധിക്കുക.
  •  ചേരുവകൾ: പഞ്ചസാര, ഗ്ലൂക്കോസ് സിറപ്പ് തുടങ്ങിയവ ചേർത്തിട്ടുണ്ടോ എന്ന് നോക്കുക.
  •  പോഷകവിവരങ്ങൾ: ഭക്ഷണത്തിലെ പോഷകഘടകങ്ങളും അവയുടെ അളവും പരിശോധിക്കുക.
  •  കാലാവധി: ഉൽപ്പന്നത്തിന്റെ ഉപയോഗിക്കാവുന്ന അവസാന തീയതി ഉറപ്പാക്കുക.
  •  പാക്കറ്റിന്റെ അവസ്ഥ: കേടായതോ തുറന്നതോ വീർത്തതോ ആയ പാക്കറ്റുകൾ വാങ്ങരുത്.
  •  സംഭരണ നിർദേശങ്ങൾ: തുറന്നശേഷം എങ്ങനെ സൂക്ഷിക്കണം എന്നതടക്കമുള്ള നിർദേശങ്ങൾ പാലിക്കുക.

മലിനീകരണം തിരിച്ചറിയാൻ കഴിയുമോ?

ഹെവി മെറ്റലുകൾ, കീടനാശിനികളുടെ അവശിഷ്ടങ്ങൾ, ഹാനികരമായ സൂക്ഷ്മജീവികൾ എന്നിവ ഭക്ഷണത്തിൽ കലരുന്നത് ആശങ്കാജനകമാണ്. അസംസ്കൃത വസ്തുക്കൾ, വെള്ളം, നിർമാണപ്രക്രിയ, കൈകാര്യം ചെയ്യൽ തുടങ്ങിയ ഘട്ടങ്ങളിലൂടെ മലിനീകരണം ഉണ്ടാകാം.

ചില മലിനീകരണങ്ങൾ കുഞ്ഞിന്റെ വളർച്ചയെയും വികാസത്തെയും ബാധിച്ചേക്കാം. സൂക്ഷ്മജീവികളുടെ സാന്നിധ്യം ഗുരുതരമായ അണുബാധകൾക്കും കാരണമാകാം.

എന്നാൽ ഭക്ഷണം കണ്ടുനോക്കിയോ ലേബൽ വായിച്ചോ എല്ലാ മലിനീകരണങ്ങളും തിരിച്ചറിയാൻ സാധിക്കില്ല. അതിനാൽ നിർമാതാക്കളുടെ ഗുണനിലവാര നിയന്ത്രണം, ലബോറട്ടറി പരിശോധനകൾ, ഭക്ഷ്യസുരക്ഷാ അധികൃതരുടെ നിരീക്ഷണം എന്നിവ നിർണായകമാണ്.

വിശ്വസനീയമായ വിൽപ്പനക്കാരിൽനിന്ന് മാത്രം ഉൽപ്പന്നങ്ങൾ വാങ്ങുക. സുരക്ഷിതമായ വെള്ളം ഉപയോഗിക്കുക, ഭക്ഷണം തയ്യാറാക്കുമ്പോൾ ശുചിത്വം പാലിക്കുക, ഔദ്യോഗികമായി പുറപ്പെടുവിക്കുന്ന ഉൽപ്പന്ന തിരിച്ചുവിളിക്കൽ അറിയിപ്പുകളും സുരക്ഷാ മുന്നറിയിപ്പുകളും ശ്രദ്ധിക്കുക.

പൊടി രൂപത്തിലുള്ള ഫോർമുല പാൽ അണുവിമുക്തമായ ഉൽപ്പന്നമല്ല. അതിനാൽ തയ്യാറാക്കുന്നതിനും സൂക്ഷിക്കുന്നതിനുമുള്ള നിർദേശങ്ങൾ കൃത്യമായി പാലിക്കണം. വെള്ളം തിളപ്പിക്കുന്നത് ഹെവി മെറ്റലുകൾ പോലുള്ള രാസമലിനീകരണങ്ങൾ നീക്കം ചെയ്യില്ലെന്ന കാര്യവും ശ്രദ്ധിക്കണം.

കുഞ്ഞിന്റെ ഭക്ഷണം സുരക്ഷിതമാക്കാൻ മാതാപിതാക്കൾ ചെയ്യേണ്ടത്

കുഞ്ഞിന്റെ പ്രായത്തിനും വളർച്ചാഘട്ടത്തിനും അനുയോജ്യമായ പോഷകാഹാരത്തിന് മുൻഗണന നൽകുക. ആദ്യ ആറുമാസം മുലപ്പാൽ മാത്രം നൽകാനാണ് ശുപാർശ. ആറുമാസം മുതൽ അനുബന്ധ ഭക്ഷണങ്ങൾ ക്രമേണ പരിചയപ്പെടുത്താം.

ഫോർമുല ആവശ്യമായി വരുന്ന സാഹചര്യത്തിൽ ആരോഗ്യവിദഗ്ധന്റെ നിർദേശപ്രകാരം അനുയോജ്യമായ ഉൽപ്പന്നം തിരഞ്ഞെടുക്കുകയും തയ്യാറാക്കുന്നതിനുള്ള നിർദേശങ്ങൾ കൃത്യമായി പാലിക്കുകയും വേണം. ഭക്ഷണത്തിൽ അധിക പഞ്ചസാരയും ഉപ്പും ചേർക്കുന്നത് ഒഴിവാക്കുക. കാലാവധി, പാക്കറ്റിന്റെ അവസ്ഥ, സംഭരണരീതി എന്നിവയും ശ്രദ്ധിക്കണം.

സോഷ്യൽ മീഡിയയിൽ കാണുന്ന നിർദേശങ്ങൾ അനുസരിച്ച് ഫോർമുല മാറ്റുകയോ സപ്ലിമെന്റുകൾ നൽകുകയോ വീട്ടിൽ ഫോർമുല തയ്യാറാക്കുകയോ ചെയ്യരുത്. കുഞ്ഞിന് തുടർച്ചയായ ഛർദി, ഭക്ഷണം കഴിക്കാനുള്ള ബുദ്ധിമുട്ട്, ശരീരഭാരം വേണ്ടത്ര കൂടാത്ത അവസ്ഥ എന്നിവയുണ്ടെങ്കിൽ ശിശുരോഗവിദഗ്ധനെ സമീപിക്കണം.

കുഞ്ഞുങ്ങളുടെ പോഷകാഹാരത്തിൽ പോഷകമൂല്യത്തിനൊപ്പം ഭക്ഷ്യസുരക്ഷയ്ക്കും ഒരുപോലെ പ്രാധാന്യമുണ്ട്. പാക്കറ്റിലെ പരസ്യവാചകങ്ങളേക്കാൾ ചേരുവകളും പോഷകവിവരങ്ങളും സുരക്ഷാ മാനദണ്ഡങ്ങളും പരിശോധിക്കുന്ന ശീലം മാതാപിതാക്കൾ വളർത്തിയെടുക്കണം.

Tags:    

Writer - റുക്സാന വി.കെ

contributor

Editor - റുക്സാന വി.കെ

contributor

By - ഹെൽത്ത് ഡെസ്ക്

contributor

Similar News