ക്രാഷ് ഡയറ്റില്ല, ജിമ്മിൽ മണിക്കൂറുകൾ ചെലവഴിച്ചതുമില്ല; അഞ്ച് വർഷം കൊണ്ട് കുറച്ചത് 40 കിലോ!; ഖുഷ്ബു പിന്തുടർന്നത് ഈ സൂത്രം
ഭാരം കുറയ്ക്കാൻ താരം പിന്തുടർന്നിരുന്നത് ജാപ്പനീസ് ഭക്ഷണരീതിയായിരുന്നു
തമിഴ്, തെലുങ്ക്, കന്നഡ, മലയാളം, ഹിന്ദി സിനിമകളിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ നടിയും രാഷ്ട്രീയപ്രവർത്തകയുമാണ് ഖുശ്ബു സുന്ദർ. പലരേയും അത്ഭുതപ്പെടുത്തുംവിധമായിരുന്നു താരത്തിന്റെ ബോഡി ട്രാൻസ്ഫോർമേഷൻ. മേക്കോവർ ഇപ്പോഴും സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നുമുണ്ട്. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ 40 കിലോയിലധികം ഭാരമാണ് 56കാരിയായ ഖുശ്ബു കുറച്ചത്.
ഈ മാറ്റത്തിന് പിന്നിൽ കഠിനമായ ക്രാഷ് ഡയറ്റുകളോ ജിമ്മിലെ മണിക്കൂറുകളോളമുള്ള വ്യായാമങ്ങളോ ആയിരിക്കാമെന്നാണ് കരുതിയെങ്കിൽ നിങ്ങൾക്ക് തെറ്റി. കൃത്യമായ ജീവിതശൈലിയിൽ വരുത്തിയ മാറ്റങ്ങളിലൂടെയും ഭക്ഷണക്രമീകരണത്തിലൂടെയുമാണ് താരം ഈ നേട്ടം കൈവരിച്ചത്. അടുത്തിടെ അഭിമുഖങ്ങളിൽ താൻ പിന്തുടർന്ന ഭക്ഷണരീതികളെക്കുറിച്ചും വെയിറ്റ് ലോസ് ജേർണിയെക്കുറിച്ചും ഖുശ്ബു തുറന്നുപറഞ്ഞിരുന്നു. ഭാരം കുറയ്ക്കാൻ താരം പിന്തുടർന്നിരുന്നത് ജാപ്പനീസ് ഭക്ഷണരീതിയായിരുന്നു.
എന്താണ് ജാപ്പനീസ് ഭക്ഷണരീതി?
ലോകത്തിലെ ഏറ്റവും ആരോഗ്യകരവും സമീകൃതവുമായ ഭക്ഷണസംസ്കാരങ്ങളിൽ ഒന്നാണ് ജാപ്പനീസ് ഭക്ഷണരീതി. ആരോഗ്യവും ആയുർദൈർഘ്യവും കൂട്ടുന്ന ഭക്ഷണ ശീലങ്ങളാണ് ജാപ്പനീസ് ഭക്ഷണരീതിയുടെ പ്രത്യേകത. വിശക്കുമ്പോൾ മാത്രം ഭക്ഷണം കഴിക്കുക എന്നതാണ് താൻ പിന്തുടരുന്ന പ്രധാന രീതിയെന്ന് താരം പറയുന്നു. ചുമ്മാ ഇരിക്കുമ്പോഴോ ബോറടി മാറ്റാനോ താൻ ഭക്ഷണം കഴിക്കാറില്ലെന്നും താരം പറയുന്നു.
'നമ്മളിൽ ഭൂരിഭാഗം പേരും വലിയ പ്ലേറ്റിൽ നിറയെ ഭക്ഷണം എടുത്താണ് കഴിക്കുന്നത്. എന്നാൽ ജാപ്പനീസ് ആളുകൾ ചെറിയ ബൗളുകളിലാണ് ഭക്ഷണം കഴിക്കുന്നത്. യഥാർഥത്തിൽ അത്രയും ഭക്ഷണം മാത്രമേ നമ്മുടെ ശരീരത്തിന് ആവശ്യമുള്ളൂ. ചെറിയ അളവിൽ കഴിക്കുമ്പോൾ വയർ നിറഞ്ഞോ എന്ന് സ്വയം വിലയിരുത്താൻ സാധിക്കും. 80ഉം 90ഉം വയസുള്ള ജാപ്പനീസ് ആളുകൾ പോലും ഈ രീതിയാണ് പിന്തുടരുന്നത്. ഇതുപോലെ ഞാനും എനിക്കായി ഒരു ബൗൾ മാറ്റിവെച്ചിട്ടുണ്ട് -ഖുഷ്ബു പറയുന്നു.
ഒരുകാലത്ത് തന്റെ ഭാരം 98 കിലോ വരെ എത്തിയിരുന്നുവെന്ന് സിഎൻബിസി-ടിവി18ന് നൽകിയ അഭിമുഖത്തിൽ ഖുശ്ബു വെളിപ്പെടുത്തിയിരുന്നു. രജനീകാന്തിനൊപ്പമുള്ള സിനിമ കാണുമ്പോൾ സ്വന്തം രൂപം കണ്ട് തിരിച്ചറിയാൻ പോലും കഴിഞ്ഞിരുന്നില്ലെന്നും, കാൽമുട്ട് വേദന സഹിക്കാൻ കഴിയാതെ വന്നതോടെയാണ് ഫിറ്റ്നസിൽ ശ്രദ്ധ കേന്ദ്രീകരിച്ചതെന്നും താരം പറയുന്നു.
രാവിലെ ചെറു നടത്തം, പ്രോട്ടീനും ഫൈബറും അടങ്ങിയ പ്രഭാതഭക്ഷണം, എണ്ണക്കടികൾ ഒഴിവാക്കൽ തുടങ്ങിയവയാണ് ഭക്ഷണത്തിൽ താൻ കൂടുതൽ ശ്രദ്ധിച്ചതെന്ന് താരം പറയുന്നു. ശരീരഭാരം കുറയുന്നത് നിങ്ങളുടെ ശാരീരിക ആരോഗ്യത്തെ മാത്രമല്ല, മാനസിക ആരോഗ്യത്തെയും മാറ്റുമെന്നും താരം പറയുന്നു.