മുക്കിലും മൂലയിലുമെല്ലാം പണം; വ്യാപാരിയുടെ വീട്ടിൽ നിന്ന് പിടിച്ചത് 150 കോടി!

പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ് ബ്രൗൺ റിബ്ബൺ കൊണ്ട് പൊതിഞ്ഞ നിലയിലായിരുന്നു കറൻസി

Update: 2021-12-24 06:40 GMT
Editor : abs | By : abs

കാൺപൂർ: പണമെണ്ണി കുഴഞ്ഞു പോയല്ലോ എന്ന അവസ്ഥയിലാണിപ്പോൾ യുപിയിലെ ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർ. എന്തെന്നല്ലേ? അത്രയും കൂടുതൽ പണമാണ് പിയൂഷ് ജെയിൻ എന്ന വ്യാപാരിയിൽ നിന്ന് ഐടി ഉദ്യോഗസ്ഥർ പിടിച്ചെടുത്തത്. പത്തും ഇരുപതും കോടിയൊന്നുമല്ല, 150 കോടി രൂപ! പിയൂഷിന്റെ വീട്ടിലെ മുക്കിലും മൂലയിലുമെല്ലാം പണമായിരുന്നു. കാഷ് ഇതുവരെ എണ്ണിത്തീർന്നിട്ടില്ലെന്നാണ് എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നത്. കാൺപൂർ, മുംബൈ, ഗുജറാത്ത് എന്നിവിടങ്ങളിൽ ഇദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങളിൽ നിന്നും പണം പിടിച്ചെടുത്തു. വീട്ടില്‍ നിന്ന് 90 കോടി പിടിച്ചെന്നും ബാക്കിയുള്ളവ സ്ഥാപനങ്ങളില്‍ നിന്നാണ് എന്നാണ് മറ്റു റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. 

Advertising
Advertising

കാൺപൂർ ആസ്ഥാനമായി, സുഗന്ധ വ്യാപാരം നടത്തുന്ന വ്യവസായിയാണ് പിയൂഷ് ജെയിൻ. പാൻ മസാല വ്യാപാരവുമുണ്ട്. വീട്ടിലെ രണ്ട് വലിയ അലമാരകളിൽ നിന്ന് നിറയെ പണമാണ് ആദ്യം ഉദ്യോഗസ്ഥർ പുറത്തെടുത്തത്. പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ് ബ്രൗൺ റിബ്ബൺ കൊണ്ട് പൊതിഞ്ഞ നിലയിലായിരുന്നു കറൻസി. അലമാരകളിൽ ഇത്തരത്തിൽ മുപ്പതിലേറെ കെട്ട് നോട്ടുകൾ കാണാം. 


ഉദ്യോഗസ്ഥർ നോട്ടുകെട്ടുകൾക്ക് നടുവിൽ ഇരിക്കുന്നതാണ് മറ്റൊരു ചിത്രം. എണ്ണിത്തിട്ടപ്പെടുത്തുന്ന നാല് ഉദ്യോഗസ്ഥരെയും കാണാം. മൂന്ന് നോട്ടെണ്ണൽ യന്ത്രങ്ങളുമുണ്ട്. വ്യാഴാഴ്ചയാണ് ഇദ്ദേഹത്തിന്റെ വീട്ടിലും സ്ഥാപനങ്ങളിലും റെയ്ഡ് ആരംഭിച്ചത്. വെള്ളിയാഴ്ച രാവിലെയും പരിശോധന തുടരുകയാണ്. നികുതി വെട്ടിപ്പ് നടത്തിയെന്ന ആരോപണത്തിലാണ് ഇയാളുടെ ആനന്ദ്പുരിയിലുള്ള വീട്ടിൽ ഉദ്യോഗസ്ഥർ തെരച്ചിൽ നടത്തിയത്. ജിഎസ്ടി ഉദ്യോഗസ്ഥരാണ് ആദ്യം പരിശോധനക്കെത്തിയത്. പിന്നീട് ആദായ നികുതി വകുപ്പും കുതിച്ചെത്തി.

വീടിന് പുറമേ, ഓഫീസിലും കോൾഡ് സ്‌റ്റോറേജിലും ഇദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള പെട്രോൾ പമ്പിലും പരിശോധന തുടരുകയാണ്. മുംബൈയിലും ഇയാൾക്ക് വീടുണ്ട്. കമ്പനികൾ രജിസ്റ്റർ ചെയ്തിട്ടുള്ളത് മുംബൈയിലാണ്. ഇദ്ദേഹത്തിന് 40 കമ്പനികളുണ്ടെന്നാണ് ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർ ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞത്. ഇതിൽ രണ്ടെണ്ണം മധ്യേഷ്യയിലാണ്.

വ്യാജ കമ്പനിയുടെ വ്യാജ ഇൻവോയ്‌സുകൾ ഉണ്ടാക്കിയാണ് പണത്തിന്റെ കണക്കു സൂക്ഷിച്ചിരുന്നതെന്ന് ജിഎസ്ടി ഉദ്യോഗസ്ഥർ പറയുന്നു. ഇത്തരത്തിൽ അമ്പതിനായിരത്തിന്റെ ഇരുനൂറിലേറെ ഇൻവോയ്‌സുകൾ കണ്ടെത്തിയിട്ടുണ്ട്. സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവുമായി അടുപ്പം സൂക്ഷിക്കുന്ന വ്യാപാരിയാണ് പിയൂഷ് ജെയിൻ. സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവുമായി അടുപ്പം സൂക്ഷിക്കുന്ന വ്യാപാരിയാണ് പിയൂഷ് ജെയിനെന്ന് ദ ഫ്രീ പ്രസ് ജേണൽ റിപ്പോർട്ട് ചെയ്യുന്നു. ഇയാളുടെ സഹോദരൻ പമ്മി ജെയിൻ മുതിർന്ന എസ്.പി നേതാവാണ്. 

Tags:    

Writer - abs

contributor

Editor - abs

contributor

By - abs

contributor

Similar News