ഊർജ പ്രതിസന്ധി രൂക്ഷം; കൽക്കരി എത്തിക്കാനായി 42 പാസഞ്ചർ ട്രെയിനുകൾ റദ്ദാക്കി

വേഗത്തിൽ ഊർജമെത്തിച്ച് പ്രതിസന്ധി പരിഹരിക്കാനുള്ള തെരക്കിട്ട ശ്രമങ്ങളാണ് തുടരുന്നത്

Update: 2022-04-29 09:37 GMT

ഡൽഹി: രാജ്യത്ത് കൽക്കരി പ്രതിസന്ധി രൂക്ഷമാകുന്നു. യുദ്ധകാലാടസ്ഥാനത്തിൽ കൽക്കരി എത്തിക്കാനുള്ള ശ്രമാമാണ് ഇപ്പോൾ റെയിൽവേ അധികൃതരുടെ ഭാഗത്തുനിന്നും ഉണ്ടാവുന്നത്. കൽക്കരി വണ്ടികളുടെ വേഗത്തിലുള്ള നീക്കത്തിനായി ഇന്ത്യയിലുടനീളമുള്ള 42 പാസഞ്ചർ ട്രെയിനുകൾ റദ്ദാക്കി.

പല സംസ്ഥാനങ്ങളിലെയും വൈദ്യുതി നിലയങ്ങളിലെ സ്റ്റോക്ക് വളരെ കുറവായതിനാലാണ് ഇത്തരത്തിലുള്ള ഒരു നടപടി. താപവൈദ്യുത നിലയങ്ങളിൽ കൽക്കരി ശേഖരം കുറയുന്നതിനാൽ 42 ട്രെയിനുകൾ അനിശ്ചിതകാലത്തേക്ക് റദ്ദാക്കിയതായി റെയിൽവേ അധികൃതർ അറിയിച്ചു. അതേസമയം, ഛത്തീസ്ഗഢിൽ എംപിമാരുടെ പ്രതിഷേധത്തെ തുടർന്ന് നിർത്തലാക്കിയ മൂന്ന് ട്രെയിനുകൾ പുനസ്ഥാപിച്ചു.

Advertising
Advertising

വേഗത്തിൽ ഊർജമെത്തിച്ച് പ്രതിസന്ധി പരിഹരിക്കാനുള്ള തെരക്കിട്ട ശ്രമങ്ങളാണ് തുടരുന്നത്. ട്രെയിനുകൾ നിർത്തലാക്കിയത് താൽക്കാലികമാണെന്നും എത്രയും പെട്ടെന്ന് പുന:സ്ഥാപിക്കുമെന്നും ഇന്ത്യൻ റെയിൽവേ എക്സിക്യൂട്ടീവ് ഡയറക്ടർ ഗൗരവ് ക്രിഷ്ണ ബൻസാൽ പ്രതികരിച്ചു. 

താപനിലയങ്ങളിൽ എട്ട് ദിവസത്തേക്കുള്ള കൽക്കരി മാത്രമാണ് അവശേഷിക്കുന്നത്. കൽക്കരി ക്ഷാമത്തിന് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് ഡൽഹി സർക്കാർ കേന്ദ്രത്തിന് കത്തയച്ചിട്ടുണ്ട്. പ്രതിസന്ധി തുടർന്നാൽ മെട്രോ, ആശുപത്രി സേവനങ്ങളെ ഉൾപ്പെടെ രൂക്ഷമായി ബാധിക്കുമെന്ന മുന്നറിയിപ്പും സർക്കാർ നൽകുന്നു.

എന്നാൽ 30 ദിവസത്തേക്കുള്ള കൽക്കരി ശേഖരം രാജ്യത്തുണ്ടെന്നാണ് കേന്ദ്രത്തിന്റെ വിശദീകരണം.കോൾ ഇന്ത്യയ്ക്ക് സംസ്ഥാനങ്ങൾ നിരന്തരം കുടിശിക വരുത്തുന്നതും അനുവദിച്ച കൽക്കരി യഥാസമയം കൊണ്ടുപോകാത്തതുമാണ് നിലവിലെ പ്രതിസന്ധിക്കു കാരണമെന്നുമാണ് കേന്ദ്രം പറയുന്നത്.

Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - Web Desk

contributor

Similar News