മണിപ്പൂരിൽ സൈനിക യൂണിഫോം ധരിച്ച് തോക്ക് കൊള്ളയടിച്ച അഞ്ച് പേർ അറസ്റ്റിൽ; യുഎപിഎ ചുമത്തി

ഇവരെ മോചിപ്പിക്കണം എന്നാവശ്യപ്പെട്ട് ഇംഫാലിൽ പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടെങ്കിലും യുഎപിഎ, ഒഫീഷ്യൽ സീക്രട്ട് ആക്ട് എന്നിവ പ്രകാരം പൊലീസ് കേസെടുക്കുകയായിരുന്നു.

Update: 2023-09-20 10:45 GMT
Advertising

ഗുവാഹത്തി: വംശീയ സംഘർഷം നടക്കുന്ന മണിപ്പൂരിൽ സൈനിക യൂണിഫോം ധരിച്ച് പൊലീസിന്റെ തോക്ക് കൊള്ളയടിച്ച സംഭവത്തിൽ അഞ്ച് പേർ അറസ്റ്റിൽ. ഇവർക്കെതിരെ പൊലീസ് യുഎപിഎ ചുമത്തി. പൊലീസിന്റെ ആയുധപ്പുരയിൽ നിന്നാണ് പ്രതികൾ ആയുധങ്ങൾ കൊള്ളയടിച്ചത്. ഇവരെ മോചിപ്പിക്കണം എന്നാവശ്യപ്പെട്ട് ഇംഫാലിൽ പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടെങ്കിലും യുഎപിഎ, ഒഫീഷ്യൽ സീക്രട്ട് ആക്ട് എന്നിവ പ്രകാരം പൊലീസ് കേസെടുക്കുകയായിരുന്നു.

രണ്ട് റൈഫിളുകളും 128ലധികം വെടിയുണ്ടകളും സഹിതമാണ് അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തത്. മണിപ്പൂരിലെ അക്രമത്തിന്റെ ആദ്യ ദിവസങ്ങളിലായിരുന്നു പൊലീസ് ആയുധപ്പുരകളിൽ നിന്ന് ഇവർ ആയുധങ്ങൾ കൊള്ളയടിച്ചതെന്ന് പൊലീസ് പറഞ്ഞു. ഇതിൽ, മണിപ്പൂരിലെ നിരോധിത സംഘടനയായ പീപ്പിൾസ് ലിബറേഷൻ ആർമിയുടെ (പി‌എൽ‌എ) മുൻ കേഡറായ 45കാരനെതിരെ ദേശീയ സുരക്ഷാ നിയമപ്രകാരവും കേസെടുത്തിട്ടുണ്ട്.

തിങ്കളാഴ്ച, യുവാക്കളെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് മീരാ പൈബിസ് എന്ന ആദിവാസി സ്ത്രീകളുടെ കൂട്ടായ്മ ഇംഫാൽ ഈസ്റ്റ് ജില്ലയിലെ ഖുറൈയിലും കോങ്ബയിലും ഇംഫാൽ വെസ്റ്റ് ജില്ലയിലെ കക്വയിലും ബിഷ്ണുപൂർ ജില്ലയിലെ നമ്പോലിലും തൗബാൽ ജില്ലയുടെ ചില ഭാഗങ്ങളിലും റോഡുകൾ തടഞ്ഞു.

അക്രമത്തിന്റെ ആദ്യ ദിവസങ്ങളിൽ കറുത്ത യൂണിഫോം ധരിച്ച സായുധ കലാപകാരികൾ കമാൻഡോ യൂണിഫോം മോഷ്ടിക്കുന്ന വീഡിയോകൾ പുറത്തുവന്നതിനെ തുടർന്ന് മണിപ്പൂർ പൊലീസ് ജൂലൈയിൽ കർശന മുന്നറിയിപ്പ് നൽകിയിരുന്നു. പൊതുജനങ്ങളിൽ അവിശ്വാസം ഉണ്ടാക്കാൻ പട്ടാളത്തിന് സമാനമായ യൂണിഫോം ധരിച്ച് കലാപം നടത്തുന്ന സംഭവങ്ങൾ വർധിച്ചുവരുന്നതായി പൊലീസ് പറയുന്നു.

യൂണിഫോമിന് പുറമെ, സായുധരായ അക്രമികൾ പൊലീസ് ആയുധപ്പുരകളിൽ നിന്ന് കൊള്ളയടിച്ച അത്യാധുനിക ആയുധങ്ങൾ കൈവശം വയ്ക്കുകയും സംസ്ഥാനത്തെ സമാധാന ശ്രമങ്ങളെ തുരങ്കം വയ്ക്കുന്നതിനായി പ്രദേശവാസികളെ ഭീഷണിപ്പെടുത്തുകയും ചെയ്യുന്നതായും പൊലീസ് കൂട്ടിച്ചേർത്തു.

അതേസമയം, മണിപ്പൂർ പൊലീസ് പങ്കുവച്ച കണക്കുകൾ പ്രകാരം മെയ് മൂന്നിന് സംസ്ഥാനത്ത് വംശീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം 175ലേറെ പേർ കൊല്ലപ്പെടുകയും 1118 പേർക്ക് പരിക്കേൽക്കുകയും 33 പേരെ കാണാതാവുകയും ചെയ്തിട്ടുണ്ട്.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News