പുലിയെ പിടിക്കാന്‍ വെച്ച കൂട്ടില്‍ കോഴിക്കള്ളന്‍; വീഡിയോ വൈറല്‍...

പുലിയെ പിടിക്കാനായി സ്ഥാപിച്ച കൂട്ടിൽ ഇരയായി വെച്ച കോഴിയെ പിടിക്കാനെത്തിയ ഇയാൾ അബദ്ധത്തിൽ കൂട്ടിൽ അകപ്പെടുകയായിരുന്നുവെന്നാണ് വനംവകുപ്പ് ഉദ്യോഗസ്ഥർ പറയുന്നത്

Update: 2023-02-25 06:55 GMT

വന്യമൃഗങ്ങൾ നാട്ടിലിറങ്ങുന്നതും കൃഷിയും നശിപ്പിക്കുന്നതും ആളുകളെ ആക്രമിക്കുന്നതുമെല്ലാം നമ്മുടെ നാട്ടിൽ ഇപ്പോൾ നിത്യ സംഭവമാണ്. ദിനേന ഇത്തരം വാർത്തകൾ നാം കാണുന്നുമുണ്ട്. ഇവയെ പേടിപ്പിച്ച് കാട് കയറ്റുകയോ കെണി വെച്ച് പിടിച്ച് ദൂരെ കാട്ടിൽ കൊണ്ടുപോയി കളയുകയോയാണ് സാധാരണ ചെയ്യാറ്. എന്നാൽ പുലിയെ പിടിക്കാനായി സ്ഥാപിച്ച കൂട്ടിൽ ഒരു മനുഷ്യൻ കുടുങ്ങിയാലോ? അത്തരമൊരു വാർത്തയാണിപ്പോൾ ഉത്തർപ്രദേശിലെ ബുലന്ദ്ഷഹറിൽ നിന്നും പുറത്തുവരുന്നത്.

പുലിയെ പിടിക്കാനായി വനംവകുപ്പ് സ്ഥാപിച്ച കൂട്ടിൽ അബദ്ധത്തിൽ കുടുങ്ങപ്പോയ കള്ളന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. രാത്രിയിൽ പുലിയെ പിടിക്കാനായി സ്ഥാപിച്ച കൂട്ടിൽ ഇരയായി വെച്ച കോഴിയെ പിടിക്കാനെത്തിയ ഇയാൾ അബദ്ധത്തിൽ കൂട്ടിൽ അകപ്പെടുകയായിരുന്നുവെന്നാണ് വനംവകുപ്പ് ഉദ്യോഗസ്ഥർ പറയുന്നത്.

Advertising
Advertising

ഗ്രാമത്തിന് സമീപം പുലിയുടെ കാൽപ്പാടുകൾ കണ്ടതിനെ തുടർന്നാണ് വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി കൂട് സ്ഥാപിച്ചത്. പുലിയുടെ ആക്രമണത്തിൽ പൊറുതി മുട്ടിയ ഗ്രാമീണർ സ്വയം പ്രതിരോധമെന്ന നിലയിൽ പുലിയെ ആക്രമിക്കുന്നത് തടയാനാണ് വനംവകുപ്പ് വിഷയത്തിൽ അടിയന്തിരമായി ഇടപ്പെട്ടത്. പുലിയെ പിടികൂടി ഉൾക്കാട്ടിൽ ഉപേക്ഷിക്കുകയായിരുന്നു വനംവകുപ്പിന്റെ ലക്ഷ്യം.



തുടർന്ന് പുലിയെ അവസാനമാനമായി കണ്ട സ്ഥലത്ത് രാത്രിയിൽ കൂട് സ്ഥാപിച്ച്, അതിൽ ജീവനുള്ള കോഴിയേയും ഇട്ടു. എന്നാൽ പുലിയെ പിടികൂടാനായി സ്ഥാപിച്ച കൂട്ടിൽ രാവിലെ കണ്ടത്, കൂട്ടിലെ കോഴിയെ മോഷ്ടിക്കാനെത്തി അകപ്പെട്ടുപോയ കള്ളനെയാണ്. പുലർച്ചെ, കൂട്ടിനുള്ളിൽ ഒരാൾ കുടുങ്ങിയ അപൂർവ ദൃശ്യം കാണാൻ ഗ്രാമവാസികൾ കൂടിന് ചുറ്റും തടിച്ചുകൂടി. പിടികൂടിയ ഗ്രാമവാസിയുടെ വീഡിയോ നിരവധി ഗ്രാമീണർ മൊബൈൽ കാമറയിൽ പകർത്തി സമൂഹമാധ്യമങ്ങളിൽ ഷെയർ ചെയ്തതോടെയാണ് സംഭവം പുറത്തറിയുന്നത്.





Tags:    

Writer - അലി തുറക്കല്‍

Media Person

Editor - അലി തുറക്കല്‍

Media Person

By - Web Desk

contributor

Similar News