കാത്തലിക് സ്‌കൂളില്‍ സരസ്വതീപൂജ നടത്തണമെന്ന ആവശ്യവുമായി വിഎച്ച്പി; സംഘര്‍ഷ സാഹചര്യം

ഭൂരിപക്ഷം വിദ്യാര്‍ഥികളും ഹിന്ദു മതക്കാരായാതിനാല്‍ സ്‌കൂളില്‍ സരസ്വതീപൂജ നടത്തണമെന്നാണ്‌ വിഎച്ച്പിയുടെ ആവശ്യം

Update: 2026-01-24 11:38 GMT

സ്‌കൂളിന് പുറത്ത് വിഎച്ച്പി പ്രവര്‍ത്തകരുടെ പ്രതിഷേധം

അഗര്‍ത്തല: വടക്കന്‍ ത്രിപുരയിലെ ധര്‍മനഗറില്‍ കാത്തലിക് സ്‌കൂളില്‍ സരസ്വതീപൂജ നടത്തണമെന്ന ആവശ്യവുമായി വിശ്വഹിന്ദു പരിഷത്ത്. സ്‌കൂളില്‍ മതചടങ്ങുകള്‍ സംഘടിപ്പിക്കാന്‍ അനുവദിക്കില്ലെന്ന് അധികൃതര്‍ നിലപാടെടുത്തതോടെ സംഘര്‍ഷ സാഹചര്യമാണ്. സംഭവത്തില്‍ പൊലീസും ജില്ലാ ഭരണകൂടവും ഇടപെട്ട് പരിഹാരത്തിന് ശ്രമിക്കുകയാണ്. 

ജനുവരി 16നാണ് പ്രശ്‌നങ്ങളുടെ തുടക്കം. ധര്‍മനഗര്‍ സഖായ്ബാരിയിലെ ഹോളി ക്രോസ് കോണ്‍വെന്റ് സ്‌കൂളില്‍ ഒരു സംഘം വിഎച്ച്പി പ്രവര്‍ത്തകര്‍ എത്തി കുട്ടികളുടെ മതം തിരിച്ചുള്ള കണക്ക് ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍, അത്തരം വിവരങ്ങള്‍ അധികൃതരുടെ നിര്‍ദേശമില്ലാതെ നല്‍കാനാവില്ലെന്ന് സ്‌കൂള്‍ അധികൃതര്‍ നിലപാടെടുത്തു.

Advertising
Advertising

പിറ്റേന്ന് കൂടുതല്‍ പേര്‍ എത്തുകയും സ്‌കൂളില്‍ മതപരിവര്‍ത്തനം നടത്തുന്നതായി ആരോപിക്കുകയും ചെയ്തു. സാംസ്‌കാരിക അപചയം നടക്കുന്നുവെന്നും, ഭൂരിപക്ഷം വിദ്യാര്‍ഥികളും ഹിന്ദു മതക്കാരായാതിനാല്‍ സ്‌കൂളില്‍ സരസ്വതീപൂജ നടത്തണമെന്നുമായിരുന്നു വിഎച്ച്പിക്കാരുടെ ആവശ്യം. എന്നാല്‍, ഹോളി ക്രോസ് കോണ്‍വെന്റ് സ്‌കൂള്‍ ഒരു ക്രിസ്ത്യന്‍ ന്യൂനപക്ഷ സ്ഥാപനമാണെന്നും, വ്യത്യസ്ത മതത്തിലെ വിദ്യാര്‍ഥികള്‍ പഠിക്കുന്നതിനാല്‍ സ്‌കൂള്‍ വളപ്പില്‍ ഒരു മതത്തിന്റെയും പരിപാടികള്‍ സംഘടിപ്പിക്കാന്‍ അനുവാദം നല്‍കാറില്ലെന്നും മാനേജ്‌മെന്റ് വ്യക്തമാക്കി. ഇതോടെ വിഎച്ച്പി പ്രവര്‍ത്തകരും സ്‌കൂള്‍ അധികൃതരും തമ്മില്‍ കടുത്ത വാക്കേറ്റമുണ്ടായി. ആവശ്യം അംഗീകരിച്ചില്ലെങ്കില്‍ കൂടുതല്‍ പ്രവര്‍ത്തകരുമായി സ്‌കൂളിലെത്തുമെന്ന് ഭീഷണിപ്പെടുത്തിയാണ് സംഘം മടങ്ങിയത്.

ഇതോടെ, സ്‌കൂള്‍ മാനേജ്‌മെന്റ് സംഭവം ജില്ലാ ഭരണകൂടത്തെ അറിയിക്കുകയും പൊലീസ് കേസെടുക്കുകയും ചെയ്തു. സ്‌കൂളിന് പൊലീസ് സുരക്ഷ നല്‍കണമെന്നും ആവശ്യപ്പെട്ടു. പിന്നാലെ സാഹചര്യം കൂടുതല്‍ വഷളായി. ജനുവരി 20ന് സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ് സ്‌കൂളിലെത്തി മധ്യസ്ഥ യോഗം ചേര്‍ന്നു. എന്നാല്‍, ഇതിലും തീരുമാനമായില്ല. 22ന് കൂടുതല്‍ വിഎച്ച്പി പ്രവര്‍ത്തകര്‍ മാധ്യമങ്ങളെയും കൂട്ടി സ്‌കൂളിലെത്തി. സ്‌കൂളുമായി ബന്ധപ്പെട്ട മുതിര്‍ന്ന മതനേതൃത്വവുമായി ചര്‍ച്ച നടത്തി. പൂജ നടത്താന്‍ മാനേജ്‌മെന്റ് അനുമതി നല്‍കിയെന്ന് ഇതിനു പിന്നാലെ പ്രചരിപ്പിച്ചെങ്കിലും മാനേജ്‌മെന്റ് ഇത് നിഷേധിച്ചു.

മാനേജ്‌മെന്റ് നിലപാട് വിശദീകരിക്കാന്‍ രക്ഷിതാക്കളുടെ യോഗം വിളിച്ചുചേര്‍ത്തിരുന്നു. എന്നാല്‍, ഏതാനും ചില രക്ഷിതാക്കള്‍ സരസ്വതീപൂജയ്ക്ക് അനുമതി നല്‍കണമെന്നാവശ്യപ്പെടുകയും പ്രിന്‍സിപ്പാളിനെ തടഞ്ഞുവെക്കാന്‍ ശ്രമിക്കുകയും ചെയ്തു. ഇതോടെ, വിഎച്ച്പി പ്രവര്‍ത്തകരും സ്‌കൂളിനുള്ളില്‍ കടന്ന് പ്രതിഷേധം തുടങ്ങി. കഴിഞ്ഞ ദിവസം വിഎച്ച്പി പ്രവര്‍ത്തകര്‍ സ്‌കൂളിന് പുറത്ത് 70ഓളം രക്ഷിതാക്കളുടെ ഒപ്പുശേഖരണം നടത്തി. സ്‌കൂള്‍ വളപ്പില്‍ പന്തലുയര്‍ത്താന്‍ നീക്കമുണ്ടെന്ന് അറിഞ്ഞതിനെ തുടര്‍ന്ന് അധികൃതര്‍ പൊലീസിനെ അറിയിച്ചു. തുടര്‍ന്ന് സ്‌കൂളിലും പരിസരത്തും പൊലീസ് ശക്തമായ കാവല്‍ ഏര്‍പ്പെടുത്തിയിരിക്കുകയാണ്. സാഹചര്യം നിയന്ത്രണവിധേയമാണെന്നും പ്രശ്‌നം സമാധാനപരമായി പരിഹരിക്കുമെന്നും അധികൃതര്‍ പറയുന്നു. 

Tags:    

Writer - ശരത് ലാൽ തയ്യിൽ

Chief Web Journalist

Editor - ശരത് ലാൽ തയ്യിൽ

Chief Web Journalist

By - ശരത് ലാൽ തയ്യിൽ

Chief Web Journalist

Similar News