നേപ്പാൾ, ബംഗ്ലാദേശ് പൗരന്മാരെയും രക്ഷപ്പെടുത്തി, മൂവായിരത്തിൽ താഴെ ഇന്ത്യക്കാർ ഇപ്പോഴും യുക്രൈനിൽ

700 ലധികം വിദ്യാർഥികൾ സുമിയിൽ കുടുങ്ങി കിടക്കുന്നുണ്ടെന്നും കിഴക്കൻ യുക്രൈനിൽ നിന്നുള്ള രക്ഷാദൗത്യത്തിനായി അഞ്ചു ബസുകൾ അയച്ചിട്ടുണ്ടെന്നും അധികൃതർ

Update: 2022-03-04 14:26 GMT
Advertising

20,000 ഇന്ത്യക്കാർ യുക്രൈൻ വിട്ടതായും മൂവായിരത്തിൽ താഴെ ഇന്ത്യക്കാർ ഇപ്പോഴും രാജ്യത്തുണ്ടെന്നും വിദേശകാര്യമന്ത്രാലയം അറിയിച്ചു. അവസാന ഇന്ത്യൻ പൗരനെ ഒഴിപ്പിക്കുന്നത് വരെ ഓപറേഷൻ ഗംഗ തുടരുമെന്നും ഇന്ത്യക്കാരെ കൂടാതെ നേപ്പാൾ, ബംഗ്ലാദേശ് പൗരന്മാരെയും മന്ത്രാലയം രക്ഷപ്പെടുത്തിയിട്ടുണ്ടെന്നും വ്യക്തമാക്കി. 700 ലധികം വിദ്യാർഥികൾ സുമിയിൽ കുടുങ്ങി കിടക്കുന്നുണ്ടെന്നും കിഴക്കൻ യുക്രൈനിൽ നിന്നുള്ള രക്ഷാദൗത്യത്തിനായി അഞ്ചു ബസുകൾ അയച്ചിട്ടുണ്ടെന്നും അറിയിച്ചു. യുക്രൈനോട് പ്രത്യേക ട്രെയിനുകൾ ഇന്ത്യ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ട്രെയിൻ സർവീസ് ലഭ്യമല്ലാത്തതിനാലാണ് ബസുകൾ ഏർപ്പെടുത്തിയത്.

കൂടുതൽ ഇന്ത്യക്കാരെ നാളെ നാട്ടിലെത്തിക്കാൻ കഴിയുമെന്നാണ് അധികൃതർ അറിയിക്കുന്നത്. സുമിയിലും ഖാർകീവിലും രക്ഷാപ്രവർത്തനത്തിനു കൂടുതൽ ഊന്നൽ നൽകുമെന്നും പറഞ്ഞിട്ടുണ്ട്. എന്നാൽ ഏറ്റുമുട്ടൽ നടക്കുന്നത് സുമിയിലെ രക്ഷാപ്രവർത്തനത്തെ ബാധിക്കുന്നുണ്ടെന്നാണ് ചൂണ്ടിക്കാണിക്കുന്നത്. താൽക്കാലിക വെടിനിർത്തൽ ഇല്ലാതെ രക്ഷാപ്രവർത്തനം പ്രയാസമാണെന്നും ഇവർ പറയുന്നുണ്ട്. അതേസമയം, വെടിയേറ്റ ഹർജോത് സിംഗിന്റെ ചികിത്സ ചെലവ് ഇന്ത്യ വഹിക്കുമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.

അതേസമയം, റഷ്യയുടെ ഷെല്ലാക്രമണമുണ്ടായതോടെ ഖാർകീവിൽ നിന്ന് പെസോച്ചിനിലെത്തിയ വിദ്യാർഥികൾ പ്രതിസന്ധിയിലാണ്. സുരക്ഷിതസ്ഥലമായതിനാലാണ് വിദ്യാർഥികളെ പെസോച്ചിനിലേക്ക് മാറ്റിയിരുന്നത്. എന്നാൽ ഇപ്പോൾ ആവശ്യത്തിന് ഭക്ഷണം ഇല്ലെന്നാണ് വിദ്യാർഥികൾ പറയുന്നത്. പ്രദേശത്തെ സ്‌കൂളിലും ആശുപത്രിയിലുമാണ് ഇവർ കഴിയുന്നത്.

Full View

യുദ്ധം കൊടുമ്പിരി കൊള്ളുന്ന യുക്രൈനിലെ സുമി നഗരത്തിൽ കുടുങ്ങിയ ഒരു പറ്റം ഇന്ത്യൻ വിദ്യാർഥികളുടെ കരളലയിപ്പിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. പ്രധാനമന്ത്രിയോട് സഹായമഭ്യർഥിക്കുന്ന വിദ്യാർഥികളുടെ വീഡിയോ ദൃശ്യങ്ങളാണ് പുറത്ത് വന്നത്. "മോദിജി ഞങ്ങളെ രക്ഷപ്പെടുത്താൻ ഇതുവരെ ആരും ഇടപെട്ടിട്ടില്ല. മറ്റു രാജ്യങ്ങളിൽ നിന്നുള്ള ചിലർ സുമിയിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നുണ്ടെന്ന് ഞങ്ങൾ അറിഞ്ഞു. പക്ഷെ ഇപ്പോൾ അവരൊക്കെ വെടിയേറ്റ് മരിച്ചുവെന്ന് കേള്‍ക്കുന്നു. ഇന്ത്യന്‍ ഗവർമെന്‍റ് ഞങ്ങളെ രക്ഷിക്കുമെന്ന് തന്നെയാണ് ഞങ്ങൾ പ്രതീക്ഷിക്കുന്നു. റഷ്യൻ അതിർത്തിയിൽ ഞങ്ങൾക്കായി ബസ്സുകൾ കാത്തിരിക്കുന്നുവെന്ന് ചിലർ പറയുന്നു. എന്നാൽ അതിർത്തിയിലേക്ക് ഇവിടെ നിന്ന് 50 കിലോമീറ്ററോളമുണ്ട്. ഹോസ്റ്റലിൽ നിന്ന് ഞങ്ങൾ അതിർത്തിയിലേക്ക് നടന്നാൽ വെടിയേറ്റു മരിക്കുമെന്ന് ഉറപ്പാണ്. ഓരോ 20 മിനിറ്റ് കൂടുമ്പോഴും ഇവിടെ ഷെല്ലാക്രമണം നടക്കുന്നുണ്ട്. മോദിജീ ഞങ്ങൾ എപ്പോൾ വേണമെങ്കിലും കൊല്ലപ്പെട്ടേക്കാം. ദയവ് ചെയ്ത് ഞങ്ങളെ രക്ഷിക്കൂ"-വിദ്യാര്‍ഥികള്‍ പറയുന്നു.

തങ്ങൾക്ക് കഴിക്കാൻ ഭക്ഷണവും വെള്ളവും ഇല്ലെന്നും ടോയ്‌ലെറ്റിൽ പോലും വെള്ളമില്ലാത്ത അവസ്ഥയാണെന്നും വിദ്യാർഥികൾ വീഡിയോയില്‍ പറയുന്നു. യുക്രൈൻ നഗരമായ സുമിയിൽ റഷ്യന്‍ ആക്രമണം രൂക്ഷമാണ്. മലയാളികളടക്കം അറുനൂറോളം ഇന്ത്യൻ വിദ്യാർഥികൾ താമസിക്കുന്ന സ്ഥലത്തിന് സമീപം ഇന്ന് രാവിലെ സ്ഫോടനമുണ്ടായി. സ്ഫോടനം നേരിട്ട് കണ്ടെന്നും എത്രയും പെട്ടെന്ന് രക്ഷിക്കണമെന്നും വിദ്യാർഥികൾ പറയുന്നു. അറുനൂറോളം വിദ്യാർഥികളാണ് സുമിയിലെ ബങ്കറിൽ പ്രതീക്ഷ കൈവിടാതെ ഭീതിയുടെ മുൾമുനയിൽ കഴിയുന്നത്. ഇനി ഈ കൂട്ടത്തിൽ എത്ര പേരുണ്ടാകുമെന്നറിയില്ല. എങ്ങനെയെങ്കിലും ഇവിടെ നിന്ന് രക്ഷപ്പെടുത്തണം. വെള്ളവും വൈദ്യുതിയും വിച്ഛേദിച്ചു. ഭക്ഷണം തീരാറായി. പലരും കുഴഞ്ഞുവീഴുന്നുന്നു. പൈപ്പ് വെള്ളമാണ് കുടിക്കുന്നത്. പലപ്പോഴും പഴകിയ ഭക്ഷണം കഴിക്കേണ്ടി വരുന്നുവെന്നും വിദ്യാര്‍ഥികള്‍ പറയുന്നു.

According to the Ministry of Foreign Affairs, 20,000 Indians have left Ukraine and less than 3,000 Indians are still in the country.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News