'17 വര്‍ഷമായി അയാളോട് സംസാരിക്കാറില്ല, ഒരു പെണ്‍കുട്ടിയോടും ഇങ്ങനെ ചെയ്യരുത്'; കൊല്‍ക്കത്ത കൊലപാതകത്തിലെ പ്രതിയുടെ സഹോദരി

അതുകൊണ്ട് തന്നെ എനിക്കൊന്നും പറയാനില്ല

Update: 2024-08-24 07:58 GMT
Editor : Jaisy Thomas | By : Web Desk

കൊല്‍ക്കത്ത: കഴിഞ്ഞ 17 വര്‍ഷമായി സഹോദരനോട് സംസാരിക്കാറില്ലെന്ന് കൊല്‍ക്കത്തയില്‍ ഡോക്ടറെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതി സഞ്ജയ് റോയുടെ സഹോദരി. ഇരുവരും പരസ്പരം കണ്ടിട്ടു തന്നെ വര്‍ഷങ്ങളായെന്ന് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് പറഞ്ഞു.

''17 വര്‍ഷമായി അവനോട് സംസാരിച്ചിട്ട്. ഞങ്ങള്‍ തമ്മില്‍ കാണാറില്ല. അതുകൊണ്ട് തന്നെ എനിക്കൊന്നും പറയാനില്ല. കുട്ടിക്കാലത്ത് അവന്‍ ഒരു സാധാരണ കുട്ടിയായിരുന്നു. അസാധാരണമായൊന്നും ഞാന്‍ കണ്ടിട്ടില്ല. പൊലീസില്‍ ജോലിയായതുകൊണ്ട് രാത്രിയോ പകലോ ആയിരിക്കും ജോലി. അവനെ കണ്ടിട്ട് തന്നെ വര്‍ഷങ്ങളായി. അവനെന്തെങ്കിലും വഴക്കുണ്ടാക്കിയതായിട്ടോ കേട്ടിട്ടില്ല. എന്തെങ്കിലും ചെയ്തിട്ടുണ്ടോ എന്നും അറിയില്ല'' സഹോദരി പറയുന്നു. എന്നാല്‍ കുറ്റം ചെയ്തിട്ടുണ്ടെങ്കില്‍ എന്തു ശിക്ഷ വേണമെങ്കിലും കൊടുക്കണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഒരു പെണ്‍കുട്ടിയോടും ഇങ്ങനെ ചെയ്യരുതെന്നും സഹോദരി പറഞ്ഞു.

Advertising
Advertising

കഴിഞ്ഞ ആഗസ്ത് 9നാണ് പിജി ട്രെയിനി ഡോക്ടറായ യുവതിയെ കൊല്‍ക്കത്തയിലെ ആര്‍ജി കര്‍ മെഡിക്കല്‍ കോളജിലെ സെമിനാര്‍ ഹാളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കൊല്‍ക്കത്ത പൊലീസിലെ സിവിക് വോളണ്ടിയറായിരുന്നു പ്രതിയായ സഞ്ജയ് റോയ്. പ്രതിക്ക് ആശുപത്രിയിൽ തടസ്സമില്ലാതെ പ്രവേശിക്കാൻ കഴിയും. ഇക്കാരണത്താൽ, ആർക്കും ഇയാളിൽ അത്തരം സംശയമുണ്ടായിരുന്നില്ല, സംഭവദിവസം രാത്രിയിൽ പോലും ഇയാൾ പലതവണ ആശുപത്രിയിൽ വന്നിരുന്നു. സംഭവ ദിവസം രാത്രി 11 മണിയോടെ മദ്യം കഴിക്കാൻ ആശുപത്രിക്ക് പുറകിൽ പോയി. അവിടെ മദ്യപിക്കുന്നതിനിടയിൽ ഒരു പോൺ സിനിമ കണ്ടു. ഇതിനുശേഷം പുലർച്ചെ നാലിന് പിൻവാതിലിലൂടെ ചെസ്റ്റ് മെഡിസിൻ വിഭാഗത്തിലേക്ക് കടക്കുന്നത് കണ്ടിരുന്നു. ഇതിന് ശേഷം 4.45ഓടെ സെമിനാർ ഹാളിൽ നിന്ന് പുറത്തേക്ക് വരുന്നത് കണ്ടിരുന്നു.

സംഭവസ്ഥലത്ത് നിന്ന് രക്തക്കറ കഴുകാൻ പ്രതി ശ്രമിച്ചിരുന്നുവെന്നതിന് തെളിവും പൊലീസിന് ലഭിച്ചിട്ടുണ്ട്. വീട്ടിൽ തിരിച്ചെത്തിയ ശേഷം, കുറ്റകൃത്യം ചെയ്യുമ്പോൾ ധരിച്ചിരുന്ന വസ്ത്രങ്ങളും കഴുകി. എന്നാൽ രക്തക്കറകൾ വ്യക്തമായി കാണാവുന്ന ഇയാളുടെ ഷൂ പൊലീസ് കണ്ടെടുത്തു. പൊലീസ് പിടികൂടാനെത്തിയപ്പോള്‍ ഇയാൾ പൂർണമായും മദ്യപിച്ചിരുന്നു. പ്രതിയുടെ മൊബൈൽ നിറയെ പോൺ വീഡിയോകളാണെന്നും പൊലീസ് വൃത്തങ്ങള്‍ പറയുന്നു. വെള്ളിയാഴ്ച രാവിലെയാണ് ആര്‍.ജി. കര്‍ മെഡിക്കല്‍ കോളജിലെ സെമിനാര്‍ ഹാളിനുള്ളില്‍ അര്‍ധനഗ്‌നമായ നിലയില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. നെഞ്ചുരോഗ വിഭാഗത്തില്‍ പി.ജി. ട്രെയിനിയായിരുന്നു കൊല്ലപ്പെട്ട 31കാരി.

അറസ്റ്റിലായ പ്രതി സഞ്ജയ് റോയി ഇപ്പോള്‍ സി.ബി.ഐ കസ്റ്റഡിയിലാണ്. ചോദ്യം ചെയ്യലിനിടയില്‍ സഞ്ജയ് പറഞ്ഞ കാര്യങ്ങള്‍ കേട്ട് ഞെട്ടിയിരിക്കുകയാണ് ഉദ്യോഗസ്ഥര്‍. ഒരു മടിയുമില്ലാതെയാണ് പ്രതി അന്നത്തെ അരുംകൊലയെക്കുറിച്ച് വിവരിച്ചതെന്ന് സി.ബി.ഐ സംഘം പറഞ്ഞു.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News