എപ്സ്റ്റീന്‍ പരാമര്‍ശം; ലോക്‌സഭയില്‍ രാഹുല്‍ ഗാന്ധിയുടെ പ്രസംഗം വീണ്ടും തടസപ്പെടുത്തി സ്പീക്കര്‍

പെട്രോളിയം മന്ത്രി ഹര്‍ദീപ് സിങ് പുരി ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീൻ്റെ സുഹൃത്താണെന്ന് സമ്മതിച്ചിട്ടുണ്ടെന്ന പരാമര്‍ശമാണ് പ്രസംഗം തടസപ്പെടുത്താന്‍ കാരണം

Update: 2026-03-12 13:00 GMT

ന്യൂഡല്‍ഹി: ലോക്‌സഭയില്‍ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ പ്രസംഗം വീണ്ടും തടസപ്പെടുത്തി സ്പീക്കര്‍ ഓം ബിര്‍ള. പെട്രോളിയം മന്ത്രി ഹര്‍ദീപ് സിങ് പുരി ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീന്റെ സുഹൃത്താണെന്ന് സമ്മതിച്ചിട്ടുണ്ടെന്ന പരാമര്‍ശമാണ് പ്രസംഗം തടസപ്പെടുത്താന്‍ കാരണം. പശ്ചിമേഷ്യയിലെ യുദ്ധം ഇന്ത്യയുടെ ഊര്‍ജ്ജ സുരക്ഷയെ ഗുരുതരമായി ബാധിക്കുമെന്ന് രാഹുല്‍ ഗാന്ധി ചൂണ്ടിക്കാട്ടി. ഉപഭോക്താക്കളുടെ ആശങ്കയാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണമെന്നായിരുന്നു മന്ത്രിയുടെ പ്രതികരണം.

ഊര്‍ജസുരക്ഷയാണ് ഏതൊരു രാജ്യത്തിന്റെയും അടിസ്ഥാനമെന്ന് രാഹുല്‍ പറഞ്ഞു. 'എവിടെ നിന്ന് ഇന്ത്യ എണ്ണ വാങ്ങണമെന്ന് തീരുമാനിക്കാന്‍ യുഎസിനെ അനുവദിക്കുകയാണ്. എന്തിനാണ് എണ്ണ വാങ്ങാന്‍ മറ്റൊരു രാജ്യം നമുക്ക് അനുവാദം തരുന്നത്. ഈ കടങ്കഥ എങ്ങനെ വന്നുവെന്ന് എനിക്ക് മനസ്സിലായി. ഇതൊരു വിട്ടുവീഴ്ചയാണ്' രാഹുല്‍ പറഞ്ഞു. തുടര്‍ന്നാണ് എപ്സ്റ്റീന്‍ വിഷയം ഉന്നയിച്ചത്. 'എണ്ണ മന്ത്രിയായ ഒരു മാന്യന്‍ ഇവിടെ ഇരിക്കുന്നുണ്ട്. അദ്ദേഹം തന്നെ പറഞ്ഞിട്ടുണ്ട്, താന്‍ എപ്സ്റ്റീന്റെ സുഹൃത്താണെന്ന്' എന്നായിരുന്നു രാഹുലിന്റെ വാക്കുകള്‍. ഇതോടെ സഭയില്‍ ബഹളമായി. നോട്ടീസ് നല്‍കിയ വിഷയത്തില്‍ മാത്രം സംസാരിക്കാന്‍ സ്പീക്കര്‍ നിര്‍ദേശിച്ചതോടെ പ്രതിപക്ഷം പ്രതിഷേധവുമായി രംഗത്തെത്തി. ഇന്ത്യ എവിടെ നിന്ന് എണ്ണ വാങ്ങണമെന്ന് തീരുമാനിക്കാന്‍ അമേരിക്കക്ക് എന്ത് അധികാരമാണുള്ളതെന്ന് രാഹുല്‍ ചോദിച്ചു.

Advertising
Advertising

തുടര്‍ന്ന്, പെട്രോളിയം മന്ത്രിയെ സ്പീക്കര്‍ സംസാരിക്കാന്‍ ക്ഷണിച്ചു. രാജ്യത്ത് ഇന്ധന ക്ഷാമമില്ലെന്നായിരുന്നു പെട്രോളിയം മന്ത്രിയുടെ മറുപടി. ഇന്ത്യ ബദല്‍ മാര്‍ഗങ്ങളിലൂടെ പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ സുരക്ഷിതമായി എത്തിക്കുന്നുണ്ട്. പെട്രോള്‍, ഡീസല്‍, മണ്ണെണ്ണ, വിമാന ഇന്ധനം എന്നിവക്ക് നിലവില്‍ ക്ഷാമമില്ലെന്നും എല്‍പിജി ഉല്‍പ്പാദനം കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ 28 ശതമാനം വര്‍ധിപ്പിച്ചതായും മന്ത്രി അറിയിച്ചു. ബഹളം തുടര്‍ന്നതോടെ പ്രതിപക്ഷം മര്യാദ പാലിക്കണമെന്നും സഭയുടെ മാന്യതക്ക് ചേര്‍ന്നതല്ല ഇതെന്നും സ്പീക്കര്‍ പറഞ്ഞു.

Tags:    

Writer - ശരത് ലാൽ തയ്യിൽ

Chief Web Journalist

Editor - ശരത് ലാൽ തയ്യിൽ

Chief Web Journalist

By - Web Desk

contributor

Similar News