ചോദ്യം ചെയ്യലിന് ഹാജരായില്ല; ആശിഷ് മിശ്രയുടെ വീടിന് മുന്നില്‍ വീണ്ടും നോട്ടീസ് പതിച്ചു

നാളെ രാവിലെ പതിനൊന്ന് മണിക്ക് ക്രൈംബ്രാഞ്ച് ഓഫീസില്‍ എത്തണമെന്നാണ് നിര്‍ദേശം.

Update: 2021-10-08 10:18 GMT
Editor : abs | By : Web Desk
Advertising

ലഖിംപൂര്‍ കേസില്‍ കേന്ദ്ര അഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ മകന്‍ ആശിഷ് മിശ്രയ്‌ക്കെതിരെ വീണ്ടും നോട്ടീസ്. നാളെ രാവിലെ പതിനൊന്ന് മണിക്ക് ക്രൈംബ്രാഞ്ച് ഓഫീസില്‍ എത്തണമെന്ന നിര്‍ദേശമുള്ള നോട്ടീസ് ആണ് വീടിനു മുന്നില്‍ വീണ്ടും  പതിച്ചത്.  ഇന്ന് രാവിലെ പത്തു മണിക്ക് ഹാജരാകണമെന്ന് കാണിച്ച് നേരത്തെ നോട്ടീസ് പതിച്ചിരുന്നു. ഇന്ന് രാവിലെ ഐജിയടക്കമുള്ളവര്‍ പൊലീസ് സ്‌റ്റേഷനില്‍ എത്തിയിരുന്നെങ്കിലും അശിഷ് മിശ്ര ഹാജരായില്ല. നാളെ രാവിലെ പതിനൊന്ന് മണിക്ക് പോലിസ് സ്‌റ്റേഷനില്‍ എത്താമെന്ന് ആശിഷ് മിശ്രയുടെ അഭിഭാഷകന്‍ ഉദ്യോഗസ്ഥരെ അറിയിച്ചു. ഇതോടെയാണ് പൊലീസ് അശിഷ് മിശ്രയുടെ വീട്ടിലെത്തി നോട്ടീസ് പതിച്ചത്. 

അന്വേഷണം നടക്കുന്നുണ്ടെങ്കിലും ആശിഷ് മിശ്രയെ ചോദ്യം ചെയ്യാത്തതില്‍ ഇന്നലെ സുപ്രിം കോടതി അന്വേഷണ സംഘത്തെ വിമര്‍ശിച്ചിരുന്നു. ഇതിനു പിന്നാലെയാണ് 302 വകുപ്പ് ചുമത്തി ഇന്നലെ രാത്രി രണ്ടു പേരെ അറസ്റ്റ് ചെയ്തത്. ഇനിയും ആശിഷ് മിശ്ര ഹാജരായില്ലെങ്കില്‍ അറസ്റ്റ് അടക്കമുള്ള നടപടികളിലേക്ക് അന്വേഷണ ഉദ്യോഗസ്ഥര്‍ നീങ്ങും എന്ന സൂചനകളുണ്ട്.

ഉത്തര്‍പ്രദേശിലെ ലഖിംപൂര്‍ ഖേരിയില്‍ കര്‍ഷകസമരത്തിനിടെയുണ്ടായ സംഘര്‍ഷത്തില്‍ എട്ടുപേരാണ് മരിച്ചത്. നിരവധി പേര്‍ക്ക് പരിക്കേറ്റു. സമരക്കാര്‍ക്കിടയിലേക്ക് വാഹനം ഇടിച്ചുകയറ്റിയതിനെത്തുടര്‍ന്ന് രണ്ടുപേര്‍ സ്ഥലത്തുവെച്ചും രണ്ടുപേര്‍ പിന്നീടും മരിച്ചു. കേന്ദ്ര അഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ മകന്‍ ആശിഷ് മിശ്രയും സംഘവുമാണ് വാഹനത്തില്‍ ഉണ്ടായിരുന്നതെന്ന് കര്‍ഷകര്‍ ആരോപിച്ചിരുന്നു. തുടര്‍ന്ന് യുപി പൊലീസ് ആശിഷ് മിശ്രയ്‌ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കുകയായിരുന്നു.

Tags:    

Writer - അലി കൂട്ടായി

contributor

Editor - abs

contributor

By - Web Desk

contributor

Similar News