മോശം സമീപനമുണ്ടായാൽ ഇന്ത്യ തിരിച്ചടിക്കും: താലിബാന് മുന്നറിയിപ്പ്

താലിബാൻ അഫ്ഗാൻ പിടിച്ചെടുക്കുമെന്ന് പ്രതീക്ഷിച്ചിരുന്നതാണെന്ന് സൈനിക മേധാവി ബിപിൻ റാവത്ത്

Update: 2021-08-25 12:15 GMT

താലിബാന്‍റെ ഭാഗത്ത് നിന്ന് മോശം സമീപനം ഉണ്ടായാൽ ഭീകരവാദത്തെ നേരിടുന്ന അതേ രീതിയിൽ ഇന്ത്യ മറുപടി നൽകുമെന്ന് സംയുക്ത സൈനിക മേധാവി ബിപിൻ റാവത്ത്. 20 വര്‍ഷമായി താലിബാന് ഒരു മാറ്റവുമില്ല. താലിബാൻ അഫ്ഗാൻ പിടിച്ചെടുക്കുമെന്ന് പ്രതീക്ഷിച്ചിരുന്നതാണെന്നും ബിപിൻ റാവത്ത് വ്യക്തമാക്കി.

ഒബ്സർവർ റിസർച്ച് ഫൗണ്ടേഷൻ (ഒആർഎഫ്) സംഘടിപ്പിച്ച ചര്‍ച്ചയില്‍ പങ്കെടുക്കുകയായിരുന്നു ബിപിന്‍ റാവത്ത്. മേഖലയിൽ ഭീകരവിമുക്തമായ അന്തരീക്ഷം ഉറപ്പാക്കാൻ ഇന്ത്യ പ്രതിജ്ഞാബദ്ധമാണെന്ന് ബിപിന്‍ റാവത്ത് പറഞ്ഞു. ഭീകരവാദികളെ തിരിച്ചറിയുന്നതിലും തീവ്രവാദത്തിനെതിരായ ആഗോള യുദ്ധത്തില്‍ ചില വിവരങ്ങൾ ലഭിക്കുന്നതിലും ക്വാഡ് രാജ്യങ്ങളിൽ നിന്ന് പിന്തുണ ലഭിക്കുമെങ്കിൽ സ്വാഗതം ചെയ്യുമെന്നും ബിപിന്‍ റാവത്ത് പറഞ്ഞു. ഇന്ത്യ, അമേരിക്ക, ജപ്പാന്‍, ആസ്ട്രേലിയ എന്നീ രാജ്യങ്ങള്‍ ഉള്‍പ്പെടുന്നതാണ് ക്വാഡ് രാജ്യങ്ങള്‍.

Advertising
Advertising

കഴിഞ്ഞ 20 വർഷമായി താലിബാൻ മാറിയിട്ടില്ല. അവരുടെ പങ്കാളികള്‍ മാത്രമാണ് മാറിയത്. അവിടെ നിന്ന് വന്ന പ്രവാസികളും റിപ്പോര്‍ട്ടുകളുമെല്ലാം താലിബാൻ ഏതുതരം പ്രവർത്തനങ്ങളാണ് നടത്തുന്നതെന്ന് നമ്മളോട് പറയുന്നുവെന്നും ജനറല്‍ റാവത്ത് വിശദീകരിച്ചു.

ഈ മാസം 31നകം സേനാ പിന്‍മാറ്റം പൂര്‍ത്തിയാക്കുമെന്ന് അമേരിക്ക

അതേസമയം അഫ്ഗാനില്‍ നിന്ന് ഈ മാസം 31നകം സേനാ പിന്‍മാറ്റം പൂര്‍ത്തിയാക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ വ്യക്തമാക്കി. അടിയന്തര പദ്ധതിക്ക് ബൈഡന്‍ നിര്‍ദേശം നല്‍കി. ബ്രിട്ടന്‍, ജര്‍മനി തുടങ്ങിയ രാജ്യങ്ങള്‍ അമേരിക്കന്‍ സേന ഉടന്‍ പിന്‍മാറരുതെന്ന് ആവശ്യപ്പെട്ടിരുന്നു.

അതേസമയം അഫ്ഗാന്‍ പൗരന്‍മാര്‍ രാജ്യം വിട്ടുപോകേണ്ടതില്ലെന്ന് താലിബാന്‍ അറിയിച്ചു. ഡോക്ടര്‍മാര്‍, എന്‍ജിനീയര്‍മാര്‍ അടക്കമുളള അഫ്ഗാന്‍ പ്രഫഷനലുകളെ രാജ്യത്തിനു പുറത്തേക്കു കൊണ്ടുപോകരുതെന്ന് അമേരിക്കയോട് താലിബാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കൃത്യമായ സുരക്ഷ ഒരുക്കുന്നത് വരെ സ്ത്രീകള്‍ ജോലിക്ക് പോകരുതെന്ന നിര്‍ദേശവും താലിബാന്‍ നല്‍കി.

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News