എ.ആർ റഹ്മാന് ആ പേര് നൽകിയത് ഒരു ജ്യോത്സ്യൻ; പേരുമാറ്റം ഇസ്‌ലാം സ്വീകരിക്കുംമുമ്പ്‌

ദിലീപ് കുമാർ എന്നായിരുന്നു ഓസ്കാർ ജേതാവായ എ.ആർ റഹ്മാൻ ആദ്യത്തെ പേര്.

Update: 2025-12-12 13:58 GMT

ചെന്നൈ: ആരെയും വിസ്മയിപ്പിക്കുന്ന കഴിവും ശബ്ദ ​മാധുര്യവും കൊണ്ട്​ ലോക സംഗീതത്തിന്‍റെ നെറുകയിൽ എത്തിയ സംഗീത മാന്ത്രികനാണ് എ.ആർ റഹ്മാൻ. ഏകദേശം നാലുപതിറ്റാണ്ടുകൾക്ക് മുമ്പാണ് അദ്ദേഹവും കുടുംബവും ഇസ്​ലാം സ്വീകരിക്കുന്നത്​. എന്നാൽ, അദ്ദേഹം എ.ആർ റഹ്മാൻ ആ പേരിലേക്കെത്തിയത് ഇസ്‌ലാം സ്വീകരിക്കുന്നതിനുംമുമ്പാണ്. മാത്രമല്ല, ആ പേര് സ്വന്തമായി തിരഞ്ഞെടുത്തതും ആയിരുന്നില്ല.

ദിലീപ് കുമാർ എന്നായിരുന്നു ഓസ്കാർ ജേതാവായ എ.ആർ റഹ്മാൻ ആദ്യത്തെ പേര്. പിതാവിന്റെ മരണശേഷമാണ് റഹ്മാനും കുടുംബവും മതം മാറിയത്. കാരണം, അച്ഛന്റെ മരണശേഷമാണ് തനിക്ക് ആത്മീയവും വ്യക്തിപരവുമായ പരിവർത്തനമുണ്ടായതെന്ന് റഹ്മാൻ പറയുന്നു. അതായിരുന്നു തന്റെ ജീവിതത്തിലെ വഴിത്തിരിവെന്നും അദ്ദേഹം വെളിപ്പെടുത്തിയിട്ടുണ്ട്. എന്നാൽ മുസ്‌ലിമാകുന്നതിന്‌ മുമ്പു തന്നെ എ.ആർ റഹ്മാൻ എന്ന പേര് സ്വീകരിച്ചതിന് പിന്നിൽ പ്രവർത്തിച്ചത് ഒരു ജ്യോത്സ്യനാണ്. അദ്ദേഹമാണ് 'റഹ്മാൻ' എന്ന പേര് നിർദേശിച്ചത്.

Advertising
Advertising

'ദിലീപ് എന്ന പേര് എനിക്കിഷ്ടമില്ലായിരുന്നു. പേരിനോടുള്ള കുഴപ്പമല്ല. പക്ഷേ അത് എന്റെ രൂപവുമായി തീരെ യോജിച്ചുപോവില്ല'- ഒരു അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു. 'സൂഫിസത്തിന്റെ പാതയിലേക്കുള്ള ഞങ്ങളുടെ യാത്ര ആരംഭിക്കുന്നതിന് കുറച്ചുനാൾ മുമ്പ്, അനുജത്തിയുടെ വിവാഹവുമായി ബന്ധപ്പെട്ട് അവളുടെ ജാതകം കാണിക്കാൻ അമ്മ ഞങ്ങളേയും കൊണ്ട് ഒരു ജ്യോതിഷിയെ കാണാൻ പോയി'.

'എന്റെ പേര് മാറ്റാൻ ഞാൻ ആഗ്രഹിച്ച അതേ സമയമായിരുന്നു അത്. ജ്യോതിഷി എന്നെ നോക്കി പറഞ്ഞു. 'ഈ പയ്യൻ വളരെ രസികനാണല്ലോ'. അദ്ദേഹം ഞാൻ പേരുമാറ്റാൻ ആഗ്രഹിക്കുന്ന കാര്യം എങ്ങനെയോ തിരിച്ചറിഞ്ഞിരുന്നു. അങ്ങനെ അദ്ദേഹം രണ്ട് പേരുകൾ പറഞ്ഞു- അബ്ദുൽ റഹ്മാൻ, അബ്ദുൽ റഹീം. ഇതിൽ അബ്ദുൽ റഹ്മാൻ എന്ന പേര് എനിക്ക് വളരെയേറെ ഇഷ്ടപ്പെട്ടു. ഹിന്ദു ജ്യോതിഷിയാണ് എനിക്ക് മുസ്‌ലിം പേര് തന്നത്. അതാണ് ഏറ്റവും കൗതുകകരവും'- അദ്ദേഹം വിശദമാക്കി.

എന്നാൽ എ.ആർ എന്ന 'അല്ലാ രഖാ' തിരഞ്ഞെടുത്തത് തന്റെ അമ്മയാണെന്നും റഹ്മാൻ പറയുന്നു. 1980കളുടെ അവസാനത്തിലാണ് റഹ്മാനും കുടുംബവും ഇസ്​ലാം സ്വീകരിക്കുന്നത്​. അതിന് തന്നെ പ്രേരിപ്പിച്ച കാര്യങ്ങളെക്കുറിച്ച് നസ്രീൻ മുന്നി കബീർ രചിച്ച ‘എ.ആർ റഹ്മാൻ: ദി സ്പിരിറ്റ് ഓഫ് മ്യൂസിക്’ എന്ന പുസ്തകത്തിൽ അദ്ദേഹം വെളിപ്പെടുത്തിയിരുന്നു. അർബുദ ബാധിതനായ പിതാവ്​ ആർ.കെ ശേഖർ അവസാന നാളുകളിൽ കടുത്ത പ്രയാസങ്ങൾ അനുഭവിച്ചിരുന്നു. അദ്ദേഹത്തെ ചികിത്സിച്ചിരുന്ന ഒരു സൂഫിയുണ്ടായിരുന്നുവെന്നും താനും കുടുംബവും ആ സൂഫിയെ കണ്ടുമുട്ടിയ ശേഷമാണ് ഇസ്‌ലാം സ്വീകരിക്കാൻ തീരുമാനിച്ചതെന്നും റഹ്​മാൻ വ്യക്തമാക്കി.

‘അച്ഛൻ മരിക്കുന്നതിന് ദിവസങ്ങൾക്ക് മുമ്പ്, അവസാന ഘട്ടത്തിൽ, അദ്ദേഹത്തെ ചികിത്സിക്കുന്ന ഒരു സൂഫി ഉണ്ടായിരുന്നു. 7-8 വർഷത്തിന് ശേഷം ഞങ്ങൾ അദ്ദേഹത്തെ കണ്ടുമുട്ടി, അപ്പോഴാണ് ഞങ്ങൾക്ക് സമാധാനം നൽകുന്ന മറ്റൊരു ആത്മീയ പാത തുറന്നത്’- റഹ്‌മാൻ വെളിപ്പെടുത്തി. ജീവിതത്തിലെ മറ്റൊരു വഴിത്തിരിവായ ഹിന്ദി പഠനത്തെക്കുറിച്ചും ഈയിടെ റഹ്മാൻ തുറന്നുപറഞ്ഞിരുന്നു. 'ആദ്യമൊന്നും ഹിന്ദി അറിയില്ലായിരുന്നു. ഞാൻ ചെയ്ത ചില തമിഴ് ഗാനങ്ങൾ വിവർത്തനം ചെയ്ത് കേട്ടപ്പോൾ ഒരു സുഖം തോന്നിയില്ല. അങ്ങനെയാണ് ഹിന്ദി പഠിക്കാൻ തീരുമാനിച്ചത്'- റഹ്മാൻ മനസ് തുറന്നു.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News