ലഹരി ഉപയോ​ഗിച്ചും വിൽപനയ്ക്കിടെയും മരിക്കുന്നവരുടെ മൃതദേഹം സംസ്കരിക്കില്ല; തീരുമാനവുമായി അസമിലെ ഖബർസ്ഥാൻ കമ്മിറ്റി

മയക്കുമരുന്ന് വിപത്തിനെതിരായ പോരാട്ടത്തിന്റെ ഭാ​ഗമായാണ് കമ്മിറ്റി ഇത്തരമൊരു തീരുമാനമെടുത്തത്.

Update: 2023-05-19 12:33 GMT
Advertising

ദിസ്പൂർ: മയക്കുമരുന്ന് ഉപയോഗം മൂലമോ നിയമവിരുദ്ധ മയക്കുമരുന്ന് വ്യാപാരത്തിൽ ഏർപ്പെട്ടോ മരണമടഞ്ഞ ആളുകളുടെ മൃതദേഹം സംസ്കരിക്കില്ലെന്നും ചടങ്ങിൽ പങ്കെടുക്കേണ്ടതില്ലെന്നും തീരുമാനിച്ച് അസമിലെ ഒരു ഖബർസ്ഥാൻ കമ്മിറ്റി. മധ്യ അസമിലെ മോറിഗാവ് ജില്ലയിലെ മൊയ്‌രാബാരി ഖബർസ്ഥാൻ കമ്മിറ്റിയാണ് മയക്കുമരുന്ന് വിപത്തിനെതിരായ പോരാട്ടത്തിന്റെ ഭാ​ഗമായി ഇത്തരമൊരു തീരുമാനമെടുത്തത്.

മയക്കുമരുന്ന് ഭീഷണിയെ നേരിടാനുള്ള ശ്രമവുമായി ബന്ധപ്പെട്ടാണ് തീരുമാനം. അടുത്തിടെ നടന്ന ഖബർസ്ഥാൻ കമ്മിറ്റി യോഗത്തിലാണ് തീരുമാനമെടുത്തതെന്നാണ് റിപ്പോർട്ടുകൾ. മയക്കുമരുന്ന് ഭീഷണിയെക്കുറിച്ച് പൊതുജനങ്ങളെ ബോധവത്കരിക്കാനാണ് ഇത്തരമൊരു തീരുമാനമെന്ന് മൊയ്‌രാബാരി ടൗൺ ഖബർസ്ഥാൻ കമ്മിറ്റി പ്രസിഡന്റ് മെഹബൂബ് മുക്താർ പറഞ്ഞു.

“മയക്കുമരുന്ന് കഴിച്ച് മരിക്കുന്നവരുടെയോ നിയമവിരുദ്ധ മയക്കുമരുന്ന് വ്യാപാരത്തിൽ ഏർപ്പെട്ടിരിക്കുന്നവരുടെയോ മൃതദേഹം ഈ ഖബർസ്ഥാനിൽ സംസ്‌കരിക്കാൻ അനുവദിക്കില്ലെന്ന് മോറിഗാവ് ജില്ലയിലെ മൊയ്‌രാബാരി ടൗൺ ഖബർസ്ഥാൻ കമ്മിറ്റി ധീരമായ തീരുമാനമെടുത്തിരിക്കുകയാണ്. ഞങ്ങളുടെ പ്രദേശത്തെ മയക്കുമരുന്ന് ഭീഷണിക്കെതിരെ പോരാടാനാണ് ഞങ്ങൾ ഈ തീരുമാനം എടുത്തിരിക്കുന്നത്“- മെഹബൂബ് മുക്താർ പറഞ്ഞു.

തന്റെ പ്രദേശത്തെ നിരവധി യുവാക്കൾ അനധികൃത മയക്കുമരുന്ന് വ്യാപാരത്തിൽ ഏർപ്പെട്ടിട്ടുണ്ടെന്നും നിരവധി കുട്ടികൾ മയക്കുമരുന്നിന് അടിമകളായിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, കഴിഞ്ഞ രണ്ട് വർഷത്തിനിടെ, സംസ്ഥാന സർക്കാർ മയക്കുമരുന്നിനെതിരെ ശക്തമായ പോരാട്ടം നടത്തിയതായും 9,309 പേരെ അറസ്റ്റ് ചെയ്തതായും 1,430 കോടി രൂപയുടെ മയക്കുമരുന്ന് പിടിച്ചെടുത്തതായും ഖബർസ്ഥാൻ കമ്മിറ്റിയുടെ തീരുമാനത്തോട് പ്രതികരിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ പറഞ്ഞു. 420 ഏക്കർ കഞ്ചാവും കറുപ്പും നശിപ്പിച്ചതായും മുഖ്യമന്ത്രി അദ്ദേഹം കൂട്ടിച്ചേർത്തു.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News