പിറന്നാൾ ആഘോഷത്തിനിടെ ലവ് ജിഹാദ് ആരോപിച്ച് ബജറംഗ് ദൾ ആക്രമണം; ആഘോഷത്തിൽ പങ്കെടുത്ത മുസ്‌ലിം യുവാക്കൾക്കെതിരെ പിഴ ചുമത്തി യുപി പൊലീസ്

ആക്രമണം നടത്തിയ ബജറംഗ് ദൾ പ്രവർത്തകർക്കെതിരേയും കേസെടുത്തിട്ടുണ്ട്

Update: 2025-12-30 07:05 GMT

ലഖ്‌നൗ: പിറന്നാൾ ആഘോഷത്തിനിടെ ലവ് ജിഹാദ് ആരോപിച്ച് ബജറംഗ്ദൾ പ്രവർത്തകരുടെ ആക്രമണം. ഉത്തർപ്രദേശ് ബറേലി ജില്ലയിലെ കഫേയിലാണ് സംഭവം. ആക്രമണം നടത്തിയ 25 ബജറംഗ്ദൾ പ്രവർത്തകർക്കെതിരെ കേസെടുത്ത പൊലീസ് പിറന്നാൾ ആഘോഷത്തിൽ പങ്കെടുത്ത രണ്ട് മുസ്‌ലിം ചെറുപ്പക്കാർക്ക് പിഴയും ചുമത്തി. സമാധാനം തകർക്കുന്ന നടപടി എന്ന് പറഞ്ഞ് കഫേ ഉടമസ്ഥനെതിരേയും പിഴ ചുമത്തിയിട്ടുണ്ട്.

ഡിസംബർ 27 ന് ഉച്ചക്ക് രണ്ട് മണിയോടെ സംഭവം . നഴ്‌സിങ് വിദ്യാർഥിയും സുഹൃത്തുക്കളുമാണ് പിറന്നാൾ ആഘോഷിക്കാൻ കഫേയിലേക്ക് എത്തിയത്. അതിന് പിന്നാലെ റിഷഭ്, ദീപക്ക് എന്നിവരുടെ നേതൃത്വത്തിൽ 25 സംഘം കഫേയിൽ എത്തി പ്രശ്‌നങ്ങൾ ഉണ്ടാക്കുകയായിരുന്നു. സംഭവം അറിഞ്ഞ് പൊലീസ് എത്തി രംഗം ശാന്തമാക്കി. ബജറംഗ് ദൾ പ്രവർത്തകർ കഫേക്ക് ഉള്ളിൽ പ്രശ്‌നങ്ങൾ സൃഷ്ടിക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. വിവരം അറിഞ്ഞപ്പോൾ തന്നെ പൊലീസ് എത്തി രംഗം ശാന്തമാക്കിയെന്ന് പൊലീസ് സർക്കിൾ ഇൻസ്‌പെക്ടർ അശുതോഷ് ശിവം പറഞ്ഞു.

പിറന്നാൾ ആഘോഷത്തിൽ പങ്കെടുത്ത ഷാൻ, വാഹിബ്, കഫേ ഉടമ ശൈലേന്ദ്ര എന്നിവരെ പൊലീസ് കസ്റ്റഡിയിൽ എടുത്തെങ്കിലും പിന്നീട് സ്വന്തം ജാമ്യത്തിൽ വിടുകയായിരുന്നുവെന്ന് പൊലീസ് അധികൃതർ പറഞ്ഞു. അതേസമയം, ദീപക്കിനും റിഷഭിനും ബജറംഗ്ദള്ളുമായി ബന്ധമില്ലെന്ന് ബറേലി കോർഡിനേറ്റർ ആര്യൻ ചൗധരി അവകാശപ്പെട്ടു. സ്വയം പ്രഖ്യാപിത ഗോ രക്ഷ സേനക്കാർ എന്നാണ് എഫ്‌ഐആറിൽ ഇവരെ വിശേഷിപ്പിച്ചിരുന്നത്. ലവ് ജിഹാദ് ആരോപിച്ചുള്ള നിരവധി ആക്രമണങ്ങൾക്ക് നേതൃത്വം നൽകിയവരാണ് ദീപക്കും റിഷഭും. 

Tags:    

Writer - ശരത് ഓങ്ങല്ലൂർ

contributor

Editor - ശരത് ഓങ്ങല്ലൂർ

contributor

By - Web Desk

contributor

Similar News