കർണാടകയിൽ മൂന്നാംഘട്ട സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ച് ബിജെപി

കോൺ​ഗ്രസിൽ ചേർന്ന മുൻ മുഖ്യമന്ത്രി ജഗദീഷ് ഷെട്ടാറിനെതിരെ ഹുബ്ബള്ളി- ധർവാഡിൽ മഹേഷ് തെങ്കിനാ​കൈ സ്ഥാനാർഥിയാകും.

Update: 2023-04-17 14:44 GMT

ബെം​ഗളൂരു: കർണാടക നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി മൂന്നാംഘട്ട സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ചു. 10 മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാർഥികളെയാണ് ഇന്ന് പ്രഖ്യാപിച്ചത്. പാർട്ടി വിട്ട് കോൺ​ഗ്രസിൽ ചേർന്ന മുൻ മുഖ്യമന്ത്രി ജഗദീഷ് ഷെട്ടാറിനെതിരെ ഹുബ്ബള്ളി- ധർവാഡിൽ മഹേഷ് തെങ്കിനാ​കൈ സ്ഥാനാർഥിയാകും.

ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറിയാണ് തെങ്കിനാ​കൈ. മഹാദേവപുരയിൽ മുതിർന്ന നേതാവ് അരവിന്ദ് ലിംബാവാലെയുടെ ഭാര്യ മഞ്ജുള അരവിന്ദ് ലിംബാവാലയ്ക്കാണ് സീറ്റ് നൽകിയത്. നഗ്തൻ മണ്ഡലത്തിൽ സഞ്ജീവ് ഐഹോളെ, സേദം മണ്ഡലത്തിൽ രാജ്കുമാർ പാട്ടീൽ, കൊപ്പൽ മണ്ഡലത്തിൽ മഞ്ജുള അമരേഷ്, റോനിൽ കലകപ്പ ബന്ദി എന്നിവർ സ്ഥാനാർഥികളാവും.

Advertising
Advertising

ഹാഗരി ബൊമ്മനഹള്ളിയിൽ ബി രാമണ്ണയും ഹെബ്ബാലിൽ കട്ട ജഗദീഷും ഗോവിന്ദ്‌രാജ് നഗറിൽ ഉമേഷ് ഷെട്ടിയും കൃഷ്ണരാജ മണ്ഡലത്തിൽ ശ്രീവാസ്തവയും സ്ഥാനാർഥികളാവും. ‌‌നേരത്തെ, ഏപ്രിൽ 13ന് ബിജെപി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി നിശ്ചയിച്ച രണ്ടാം ഘട്ട സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ചിരുന്നു. 23 സ്ഥാനാര്‍ഥികളാണ് ഇതിലുണ്ടായിരുന്നത്.

ബിജെപിക്ക് കനത്ത തിരിച്ചടിയായാണ് മുൻ ബിജെപി മുഖ്യമന്ത്രിയും മുതിർന്ന നേതാവുമായ ജഗദീഷ് ഷെട്ടാർ കോൺഗ്രസിൽ ചേർന്നത്. ബിജെപി സീറ്റ് നിഷേധിച്ചതിനെ തുടർന്ന് അദ്ദേഹം കഴിഞ്ഞ ദിവസം എം.എൽ.എ സ്ഥാനം രാജിവെച്ചിരുന്നു. ഇന്ന് രാവിലെ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ സാന്നിധ്യത്തിൽ വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിലാണ് ഷെട്ടാർ കോൺഗ്രസിൽ ചേർന്നതായി പ്രഖ്യാപിച്ചത്.

ഷെട്ടാറിനെ പിന്തിരിപ്പിക്കാൻ ബിജെപി ദേശീയ നേതൃത്വം തന്നെ രംഗത്തു വന്നിരുന്നു. മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ, കർണാടക തെരഞ്ഞെടുപ്പിന്റെ ചുമതലയുള്ള ധർമേന്ദ്ര പ്രധാൻ, കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി തുടങ്ങിയവർ ശനിയാഴ്ച രാത്രി ഷെട്ടാറുമായി ചർച്ച നടത്തിയിരുന്നു. എന്നാൽ കാര്യമുണ്ടായില്ല. ഉപാധികളില്ലാതെയാണ് താൻ കോൺ​ഗ്രസിൽ ചേർന്നതെന്ന് ഷെട്ടാർ പറഞ്ഞിരുന്നു.

224 സീറ്റുകളിൽ 189 സീറ്റുകളിലേക്കുള്ള സ്ഥാനാർഥികളുടെ ആദ്യ പട്ടിക നേരത്തെ ബിജെപി പുറത്തിറക്കിയിരുന്നു. മെയ് 10 ന് ഒറ്റ ഘട്ടമായാണ് കർണാടക നിയമസഭ തെരഞ്ഞെടുപ്പ് നടക്കുക. മെയ് 13 നാണ് വോട്ടെണ്ണൽ.





Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News