11ാം ക്ലാസുകാരനെ കൊന്ന് കിണറ്റിൽ തള്ളി സഹപാഠികൾ; മൃതദേഹം കണ്ടെത്തിയത് ആറ് ദിവസത്തിന് ശേഷം

കുട്ടിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതാണെന്നാണ് പൊലീസ് സംശയിക്കുന്നത്.

Update: 2024-01-12 16:04 GMT
Advertising

റാഞ്ചി: 11ാം ക്ലാസ് വിദ്യാർഥിയെ കൊന്ന് കിണറ്റിൽ തള്ളി സഹപാഠികൾ. ദിവസങ്ങൾക്ക് മുമ്പ് കാണാതായ കുട്ടിയുടെ മൃതദേഹം ആറ് ദിവസത്തിന് ശേഷം വെള്ളിയാഴ്ച കണ്ടെത്തിയതോടെയാണ് കൊലപാതകവിവരം പുറത്തുവരുന്നത്. ജാർഖണ്ഡിലെ ഹസാരിബാഗ് ജില്ലയിലെ ഇചക് പ്രദേശത്താണ് സംഭവം.

പ്രദേശത്തെ ഒരു പ്രമുഖ ഇം​ഗ്ലീഷ് മീഡിയം സ്കൂളിലെ വിദ്യാർഥിയായ കുട്ടിയെ, വാക്കുതർക്കത്തിനിടെയാണ് സഹപാഠികൾ വകവരുത്തിയത്. തുടർന്ന് കിണറ്റിൽ തള്ളുകയായിരുന്നു.

ജനുവരി ആറിന് തർക്കം പരിഹരിക്കാൻ സഹപാഠികളിൽ ചിലർക്കൊപ്പം വിദ്യാർഥി പുറത്തുപോയെങ്കിലും വീട്ടിൽ തിരിച്ചെത്തിയില്ലെന്ന് കോറ പൊലീസ് സ്റ്റേഷന്റെ ചുമതലയുള്ള ഓഫീസർ നിഷി കുമാരി പറഞ്ഞു.

തുടർന്ന് കുടുംബം പൊലീസിൽ പരാതി നൽകി. അന്വേഷണം ആരംഭിച്ച പൊലീസ് ആറ് ദിവസത്തിനു ശേഷം വിദ്യാർഥിയുടെ മൃതദേഹം പ്രദേശത്തെ ഒരു കിണറ്റിൽ നിന്നും കണ്ടെടുക്കുകയായിരുന്നു. മാതാപിതാക്കൾ മൃതദേഹം തിരിച്ചറിഞ്ഞു.

കുട്ടിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതാണെന്ന് സംശയിക്കുന്നുണ്ടെങ്കിലും യഥാർഥ മരണകാരണം പോസ്റ്റ്‌മോർട്ടത്തിന് ശേഷമേ വ്യക്തമാകൂ. അന്വേഷണത്തെ തെറ്റിദ്ധരിപ്പിക്കാനാണ് മൃതദേഹം കിണറ്റിൽ തള്ളിയതെന്നും പൊലീസ് ഉദ്യോ​ഗസ്ഥ കൂട്ടിച്ചേർത്തു.

കൊലപാതകവുമായി ബന്ധപ്പെട്ട് സഹപാഠികളിൽ രണ്ട് പേർ അറസ്റ്റിലായി. മറ്റുള്ളവർക്കായി തെരച്ചിൽ ഊർജിതമാണെന്നും പൊലീസ് അറിയിച്ചു. 

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News